YouVersion Logo
Search Icon

2 കൊരിന്ത്യർ 5:12-21

2 കൊരിന്ത്യർ 5:12-21 MALOVBSI

ഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നെ നിങ്ങളോടു ശ്ലാഘിക്കയല്ല, ഹൃദയം നോക്കിയിട്ടല്ല, മുഖം നോക്കിയിട്ടു പ്രശംസിക്കുന്നവരോട് ഉത്തരം പറവാൻ നിങ്ങൾക്കു വക ഉണ്ടാകേണ്ടതിനു ഞങ്ങളെക്കുറിച്ചു പ്രശംസിപ്പാൻ നിങ്ങൾക്കു കാരണം തരുകയത്രേ ചെയ്യുന്നത്. ഞങ്ങൾ വിവശന്മാർ എന്നു വരികിൽ ദൈവത്തിനും സുബോധമുള്ളവർ എന്നു വരികിൽ നിങ്ങൾക്കും ആകുന്നു. ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു; എല്ലാവർക്കുംവേണ്ടി ഒരുവൻ മരിച്ചിരിക്കെ, എല്ലാവരും മരിച്ചു എന്നും ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കുവേണ്ടി മരിച്ച് ഉയിർത്തവനായിട്ടുതന്നെ ജീവിക്കേണ്ടതിന് അവൻ എല്ലാവർക്കുംവേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണയിച്ചിരിക്കുന്നു. ആകയാൽ ഞങ്ങൾ ഇന്നുമുതൽ ആരെയും ജഡപ്രകാരം അറിയുന്നില്ല; ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞു എങ്കിലും ഇനിമേൽ അങ്ങനെ അറിയുന്നില്ല. ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയത് കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു. അതിനൊക്കെയും ദൈവംതന്നെ കാരണഭൂതൻ; അവൻ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങൾക്കു തന്നിരിക്കുന്നു. ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവിൽ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്റെ വചനം ഞങ്ങളുടെ പക്കൽ ഭരമേല്പിച്ചുമിരിക്കുന്നു. ആകയാൽ ഞങ്ങൾ ക്രിസ്തുവിനുവേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്ന് ക്രിസ്തുവിനു പകരം അപേക്ഷിക്കുന്നു; അത് ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു. പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്, അവൻ നമുക്കുവേണ്ടി പാപം ആക്കി.