1 രാജാക്കന്മാർ 19:8-11
1 രാജാക്കന്മാർ 19:8-11 MALOVBSI
അവൻ എഴുന്നേറ്റ് തിന്നു കുടിച്ചു; ആ ആഹാരത്തിന്റെ ബലംകൊണ്ട് നാല്പതു പകലും നാല്പതു രാവും ദൈവത്തിന്റെ പർവതമായ ഹോറേബോളം നടന്നു. അവിടെ അവൻ ഒരു ഗുഹയിൽ കടന്നു രാപാർത്തു; അപ്പോൾ അവനു യഹോവയുടെ അരുളപ്പാടുണ്ടായി, അവനോട്: ഏലീയാവേ, ഇവിടെ നിനക്ക് എന്തു കാര്യം എന്നു ചോദിച്ചു. അതിന് അവൻ: സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്കുവേണ്ടി ഞാൻ വളരെ ശുഷ്കാന്തിച്ചിരിക്കുന്നു; യിസ്രായേൽമക്കൾ നിന്റെ നിയമത്തെ ഉപേക്ഷിച്ച് നിന്റെ യാഗപീഠങ്ങളെ ഇടിച്ചു, നിന്റെ പ്രവാചകന്മാരെ വാൾകൊണ്ടു കൊന്നുകളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു എന്നു പറഞ്ഞു. നീ പുറത്തു വന്നു പർവതത്തിൽ യഹോവയുടെ മുമ്പാകെ നില്ക്ക എന്ന് അവൻ കല്പിച്ചു. അപ്പോൾ ഇതാ യഹോവ കടന്നുപോകുന്നു; ശക്തിയുള്ള ഒരു കൊടുങ്കാറ്റ് യഹോവയുടെ മുമ്പിൽ പർവതങ്ങളെ കീറി പാറകളെ തകർത്തു; എന്നാൽ കാറ്റിൽ യഹോവ ഇല്ലായിരുന്നു; കാറ്റിന്റെശേഷം ഒരു ഭൂകമ്പം ഉണ്ടായി; ഭൂകമ്പത്തിലും യഹോവ ഇല്ലായിരുന്നു.