2 രാജാക്കന്മാർ 8:1-6
2 രാജാക്കന്മാർ 8:1-6 MALOVBSI
അനന്തരം എലീശാ താൻ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീയോട്: നീയും നിന്റെ ഭവനവും പുറപ്പെട്ട് എവിടെയെങ്കിലും പരദേശവാസം ചെയ്തുകൊൾവിൻ; യഹോവ ഒരു ക്ഷാമം വരുത്തുവാൻ പോകുന്നു; അത് ഏഴുസംവത്സരം ദേശത്ത് ഉണ്ടായിരിക്കും എന്നു പറഞ്ഞു. ആ സ്ത്രീ എഴുന്നേറ്റ് ദൈവപുരുഷൻ പറഞ്ഞതുപോലെ ചെയ്തു; അവളും ഭവനവും ഫെലിസ്ത്യദേശത്തു പോയി ഏഴു സംവത്സരം പരദേശവാസം ചെയ്തു. ഏഴു സംവത്സരംകഴിഞ്ഞിട്ട് അവൾ ഫെലിസ്ത്യദേശത്തുനിന്നു മടങ്ങിവന്നു; പിന്നെ അവൾ തന്റെ വീടും നിലവും സംബന്ധിച്ച് രാജാവിനോടു സങ്കടം ബോധിപ്പിപ്പാൻ ചെന്നു. അന്നേരം രാജാവ് ദൈവപുരുഷന്റെ ബാല്യക്കാരനായ ഗേഹസിയോടു സംസാരിക്കയിൽ എലീശാ ചെയ്ത വൻകാര്യങ്ങളൊക്കെയും നീ എന്നോടു വിവരിച്ചു പറക എന്നുകല്പിച്ചു. മരിച്ചുപോയവനെ ജീവിപ്പിച്ച വിവരം അവൻ രാജാവിനെ കേൾപ്പിക്കുമ്പോൾതന്നെ അവൻ മകനെ ജീവിപ്പിച്ചു കൊടുത്തിരുന്ന സ്ത്രീവന്നു തന്റെ വീടും നിലവും സംബന്ധിച്ച് രാജാവിനോട് സങ്കടം ബോധിപ്പിച്ചു. അപ്പോൾ ഗേഹസി: യജമാനനായ രാജാവേ, ഇവൾതന്നെ ആ സ്ത്രീ; എലീശാ ജീവിപ്പിച്ചുകൊടുത്ത മകൻ ഇവൻതന്നെ എന്നു പറഞ്ഞു. രാജാവ് സ്ത്രീയോടു ചോദിച്ചപ്പോൾ അവളും അതു വിവരിച്ചു പറഞ്ഞു. രാജാവ് ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു: അവൾക്കുണ്ടായിരുന്നതൊക്കെയും അവൾ ദേശം വിട്ടുപോയ നാൾമുതൽ ഇതുവരെയുള്ള നിലത്തിന്റെ ആദായവും അവൾക്കു കൊടുപ്പിക്കേണം എന്നു കല്പിച്ചു.