YouVersion Logo
Search Icon

1 ശമൂവേൽ 16:4-12

1 ശമൂവേൽ 16:4-12 MALOVBSI

യഹോവ കല്പിച്ചതുപോലെ ശമൂവേൽ ചെയ്തു, ബേത്‍ലഹേമിൽ ചെന്നു; പട്ടണത്തിലെ മൂപ്പന്മാർ അവന്റെ വരവിങ്കൽ വിറച്ചുകൊണ്ട് അവനെ എതിരേറ്റു: നിന്റെ വരവു ശുഭം തന്നെയോ എന്നു ചോദിച്ചു. അതിന് അവൻ: ശുഭം തന്നെ; ഞാൻ യഹോവയ്ക്ക് യാഗം കഴിപ്പാൻ വന്നിരിക്കുന്നു; നിങ്ങളെ തന്നെ ശുദ്ധീകരിച്ച് എന്നോടുകൂടെ യാഗത്തിനു വരുവിൻ എന്നുപറഞ്ഞു. അവൻ യിശ്ശായിയെയും അവന്റെ മക്കളെയും ശുദ്ധീകരിച്ച് അവരെയും യാഗത്തിനു ക്ഷണിച്ചു. അവർ വന്നപ്പോൾ അവൻ എലീയാബിനെ കണ്ടിട്ട്: യഹോവയുടെ മുമ്പാകെ അവന്റെ അഭിഷിക്തൻ ഇതാ എന്നു പറഞ്ഞു. യഹോവ ശമൂവേലിനോട്: അവന്റെ മുഖമോ പൊക്കമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിനു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്ന് അരുളിച്ചെയ്തു. പിന്നെ യിശ്ശായി അബീനാദാബിനെ വിളിച്ച് ശമൂവേലിന്റെ മുമ്പിൽ വരുത്തി; എന്നാറെ അവൻ: യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു. പിന്നെ യിശ്ശായി ശമ്മയെയും വരുത്തി. ഇവനെയും യഹോവ തിരഞ്ഞെടുത്തിട്ടില്ല എന്ന് അവൻ പറഞ്ഞു. അങ്ങനെ യിശ്ശായി ഏഴു പുത്രന്മാരെ ശമൂവേലിന്റെ മുമ്പിൽ വരുത്തി; എന്നാൽ ശമൂവേൽ യിശ്ശായിയോട്: യഹോവ ഇവരെ തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു. നിന്റെ പുത്രന്മാർ എല്ലാവരുമായോ എന്നു ശമൂവേൽ ചോദിച്ചതിന് അവൻ: ഇനി, ഉള്ളതിൽ ഇളയവൻ ഉണ്ട്; അവൻ ആടുകളെ മേയിക്കയാകുന്നു എന്നു പറഞ്ഞു. ശമൂവേൽ യിശ്ശായിയോട്: ആളയച്ച് അവനെ വരുത്തുക; അവൻ വന്നിട്ടല്ലാതെ നാം പന്തിക്കിരിക്കയില്ല എന്നു പറഞ്ഞു. ഉടനെ അവൻ ആളയച്ച് അവനെ വരുത്തി; എന്നാൽ അവൻ പവിഴനിറമുള്ളവനും സുനേത്രനും കോമളരൂപിയും ആയിരുന്നു. അപ്പോൾ യഹോവ: എഴുന്നേറ്റ് ഇവനെ അഭിഷേകം ചെയ്ക; ഇവൻതന്നെ ആകുന്നു എന്നു കല്പിച്ചു.