2 ശമൂവേൽ 13:23-35
2 ശമൂവേൽ 13:23-35 MALOVBSI
രണ്ടു സംവത്സരം കഴിഞ്ഞശേഷം അബ്ശാലോമിന് എഫ്രയീമിനു സമീപത്തുള്ള ബാൽഹാസോരിൽ ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരം ഉണ്ടായിരുന്നു; അബ്ശാലോം രാജകുമാരന്മാരെയൊക്കെയും ക്ഷണിച്ചു. അബ്ശാലോം രാജാവിന്റെ അടുക്കലും ചെന്നു: അടിയന് ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരം ഉണ്ട്; രാജാവും ഭൃത്യന്മാരും അടിയനോടുകൂടെ വരേണമേ എന്നപേക്ഷിച്ചു. രാജാവ് അബ്ശാലോമിനോട്: വേണ്ട മകനേ, ഞങ്ങൾ എല്ലാവരും വന്നാൽ നിനക്കു ഭാരമാകും എന്നു പറഞ്ഞു. അവൻ അവനെ നിർബന്ധിച്ചിട്ടും പോകുവാൻ മനസ്സാകാതെ അവൻ അവനെ അനുഗ്രഹിച്ചു. അപ്പോൾ അബ്ശാലോം: അങ്ങനെയെങ്കിൽ എന്റെ സഹോദരൻ അമ്നോൻ ഞങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു. രാജാവ് അവനോട്: അവൻ പോരുന്നത് എന്തിന് എന്നു പറഞ്ഞു. എങ്കിലും അബ്ശാലോം നിർബന്ധിച്ചപ്പോൾ അവൻ അമ്നോനെയും രാജകുമാരന്മാരെയൊക്കെയും അവനോടുകൂടെ അയച്ചു. എന്നാൽ അബ്ശാലോം തന്റെ ബാല്യക്കാരോട്: നോക്കിക്കൊൾവിൻ; അമ്നോൻ വീഞ്ഞുകുടിച്ച് ആനന്ദിച്ചിരിക്കുന്നേരം ഞാൻ നിങ്ങളോട്: അമ്നോനെ അടിച്ചുകൊല്ലുവിൻ എന്നു പറയുമ്പോൾ നിങ്ങൾ അവനെ കൊല്ലുവിൻ; ഭയപ്പെടരുത്; ഞാനല്ലയോ നിങ്ങളോടു കല്പിച്ചത്? നിങ്ങൾ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിൻ എന്നു കല്പിച്ചു. അബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്റെ ബാല്യക്കാർ അമ്നോനോടു ചെയ്തു. അപ്പോൾ രാജകുമാരന്മാരൊക്കെയും എഴുന്നേറ്റു താന്താന്റെ കോവർകഴുതപ്പുറത്തു കയറി ഓടിപ്പോയി. അവർ വഴിയിൽ ആയിരിക്കുമ്പോൾ തന്നെ: അബ്ശാലോം രാജകുമാരന്മാരെയൊക്കെയും കൊന്നുകളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല എന്നു ദാവീദിനു വർത്തമാനം എത്തി. അപ്പോൾ രാജാവ് എഴുന്നേറ്റു വസ്ത്രം കീറി നിലത്തു കിടന്നു; അവന്റെ സകല ഭൃത്യന്മാരും വസ്ത്രം കീറി അരികെ നിന്നു. എന്നാൽ ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായ യോനാദാബ് പറഞ്ഞത്: അവർ രാജകുമാരന്മാരായ യുവാക്കളെയൊക്കെയും കൊന്നുകളഞ്ഞു എന്നു യജമാനൻ വിചാരിക്കരുത്; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളൂ; തന്റെ സഹോദരിയായ താമാറിനെ അവൻ അവമാനിച്ച നാൾമുതൽ അബ്ശാലോമിന്റെ മുഖത്ത് ഈ നിർണയം കാൺമാൻ ഉണ്ടായിരുന്നു. ആകയാൽ രാജകുമാരന്മാരൊക്കെയും മരിച്ചുപോയി എന്നുള്ള വർത്തമാനം യജമാനനായ രാജാവ് ഗണ്യമാക്കരുതേ; അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളൂ. എന്നാൽ അബ്ശാലോം ഓടിപ്പോയി. കാവൽ നിന്നിരുന്ന ബാല്യക്കാരൻ തല ഉയർത്തി നോക്കിയപ്പോൾ വളരെ ജനം അവന്റെ പിമ്പിലുള്ള മലഞ്ചരിവുവഴിയായി വരുന്നതു കണ്ടു. അപ്പോൾ യോനാദാബ് രാജാവിനോട്: ഇതാ, രാജകുമാരന്മാർ വരുന്നു; അടിയന്റെ വാക്ക് ഒത്തുവല്ലോ എന്നു പറഞ്ഞു.