YouVersion Logo
Search Icon

1 കൊരിന്ത്യർ 15:12-26

1 കൊരിന്ത്യർ 15:12-26 MALOVBSI

ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥയ്ക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നത് എങ്ങനെ? മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല. ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥം; നിങ്ങളുടെ വിശ്വാസവും വ്യർഥം. മരിച്ചവർ ഉയിർക്കുന്നില്ല എന്നു വരികിൽ ദൈവം ഉയിർപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിർപ്പിച്ചു എന്നു ദൈവത്തിനു വിരോധമായി സാക്ഷ്യം പറകയാൽ ഞങ്ങൾ ദൈവത്തിനു കള്ളസ്സാക്ഷികൾ എന്നുവരും. മരിച്ചവർ ഉയിർക്കുന്നില്ല എങ്കിൽ ക്രിസ്തുവും ഉയിർത്തിട്ടില്ല. ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു. ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചുപോയി. നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ. എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തിരിക്കുന്നു. മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി. ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും. ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിനുള്ളവർ അവന്റെ വരവിങ്കൽ; പിന്നെ അവസാനം; അന്ന് അവൻ എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. അവൻ സകല ശത്രുക്കളെയും കാല്ക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.