1 രാജാക്കന്മാർ 19:1-8
1 രാജാക്കന്മാർ 19:1-8 MALOVBSI
ഏലീയാവ് ചെയ്തതൊക്കെയും അവൻ സകല പ്രവാചകന്മാരെയും വാൾകൊണ്ടു കൊന്ന വിവരമൊക്കെയും ആഹാബ് ഈസേബെലിനോടു പറഞ്ഞു. ഈസേബെൽ ഏലീയാവിന്റെ അടുക്കൽ ഒരു ദൂതനെ അയച്ചു: നാളെ ഈ നേരത്തു ഞാൻ നിന്റെ ജീവനെ അവരിൽ ഒരുത്തന്റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാർ എന്നോടു തക്കവണ്ണവും അധികവും ചെയ്യുമാറാകട്ടെ എന്നു പറയിച്ചു. അവൻ ഭയപ്പെട്ട് എഴുന്നേറ്റു ജീവരക്ഷയ്ക്കായി പുറപ്പെട്ടു യെഹൂദായ്ക്കുൾപ്പെട്ട ബേർ-ശേബയിൽ ചെന്ന് അവിടെ തന്റെ ബാല്യക്കാരനെ താമസിപ്പിച്ചു. താനോ മരുഭൂമിയിൽ ഒരു ദിവസത്തെ വഴി ചെന്ന് ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ഇച്ഛിച്ചു; ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ എന്നു പറഞ്ഞു. അങ്ങനെ അവൻ ചൂരച്ചെടിയുടെ തണലിൽ കിടന്നുറങ്ങുമ്പോൾ പെട്ടെന്ന് ഒരു ദൂതൻ അവനെ തട്ടി അവനോട്: എഴുന്നേറ്റു തിന്നുക എന്നു പറഞ്ഞു. അവൻ ഉണർന്നു നോക്കിയപ്പോൾ കനലിന്മേൽ ചുട്ട ഒരു അടയും ഒരു തുരുത്തി വെള്ളവും തലയ്ക്കൽ ഇരിക്കുന്നതു കണ്ടു; അവൻ തിന്നു കുടിച്ചു പിന്നെയും കിടന്നുറങ്ങി. യഹോവയുടെ ദൂതൻ രണ്ടാം പ്രാവശ്യം വന്ന് അവനെ തട്ടി: എഴുന്നേറ്റു തിന്നുക; നിനക്കു ദൂരയാത്ര ചെയ്‍വാനുണ്ടല്ലോ എന്നു പറഞ്ഞു. അവൻ എഴുന്നേറ്റ് തിന്നു കുടിച്ചു; ആ ആഹാരത്തിന്റെ ബലംകൊണ്ട് നാല്പതു പകലും നാല്പതു രാവും ദൈവത്തിന്റെ പർവതമായ ഹോറേബോളം നടന്നു.