YouVersion Logo
Search Icon

2 ദിനവൃത്താന്തം 18:9-26

2 ദിനവൃത്താന്തം 18:9-26 MALOVBSI

യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ചു ശമര്യയുടെ പടിവാതിൽ പ്രവേശനത്തിങ്കൽ ഒരു വിശാലസ്ഥലത്തു താന്താന്റെ സിംഹാസനത്തിൽ ഇരുന്നു; പ്രവാചകന്മാരൊക്കെയും അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു. കെനയനയുടെ മകനായ സിദെക്കീയാവ് തനിക്ക് ഇരുമ്പുകൊണ്ട് കൊമ്പുണ്ടാക്കി: നീ ഇവകൊണ്ട് അരാമ്യരെ അവർ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. പ്രവാചകന്മാരൊക്കെയും അങ്ങനെ തന്നെ പ്രവചിച്ചു: ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാർഥനാകും; യഹോവ അതു രാജാവിന്റെ കൈയിൽ ഏല്പിക്കും എന്നു പറഞ്ഞു. മീഖായാവെ വിളിപ്പാൻ പോയ ദൂതൻ അവനോട്: നോക്കൂ, പ്രവാചകന്മാരുടെ വാക്കുകൾ ഒരുപോലെ രാജാവിനു ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരിൽ ഒരുത്തൻറേതുപോലെ ഇരിക്കട്ടെ; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു. അതിനു മീഖായാവ്: യഹോവയാണ, എന്റെ ദൈവം അരുളിച്ചെയ്യുന്നതു തന്നെ ഞാൻ പ്രസ്താവിക്കും എന്നു പറഞ്ഞു. അവൻ രാജാവിന്റെ അടുക്കൽ വന്നപ്പോൾ രാജാവ് അവനോട്: മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിനു പോകയോ പോകാതിരിക്കയോ എന്തു വേണ്ടൂ എന്നു ചോദിച്ചു. അതിന് അവൻ: പുറപ്പെടുവിൻ; നിങ്ങൾ കൃതാർഥരാകും; അവർ നിങ്ങളുടെ കൈയിൽ ഏല്പിക്കപ്പെടും എന്നു പറഞ്ഞു. രാജാവ് അവനോട്: നീ യഹോവയുടെ നാമത്തിൽ സത്യമല്ലാതെ യാതൊന്നും എന്നോടു പറയരുതെന്ന് എത്ര പ്രാവശ്യം ഞാൻ നിന്നോട് സത്യം ചെയ്തു പറയേണം എന്നു ചോദിച്ചു. അതിന് അവൻ: ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേൽ ഒക്കെയും പർവതങ്ങളിൽ ചിതറിയിരിക്കുന്നത് ഞാൻ കണ്ടു; അപ്പോൾ യഹോവ: ഇവർക്കു നാഥനില്ല; ഇവർ ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു. അപ്പോൾ യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: ഇവൻ എന്നെക്കുറിച്ചു ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ലെന്നു ഞാൻ നിന്നോട് പറഞ്ഞില്ലയോ എന്നു പറഞ്ഞു. അതിന് അവൻ പറഞ്ഞത്: എന്നാൽ യഹോവയുടെ വചനം കേട്ടുകൊൾവിൻ! യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗത്തിലെ സൈന്യം എല്ലാം അവന്റെ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു. യിസ്രായേൽരാജാവായ ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തിൽ പട്ടുപോകേണ്ടതിന് അവനെ ആർ വശീകരിക്കും എന്നു യഹോവ ചോദിച്ചതിന് ഒരുത്തൻ ഇങ്ങനെയും ഒരുത്തൻ അങ്ങനെയും പറഞ്ഞു. എന്നാറെ ഒരു ആത്മാവ് മുമ്പോട്ടുവന്നു യഹോവയുടെ സന്നിധിയിൽ നിന്നു: ഞാൻ അവനെ വശീകരിക്കും എന്നു പറഞ്ഞു. യഹോവ അവനോട്: ഏതിനാൽ എന്നു ചോദിച്ചു. അതിന് അവൻ: ഞാൻ ചെന്ന് അവന്റെ സകല പ്രവാചകന്മാരുടെയും വായിൽ ഭോഷ്കിന്റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും; നിനക്കു സാധിക്കും; നീ ചെന്ന് അങ്ങനെ ചെയ്ക എന്ന് അവൻ കല്പിച്ചു. ആകയാൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ പ്രവാചകന്മാരുടെ വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ച് അനർഥം കല്പിച്ചുമിരിക്കുന്നു. അപ്പോൾ കെനയനയുടെ മകനായ സിദെക്കീയാവ് അടുത്തുചെന്നു മീഖായാവെ ചെകിട്ടത്ത് അടിച്ചു: നിന്നോടു സംസാരിപ്പാൻ യഹോവയുടെ ആത്മാവ് എന്നെ വിട്ട് ഏതു വഴിയായി കടന്നുവന്നു എന്നു ചോദിച്ചു. അതിനു മീഖായാവ്: നീ ഒളിക്കേണ്ടതിന് അറ തേടിനടക്കുന്ന ദിവസത്തിൽ നീ കാണും എന്നു പറഞ്ഞു. അപ്പോൾ യിസ്രായേൽരാജാവ് പറഞ്ഞത്: നിങ്ങൾ മീഖായാവെ പിടിച്ചു നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ കൊണ്ടുചെന്ന്: ഇവനെ കാരാഗൃഹത്തിൽ ആക്കി, ഞാൻ സമാധാനത്തോടെ മടങ്ങിവരുവോളം ഞെരുക്കത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവുംകൊണ്ടു പോഷിപ്പിക്കേണ്ടതിനു രാജാവ് കല്പിച്ചിരിക്കുന്നു എന്നു പറവിൻ.

Free Reading Plans and Devotionals related to 2 ദിനവൃത്താന്തം 18:9-26