YouVersion Logo
Search Icon

ZAKARIA 11:4-13

ZAKARIA 11:4-13 MALCLBSI

എന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: കശാപ്പിനു വേർതിരിക്കപ്പെട്ട ആടുകളുടെ ഇടയനാകുക. വാങ്ങുന്നവർ അവയെ കൊല്ലുന്നു; അവർ ശിക്ഷിക്കപ്പെടുന്നില്ല. അവയെ വിൽക്കുന്നവർ പറയുന്നു: “ഞാൻ സമ്പന്നനായി തീർന്നിരിക്കകൊണ്ട് സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. അവയുടെ ഇടയന്മാർക്കുപോലും അവയോടു കരുണയില്ലല്ലോ.” “ഈ ദേശനിവാസികളോട് ഇനിമേൽ എനിക്കു കനിവുതോന്നുകയില്ല” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. “അതേ, ഞാൻ മനുഷ്യരെ ഓരോരുത്തരെയും അവനവന്റെ ഇടയന്റെ കൈയിലും അവനവന്റെ രാജാവിന്റെ കൈയിലും ഏല്പിക്കും. അവർ ഭൂമിയെ തകർക്കും. അവരുടെ കൈയിൽനിന്ന് ആരെയും ഞാൻ രക്ഷിക്കുകയില്ല.” ആടുവ്യാപാരികൾക്കുവേണ്ടി കശാപ്പു ചെയ്യാനുള്ള ആടുകൾക്കു ഞാൻ ഇടയനായി. ഞാൻ രണ്ടു വടി എടുത്തു; ഒന്നിന് കൃപ എന്നും, മറ്റേതിന് ഐക്യം എന്നും പേരിട്ടു. അങ്ങനെ ഞാൻ ആ ആടുകളെ മേയിച്ചു; ഒരു മാസത്തിൽത്തന്നെ ഞാൻ മൂന്ന് ഇടയന്മാരെ ഓടിച്ചു; അവർ എന്റെ ക്ഷമ കെടുത്തി. അവർക്ക് എന്നോടും വെറുപ്പുണ്ടായി. പിന്നീട് ഞാൻ ആട്ടിൻപറ്റത്തോടു പറഞ്ഞു: “ഞാൻ നിങ്ങളെ മേയ്‍ക്കുകയില്ല; ചാകുന്നതു ചാകട്ടെ; നശിക്കാനുള്ളത് നശിക്കട്ടെ; അവശേഷിക്കുന്നത് അന്യോന്യം കടിച്ചുകീറി ഒന്നു മറ്റൊന്നിന്റെ മാംസം തിന്നട്ടെ.” പിന്നീട് കൃപ എന്നവടി ഞാൻ എടുത്തു രണ്ടായി മുറിച്ചു. അങ്ങനെ സകല മനുഷ്യരോടും ചെയ്തിരുന്ന ഉടമ്പടി അന്നു ഞാൻ അസാധുവാക്കി. ഞാൻ ചെയ്തതു നോക്കിക്കൊണ്ടിരുന്ന ആടുവ്യാപാരികൾ ഇതു സർവേശ്വരന്റെ അരുളപ്പാടാണെന്നു ഗ്രഹിച്ചു. “നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ എന്റെ കൂലി തരിക, ഇല്ലെങ്കിൽ വേണ്ടാ” എന്നു ഞാൻ അവരോടു പറഞ്ഞു. അപ്പോൾ എന്റെ കൂലിയായി മുപ്പതു ശേക്കെൽ വെള്ളി അവർ തൂക്കിത്തന്നു. സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “ആ വെള്ളി, എനിക്ക് അവർ മതിച്ചിരിക്കുന്ന മഹത്തായ വില, ദേവാലയത്തിലെ ഭണ്ഡാരത്തിൽ ഇടുക. അങ്ങനെ ആ മുപ്പതു ശേക്കെൽ വെള്ളി വാങ്ങി ഞാൻ ദേവാലയഭണ്ഡാരത്തിൽ ഇട്ടു.

Video for ZAKARIA 11:4-13