1 കൊരിന്ത്യർ 10:23-33
1 കൊരിന്ത്യർ 10:23-33 MALOVBSI
സകലത്തിനും എനിക്കു കർത്തവ്യം ഉണ്ട്; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിനും എനിക്കു കർത്തവ്യം ഉണ്ട്; എങ്കിലും സകലവും ആത്മികവർധന വരുത്തുന്നില്ല. ഓരോരുത്തൻ സ്വന്ത ഗുണമല്ല; മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ. അങ്ങാടിയിൽ വില്ക്കുന്നത് എന്തെങ്കിലും മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിൻ. ഭൂമിയും അതിന്റെ പൂർണതയും കർത്താവിനുള്ളതല്ലോ. അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾക്കു പോകുവാൻ മനസ്സുണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നത് എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിൻ. എങ്കിലും ഒരുവൻ: ഇതു വിഗ്രഹാർപ്പിതം എന്നു നിങ്ങളോടു പറഞ്ഞാൽ ആ അറിയിച്ചവൻ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുത്. മനസ്സാക്ഷി എന്നു ഞാൻ പറയുന്നതു തൻറേതല്ല മറ്റവൻറേതത്രേ. എന്റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാൽ വിധിക്കപ്പെടുന്നത് എന്തിന്? നന്ദിയോടെ അനുഭവിച്ചു സ്തോത്രം ചെയ്ത സാധനം നിമിത്തം ഞാൻ ദുഷിക്കപ്പെടുന്നത് എന്തിന്? ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനായി ചെയ്‍വിൻ. യെഹൂദന്മാർക്കും യവനന്മാർക്കും ദൈവസഭയ്ക്കും ഇടർച്ചയല്ലാത്തവരാകുവിൻ. ഞാനും എന്റെ ഗുണമല്ല, പലർ രക്ഷിക്കപ്പെടേണ്ടതിന് അവരുടെ ഗുണംതന്നെ അന്വേഷിച്ചുകൊണ്ട് എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.