YouVersion Logo
Search Icon

ZAKARIA 11

11
മർദകന്റെ പതനം
1ലെബാനോനേ, നിന്റെ വാതിലുകൾ തുറന്നിടുക; നിന്റെ #11:1 ദേവദാരുക്കൾ = മരങ്ങൾ കരുത്തുള്ള രാഷ്ട്രങ്ങളെയോ രാഷ്‍ട്രത്തലവന്മാരെയോ സൂചിപ്പിക്കുന്നു.ദേവദാരുക്കൾ അഗ്നിക്കിരയാകട്ടെ. 2സരളവൃക്ഷമേ, വിലപിക്കുക; ദേവദാരുക്കൾ വീണുപോയല്ലോ. മഹത്തായ വൃക്ഷങ്ങൾ നശിപ്പിക്കപ്പെട്ടിരിക്കുന്നു. ബാശാനിലെ കരുവേലകവൃക്ഷങ്ങളേ, നിലവിളിക്കുക. 3നിബിഡവനങ്ങൾ നശിപ്പിക്കപ്പെട്ടിരിക്കുന്നു. #11:3 ഇടയന്മാർ = രാജാവിനെയോ നേതാവിനെയോ സൂചിപ്പിക്കുന്നു. ആടുകൾ ജനങ്ങളെയും.ഇടയന്മാരുടെ രോദനം ശ്രദ്ധിക്കുക; അവരുടെ മഹത്ത്വം പൊയ്പോയല്ലോ. സിംഹങ്ങളുടെ ദീനരോദനം കേൾക്കുക; യോർദ്ദാനിലെ വനങ്ങൾ നശിച്ചുപോയല്ലോ.
രണ്ട് ഇടയന്മാർ
4എന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: കശാപ്പിനു വേർതിരിക്കപ്പെട്ട ആടുകളുടെ ഇടയനാകുക. 5വാങ്ങുന്നവർ അവയെ കൊല്ലുന്നു; അവർ ശിക്ഷിക്കപ്പെടുന്നില്ല. അവയെ വിൽക്കുന്നവർ പറയുന്നു: “ഞാൻ സമ്പന്നനായി തീർന്നിരിക്കകൊണ്ട് സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. അവയുടെ ഇടയന്മാർക്കുപോലും അവയോടു കരുണയില്ലല്ലോ.” 6“ഈ ദേശനിവാസികളോട് ഇനിമേൽ എനിക്കു കനിവുതോന്നുകയില്ല” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. “അതേ, ഞാൻ മനുഷ്യരെ ഓരോരുത്തരെയും അവനവന്റെ ഇടയന്റെ കൈയിലും അവനവന്റെ രാജാവിന്റെ കൈയിലും ഏല്പിക്കും. അവർ ഭൂമിയെ തകർക്കും. അവരുടെ കൈയിൽനിന്ന് ആരെയും ഞാൻ രക്ഷിക്കുകയില്ല.”
7ആടുവ്യാപാരികൾക്കുവേണ്ടി കശാപ്പു ചെയ്യാനുള്ള ആടുകൾക്കു ഞാൻ ഇടയനായി. ഞാൻ രണ്ടു വടി എടുത്തു; ഒന്നിന് കൃപ എന്നും, മറ്റേതിന് ഐക്യം എന്നും പേരിട്ടു. 8അങ്ങനെ ഞാൻ ആ ആടുകളെ മേയിച്ചു; ഒരു മാസത്തിൽത്തന്നെ ഞാൻ മൂന്ന് ഇടയന്മാരെ ഓടിച്ചു; അവർ എന്റെ ക്ഷമ കെടുത്തി. അവർക്ക് എന്നോടും വെറുപ്പുണ്ടായി. 9പിന്നീട് ഞാൻ ആട്ടിൻപറ്റത്തോടു പറഞ്ഞു: “ഞാൻ നിങ്ങളെ മേയ്‍ക്കുകയില്ല; ചാകുന്നതു ചാകട്ടെ; നശിക്കാനുള്ളത് നശിക്കട്ടെ; അവശേഷിക്കുന്നത് അന്യോന്യം കടിച്ചുകീറി ഒന്നു മറ്റൊന്നിന്റെ മാംസം തിന്നട്ടെ.” 10പിന്നീട് കൃപ എന്നവടി ഞാൻ എടുത്തു രണ്ടായി മുറിച്ചു. അങ്ങനെ സകല മനുഷ്യരോടും ചെയ്തിരുന്ന ഉടമ്പടി അന്നു ഞാൻ അസാധുവാക്കി. 11ഞാൻ ചെയ്തതു നോക്കിക്കൊണ്ടിരുന്ന ആടുവ്യാപാരികൾ ഇതു സർവേശ്വരന്റെ അരുളപ്പാടാണെന്നു ഗ്രഹിച്ചു. 12“നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ എന്റെ കൂലി തരിക, ഇല്ലെങ്കിൽ വേണ്ടാ” എന്നു ഞാൻ അവരോടു പറഞ്ഞു. അപ്പോൾ എന്റെ കൂലിയായി മുപ്പതു ശേക്കെൽ വെള്ളി അവർ തൂക്കിത്തന്നു. 13സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “ആ വെള്ളി, എനിക്ക് അവർ മതിച്ചിരിക്കുന്ന മഹത്തായ വില, ദേവാലയത്തിലെ ഭണ്ഡാരത്തിൽ ഇടുക. അങ്ങനെ ആ മുപ്പതു ശേക്കെൽ വെള്ളി വാങ്ങി ഞാൻ ദേവാലയഭണ്ഡാരത്തിൽ ഇട്ടു. 14പിന്നീടു ഞാൻ ഐക്യം എന്ന രണ്ടാമത്തെ വടി എടുത്ത് ഒടിച്ചു. അതോടെ യെഹൂദായും ഇസ്രായേലും തമ്മിലുള്ള സാഹോദര്യം തകർന്നു.
15“നീ വീണ്ടും ഹീനനായ ഇടയന്റെ വേഷം എടുക്കുക” എന്നു സർവേശ്വരൻ എന്നോടു കല്പിച്ചു. 16ഇതാ, ഞാൻ ദേശത്ത് ഒരിടയനെ ഉയർത്തുന്നു. അവൻ വിനാശം നേരിടുന്നവയെ സഹായിക്കുകയോ, വഴി തെറ്റിയവയെ അന്വേഷിക്കുകയോ പരുക്കു പറ്റിയവയെ സുഖപ്പെടുത്തുകയോ, ആരോഗ്യമുള്ളവയെ പോറ്റുകയോ ചെയ്യാതെ കൊഴുത്തു തടിച്ച ആടിന്റെ മാംസം തിന്നുകയും കുളമ്പുപോലും പിഴുതുകളയുകയും ചെയ്യുന്നു. 17ആട്ടിൻപറ്റത്തെ ഉപേക്ഷിച്ചു കളയുന്ന ഹീനനായ ഇടയന് ദുരിതം! അവന്റെ കൈയും വലങ്കണ്ണും വാളിനാൽ വിച്ഛേദിക്കപ്പെടട്ടെ. അവന്റെ കൈ നിശ്ശേഷം ശോഷിച്ചുപോകട്ടെ; അവന്റെ വലങ്കണ്ണ് തീർത്തും അന്ധമാകട്ടെ.

Currently Selected:

ZAKARIA 11: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for ZAKARIA 11