YouVersion Logo
Search Icon

1 കൊരിന്ത്യർ 7:1-19

1 കൊരിന്ത്യർ 7:1-19 MALOVBSI

നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ച് എന്റെ അഭിപ്രായം എന്തെന്നാൽ: സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യനു നല്ലത്. എങ്കിലും ദുർന്നടപ്പുനിമിത്തം ഓരോരുത്തനു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്ത ഭർത്താവും ഉണ്ടായിരിക്കട്ടെ. ഭർത്താവ് ഭാര്യക്കും ഭാര്യ ഭർത്താവിനും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ. ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിനത്രേ അധികാരമുള്ളത്; അങ്ങനെ ഭർത്താവിന്റെ ശരീരത്തിന്മേൽ അവനല്ല ഭാര്യക്കത്രേ അധികാരം. പ്രാർഥനയ്ക്ക് അവസരമുണ്ടാവാൻ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേർപെട്ടിരിക്കരുത്; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിനു വീണ്ടും ചേർന്നിരിപ്പിൻ. ഞാൻ ഇതു കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ പറയുന്നത്. സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന് ഇങ്ങനെയും ഒരുവന് അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു. വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവർ എന്നെപ്പോലെ പാർത്തുകൊണ്ടാൽ അവർക്കു കൊള്ളാം എന്നു ഞാൻ പറയുന്നു. ജിതേന്ദ്രിയത്വമില്ലെങ്കിലോ അവർ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാൾ വിവാഹം ചെയ്യുന്നത് നല്ലത്. വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കർത്താവുതന്നെ കല്പിക്കുന്നത്: ഭാര്യ ഭർത്താവിനെ വേർപിരിയരുത്; പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാർക്കേണം; അല്ലെന്നു വരികിൽ ഭർത്താവിനോടു നിരന്നുകൊള്ളേണം; ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കയുമരുത്. എന്നാൽ ശേഷമുള്ളവരോടു കർത്താവല്ല ഞാൻ തന്നെ പറയുന്നത്: ഒരു സഹോദരന് അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കയും അവൾ അവനോടുകൂടെ പാർപ്പാൻ സമ്മതിക്കയും ചെയ്താൽ അവളെ ഉപേക്ഷിക്കരുത്. അവിശ്വാസിയായ ഭർത്താവുള്ള ഒരു സ്ത്രീയും, അവൻ അവളോടുകൂടെ പാർപ്പാൻ സമ്മതിക്കുന്നു എങ്കിൽ, ഭർത്താവിനെ ഉപേക്ഷിക്കരുത്. അവിശ്വാസിയായ ഭർത്താവു ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിയായ ഭാര്യ സഹോദരൻ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്നു വരും; ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു. അവിശ്വാസി വേർപിരിയുന്നു എങ്കിൽ പിരിയട്ടെ; ഈ വകയിൽ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാൽ സമാധാനത്തിൽ ജീവിപ്പാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്നു. സ്ത്രീയേ, നീ ഭർത്താവിനു രക്ഷ വരുത്തും എന്നു നിനക്ക് എങ്ങനെ അറിയാം? പുരുഷാ, നീ ഭാര്യക്കു രക്ഷ വരുത്തും എന്നു നിനക്ക് എങ്ങനെ അറിയാം? എന്നാൽ ഓരോരുത്തനു കർത്താവു വിഭാഗിച്ചുകൊടുത്തതുപോലെയും ഓരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവൻ നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാൻ സകല സഭകളിലും ആജ്ഞാപിക്കുന്നത്. ഒരുത്തൻ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചർമം വരുത്തരുത്; ഒരുത്തൻ അഗ്രചർമത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏല്ക്കരുത്. പരിച്ഛേദന ഒന്നുമില്ല, അഗ്രചർമവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാര്യം.

Free Reading Plans and Devotionals related to 1 കൊരിന്ത്യർ 7:1-19