YouVersion Logo
Search Icon

2 ദിനവൃത്താന്തം 16:1-9

2 ദിനവൃത്താന്തം 16:1-9 MALOVBSI

ആസായുടെ വാഴ്ചയുടെ മുപ്പത്താറാം ആണ്ടിൽ യിസ്രായേൽരാജാവായ ബയെശ യെഹൂദായ്ക്കു നേരേ വന്നു; യെഹൂദാ രാജാവായ ആസായുടെ അടുക്കൽ വരത്തുപോക്കിന് ആരെയും സമ്മതിക്കാതവണ്ണം രാമായെ പണിത് ഉറപ്പിച്ചു. അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളിൽനിന്നു വെള്ളിയും പൊന്നും എടുത്തു ദമ്മേശെക്കിൽ വസിച്ച അരാംരാജാവായ ബെൻ-ഹദദിനു കൊടുത്തയച്ചു: എനിക്കും നിനക്കും എന്റെ അപ്പനും നിന്റെ അപ്പനും തമ്മിൽ സഖ്യത ഉണ്ടല്ലോ; ഇതാ, ഞാൻ നിനക്കു വെള്ളിയും പൊന്നും കൊടുത്തയയ്ക്കുന്നു; യിസ്രായേൽരാജാവായ ബയെശ എന്നെ വിട്ടുപോകേണ്ടതിനു നീ ചെന്ന് അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്നു പറഞ്ഞു. ബെൻ-ഹദദ് ആസാരാജാവിന്റെ വാക്കു കേട്ടു തന്റെ സേനാധിപതിമാരെ യിസ്രായേൽപട്ടണങ്ങൾക്കു നേരേ അയച്ചു; അവർ ഈയോനും ദാനും ആബേൽ-മയീമും നഫ്താലിയുടെ സകല സംഭാരനഗരങ്ങളും പിടിച്ചടക്കി. ബയെശ അതു കേട്ടപ്പോൾ രാമായെ പണിയുന്ന തന്റെ പ്രവൃത്തി നിർത്തിവച്ചു. അപ്പോൾ ആസാരാജാവ് യെഹൂദ്യരെയൊക്കെയും കൂട്ടി, ബയെശ പണിത രാമായുടെ കല്ലും മരവും എടുത്തുകൊണ്ടുപോയി: അവൻ അവകൊണ്ടു ഗേബയും മിസ്പായും പണിതുറപ്പിച്ചു. ആ കാലത്തു ദർശകനായ ഹനാനി യെഹൂദാരാജാവായ ആസായുടെ അടുക്കൽ വന്ന് അവനോടു പറഞ്ഞത് എന്തെന്നാൽ: നീ നിന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അരാംരാജാവിൽ ആശ്രയിക്കകൊണ്ട് അരാംരാജാവിന്റെ സൈന്യം നിന്റെ കൈയിൽനിന്നു തെറ്റിപ്പോയിരിക്കുന്നു. കൂശ്യരും ലൂബ്യരും അനവധി രഥങ്ങളോടും കുതിരച്ചേവകരോടുംകൂടിയ ഒരു മഹാസൈന്യമായിരുന്നില്ലയോ? എന്നാൽ നീ യഹോവയിൽ ആശ്രയിക്കകൊണ്ട് അവൻ അവരെ നിന്റെ കൈയിൽ ഏല്പിച്ചുതന്നു. യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കുവേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിനു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു; ഇതിൽ നീ ഭോഷത്തം പ്രവർത്തിച്ചിരിക്കുന്നു; ഇനി നിനക്കു യുദ്ധങ്ങൾ ഉണ്ടാകും.