YouVersion Logo
Search Icon

1 തെസ്സലൊനീക്യർ 5:12-28

1 തെസ്സലൊനീക്യർ 5:12-28 MALOVBSI

സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അധ്വാനിക്കയും കർത്താവിൽ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞ് അവരുടെ വേലനിമിത്തം ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്ന് നിങ്ങളോട് അപേക്ഷിക്കുന്നു. തമ്മിൽ സമാധാനമായിരിപ്പിൻ. സഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കുന്നത്: ക്രമംകെട്ടവരെ ബുദ്ധിയുപദേശിപ്പിൻ; ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ. ആരും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ; എപ്പോഴും സന്തോഷിപ്പിൻ; ഇടവിടാതെ പ്രാർഥിപ്പിൻ; എല്ലാറ്റിനും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം. ആത്മാവിനെ കെടുക്കരുത്. പ്രവചനം തുച്ഛീകരിക്കരുത്. സകലവും ശോധന ചെയ്തു നല്ലത് മുറുകെ പിടിപ്പിൻ. സകലവിധ ദോഷവും വിട്ടകലുവിൻ. സമാധാനത്തിന്റെ ദൈവംതന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ. നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അത് നിവർത്തിക്കും. സഹോദരന്മാരേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിപ്പിൻ. സകല സഹോദരന്മാരെയും വിശുദ്ധ ചുംബനത്താൽ വന്ദനം ചെയ്‍വിൻ. കർത്താവാണ, സഹോദരന്മാരെയൊക്കെയും ഈ ലേഖനം വായിച്ചു കേൾപ്പിക്കേണം. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.