YouVersion Logo
Search Icon

ZAKARIA 3

3
മഹാപുരോഹിതൻ
1പിന്നീട് സർവേശ്വരന്റെ ദൂതൻ തന്റെ മുമ്പിൽ നില്‌ക്കുന്ന മഹാപുരോഹിതനായ യോശുവയെ എനിക്കു കാണിച്ചു തന്നു. അദ്ദേഹത്തിന്റെമേൽ കുറ്റം ആരോപിക്കാനായി സാത്താൻ അദ്ദേഹത്തിന്റെ വലത്തുഭാഗത്തു നില്‌ക്കുന്നുണ്ടായിരുന്നു. 2സർവേശ്വരന്റെ ദൂതൻ സാത്താനോടു പറഞ്ഞു: “സാത്താനേ, സർവേശ്വരൻ നിന്നെ ശാസിക്കുന്നു. തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിയല്ലേ ഇവൻ? യെരൂശലേമിനെ തിരഞ്ഞെടുത്ത സർവേശ്വരൻ നിന്നെ ശാസിക്കുന്നു.” 3മുഷിഞ്ഞ വസ്ത്രം ധരിച്ചുകൊണ്ട് യോശുവ ദൂതന്റെ മുമ്പിൽ നില്‌ക്കുകയായിരുന്നു. 4തന്റെ മുമ്പിൽ നില്‌ക്കുന്നവരോടു ദൂതൻ “യോശുവയുടെ മുഷിഞ്ഞ വസ്ത്രം മാറ്റുവിൻ” എന്നു കല്പിച്ചു. ദൂതൻ യോശുവയോടു പറഞ്ഞു: “നിന്റെ അകൃത്യം നിന്നിൽനിന്നു നീക്കിയിരിക്കുന്നു; ഞാൻ നിന്നെ വിശിഷ്ടവസ്ത്രം ധരിപ്പിക്കും.” ദൂതൻ തുടർന്നു: 5“വെടിപ്പുള്ള ഒരു ശിരോവസ്ത്രം അവനെ ധരിപ്പിക്കുവിൻ.” അങ്ങനെ യോശുവയെ വസ്ത്രം ധരിപ്പിക്കുകയും നിർമ്മലമായ ശിരോവസ്ത്രം അണിയിക്കുകയും ചെയ്തു. അപ്പോൾ സർവേശ്വരന്റെ ദൂതൻ അടുത്തു നില്‌ക്കുന്നുണ്ടായിരുന്നു.
6,7ദൂതൻ യോശുവയോടു കല്പിച്ചു: “സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: നീ എന്റെ വഴികളിൽ നടക്കുകയും; ഞാൻ നിന്നെ ഏല്പിച്ചിരിക്കുന്ന ചുമതലകൾ നിർവഹിക്കുകയും ചെയ്താൽ എന്റെ ആലയത്തെ നീ ഭരിക്കും; എന്റെ അങ്കണങ്ങളുടെ ചുമതല നീ വഹിക്കും; ഈ നില്‌ക്കുന്നവരുടെ ഇടയിൽ കടന്നുവരാനുള്ള അവകാശവും ഞാൻ നിനക്കു നല്‌കും. 8മഹാപുരോഹിതനായ യോശുവയും അയാളുടെ മുമ്പിലിരിക്കുന്ന ശുഭലക്ഷണത്തിന്റെ അടയാളങ്ങളായ സഹപുരോഹിതന്മാരും കേൾക്കട്ടെ. എന്റെ ദാസനായ ശാഖയെ ഞാൻ കൊണ്ടുവരും. 9ഇതാ, യോശുവയുടെ മുമ്പിൽ വച്ചിരിക്കുന്ന കല്ല്; ഏഴു മുഖങ്ങളുള്ള ഈ കല്ലിൽ രേഖപ്പെടുത്തേണ്ടതു ഞാൻ കൊത്തിവയ്‍ക്കും. ഒറ്റ ദിവസംകൊണ്ട് ഞാൻ ഈ ദേശത്തിന്റെ അകൃത്യം നീക്കും എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. 10അന്നു നിങ്ങൾ ഓരോരുത്തനും സമാധാനവും ഐശ്വര്യവും പങ്കുവയ്‍ക്കാൻ തന്റെ അയൽക്കാരനെ സ്വന്തം മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും കീഴിലേക്കു ക്ഷണിക്കും എന്നു സർവശക്തനായ സർവേശ്വരന്റെ അരുളപ്പാട്.

Currently Selected:

ZAKARIA 3: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in