ZEFANIA 3:9-17
ZEFANIA 3:9-17 MALCLBSI
അങ്ങനെ സകല ജനതകളും സർവേശ്വരന്റെ നാമം വിളിച്ചപേക്ഷിച്ച് ഏകമനസ്സോടെ അവിടുത്തെ സേവിക്കാൻ ഇടയാകും. എത്യോപ്യയിലെ നദികൾക്ക് അക്കരെനിന്ന്, എന്റെ ആരാധകജനത്തിൽനിന്നു ചിതറിപ്പോയവരുടെ പുത്രിമാർതന്നെ എനിക്കു വഴിപാടു കൊണ്ടുവരും. നീ എന്നെ ധിക്കരിച്ചു ചെയ്ത പ്രവൃത്തികളുടെ പേരിൽ ഞാൻ അന്നു നിന്നെ ലജ്ജിതനാക്കുകയില്ല. കാരണം അഹങ്കരിച്ചു തിമിർത്തവരെ നിങ്ങളുടെ മധ്യത്തിൽനിന്നു ഞാൻ നീക്കിക്കളയും; എന്റെ വിശുദ്ധപർവതത്തിൽ നിങ്ങൾ പിന്നീടു ഗർവു കാട്ടുകയില്ല. താഴ്മയും എളിമയുമുള്ള ഒരു ജനതയെ ഞാൻ നിങ്ങളുടെ മധ്യത്തിൽ അവശേഷിപ്പിക്കും. ഇസ്രായേലിൽ ശേഷിക്കുന്നവർ അധർമം പ്രവർത്തിക്കുകയില്ല; വ്യാജം സംസാരിക്കുകയുമില്ല; വഞ്ചന അവരുടെ നാവിൽ ഉണ്ടായിരിക്കുകയില്ല. അവർ മേഞ്ഞ് സ്വച്ഛന്ദം വിശ്രമിക്കും. അവരെ ആരും ഭയപ്പെടുത്തുകയില്ല. സീയോൻനിവാസികളേ, ഉറക്കെ പാടുവിൻ; ഇസ്രായേല്യരേ, ആർപ്പുവിളിക്കുവിൻ. യെരൂശലേംനിവാസികളേ, പൂർണഹൃദയത്തോടെ ആനന്ദിച്ചുല്ലസിക്കുക. സർവേശ്വരൻ നിങ്ങൾക്കെതിരെയുള്ള വിധി മാറ്റി നിങ്ങളുടെ ശത്രുക്കളെ നീക്കിക്കളഞ്ഞു. ഇസ്രായേലിന്റെ രാജാവായ സർവേശ്വരൻ നിങ്ങളുടെ മധ്യത്തിലുണ്ട്. നിങ്ങൾ ഇനിമേൽ ഒരനർഥവും ഭയപ്പെടേണ്ടതില്ല. അന്ന് യെരൂശലേമിനോടു ഭയപ്പെടരുതെന്നും സീയോനോടു നിന്റെ കൈകൾ തളർന്നു പോകരുതെന്നും പറയും. നിങ്ങളുടെ ദൈവമായ സർവേശ്വരൻ ജയം നല്‌കുന്ന യോദ്ധാവായി നിങ്ങളുടെ മധ്യത്തിലുണ്ട്; അവിടുന്നു സന്തോഷാധിക്യത്താൽ നിങ്ങളെക്കുറിച്ച് ആനന്ദിക്കും; അവിടുന്ന് സ്നേഹത്താൽ നിങ്ങളെ നവീകരിക്കും. ഉത്സവദിവസത്തിലെന്നപോലെ അവിടുന്നു നിങ്ങളെപ്രതി ആനന്ദഗീതം ഉയർത്തും.