YouVersion Logo
Search Icon

1 രാജാക്കന്മാർ 19:14-21

1 രാജാക്കന്മാർ 19:14-21 MALOVBSI

അതിന് അവൻ: സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്കുവേണ്ടി ഞാൻ വളരെ ശുഷ്കാന്തിച്ചിരിക്കുന്നു; യിസ്രായേൽമക്കൾ നിന്റെ നിയമത്തെ ഉപേക്ഷിച്ചു, നിന്റെ യാഗപീഠങ്ങളെ ഇടിച്ചു, നിന്റെ പ്രവാചകന്മാരെ വാൾകൊണ്ടു കൊന്നുകളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; എനിക്കും അവർ ജീവഹാനി വരുത്തുവാൻ നോക്കുന്നു എന്നു പറഞ്ഞു. യഹോവ അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: നീ പുറപ്പെട്ടു ദമ്മേശെക്കിന്റെ മരുഭൂമി വഴിയായി മടങ്ങിപ്പോക; നീ എത്തുമ്പോൾ ഹസായേലിനെ അരാമിനു രാജാവായിട്ട് അഭിഷേകം ചെയ്ക. നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്യേണം; ആബേൽ-മെഹോലയിൽ നിന്നുള്ള സാഫാത്തിന്റെ മകനായ എലീശായെ നിനക്കു പകരം പ്രവാചകനായിട്ട് അഭിഷേകം ചെയ്കയും വേണം. ഹസായേലിന്റെ വാളിനു തെറ്റിപ്പോകുന്നവനെ യേഹൂ കൊല്ലും; യേഹൂവിന്റെ വാളിനു തെറ്റിപ്പോകുന്നവനെ എലീശാ കൊല്ലും. എന്നാൽ ബാലിനു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരം പേരെ ഞാൻ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു. അങ്ങനെ അവൻ അവിടെനിന്നു പുറപ്പെട്ട് സാഫാത്തിന്റെ മകനായ എലീശായെ കണ്ടെത്തി; അവൻ പന്ത്രണ്ട് ഏർ കാള പൂട്ടി ഉഴുവിച്ചുകൊണ്ടിരുന്നു; പന്ത്രണ്ടാമത്തേതിനോടുകൂടെ താൻതന്നെ ആയിരുന്നു; ഏലീയാവ് അവന്റെ അരികെ ചെന്നു തന്റെ പുതപ്പ് അവന്റെമേൽ ഇട്ടു. അവൻ കാളയെ വിട്ട് ഏലീയാവിന്റെ പിന്നാലെ ഓടി: ഞാൻ എന്റെ അപ്പനെയും അമ്മയെയും ചുംബിച്ചുകൊള്ളട്ടെ; അതിന്റെശേഷം ഞാൻ നിന്റെ പിന്നാലെ വരാം എന്നു പറഞ്ഞു. അതിന് അവൻ: പോയിവരിക; എന്നാൽ ഞാൻ നിനക്ക് എന്തു ചെയ്തിരിക്കുന്നു എന്നോർക്ക എന്നു പറഞ്ഞു. അങ്ങനെ അവൻ അവനെ വിട്ടു ചെന്ന് ഒരു ഏർ കാളയെ പിടിച്ച് അറുത്തു കാളയുടെ മരക്കോപ്പുകൊണ്ടു മാംസം പാകം ചെയ്തു ജനത്തിനു കൊടുത്തു; അവർ തിന്നു; പിന്നെ അവൻ എഴുന്നേറ്റ് ഏലീയാവിന്റെ പിന്നാലെ ചെന്ന് അവനു ശുശ്രൂഷകനായിത്തീർന്നു.