1 ശമൂവേൽ 16:14-23
1 ശമൂവേൽ 16:14-23 MALOVBSI
എന്നാൽ യഹോവയുടെ ആത്മാവ് ശൗലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദുരാത്മാവ് അവനെ ബാധിച്ചു. അപ്പോൾ ശൗലിന്റെ ഭൃത്യന്മാർ അവനോട്: ദൈവം അയച്ച ഒരു ദുരാത്മാവ് നിന്നെ ബാധിക്കുന്നുവല്ലോ. ആകയാൽ കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ട് അടിയങ്ങൾക്കു കല്പന തരേണം; എന്നാൽ ദൈവത്തിങ്കൽനിന്നു ദുരാത്മാവ് തിരുമേനിമേൽ വരുമ്പോൾ അവൻ കൈകൊണ്ടു വായിക്കയും തിരുമേനിക്കു ഭേദം വരികയും ചെയ്യും എന്നു പറഞ്ഞു. ശൗൽ തന്റെ ഭൃത്യന്മാരോട്: കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിച്ചുകൊണ്ടുവരുവിൻ എന്നു കല്പിച്ചു. ബാല്യക്കാരിൽ ഒരുത്തൻ: ബേത്‍ലഹേമ്യനായ യിശ്ശായിയുടെ ഒരു മകനെ ഞാൻ കണ്ടിട്ടുണ്ട്; അവൻ കിന്നരവായനയിൽ നിപുണനും പരാക്രമശാലിയും യോദ്ധാവും വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവയും അവനോടുകൂടെ ഉണ്ട് എന്നു പറഞ്ഞു. എന്നാറെ ശൗൽ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ചു: ആടുകളോടുകൂടെ ഇരിക്കുന്ന നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയയ്ക്കേണം എന്നു പറയിച്ചു. യിശ്ശായി ഒരു കഴുതയെ വരുത്തി അതിന്റെ പുറത്ത് അപ്പം, ഒരു തുരുത്തി വീഞ്ഞ്, ഒരു കോലാട്ടിൻകുട്ടി എന്നിവ കയറ്റി തന്റെ മകൻ ദാവീദ് വശം ശൗലിനു കൊടുത്തയച്ചു. ദാവീദ് ശൗലിന്റെ അടുക്കൽ ചെന്ന് അവന്റെ മുമ്പാകെ നിന്നു; അവന് അവനോടു വളരെ സ്നേഹമായി; അവൻ അവന്റെ ആയുധവാഹകനായിത്തീർന്നു. ആകയാൽ ശൗൽ യിശ്ശായിയുടെ അടുക്കൽ ആളയച്ചു: ദാവീദിനോട് എനിക്ക് ഇഷ്ടം തോന്നിയിരിക്കകൊണ്ട് അവൻ എന്റെ അടുക്കൽ താമസിക്കട്ടെ എന്നു പറയിച്ചു. ദൈവത്തിന്റെ പക്കൽനിന്ന് ദുരാത്മാവ് ശൗലിന്മേൽ വരുമ്പോൾ ദാവീദ് കിന്നരം എടുത്ത് വായിക്കും; ശൗലിന് ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവ് അവനെ വിട്ടുമാറും.