YouVersion Logo
Search Icon

RUTHI 1:11-18

RUTHI 1:11-18 MALCLBSI

എന്നാൽ നവോമി പിന്നെയും പറഞ്ഞു: “എന്റെ മക്കളേ, തിരിച്ചുപോവുക; എന്റെ കൂടെ വന്നാൽ എന്തു പ്രയോജനം? നിങ്ങൾക്കു ഭർത്താക്കന്മാരായിരിക്കാൻ എനിക്ക് ഇനിയും പുത്രന്മാർ ഉണ്ടാകുമോ? വിവാഹിതയാകാനുള്ള പ്രായം എനിക്കു കഴിഞ്ഞുപോയി. അഥവാ അങ്ങനെ ഒരു ആശ ഉണ്ടായി ഇന്നുതന്നെ വിവാഹം കഴിഞ്ഞു മക്കളുണ്ടായാൽപോലും അവർക്കു പ്രായമാകുന്നതുവരെ കാത്തിരിക്കുക നിങ്ങൾക്കു സാധ്യമല്ലല്ലോ. അതുകൊണ്ട് എന്റെ മക്കളേ, നിങ്ങൾ തിരിച്ചുപോകുക; സർവേശ്വരൻ എനിക്ക് എതിരായിരിക്കയാൽ നിങ്ങളുടെ കാര്യത്തിൽ ഞാൻ അതിയായി ദുഃഖിക്കുന്നു.” അവർ വീണ്ടും ഉറക്കെ കരഞ്ഞു; ഓർപ്പാ ഭർത്തൃമാതാവിനെ ചുംബിച്ച് യാത്ര പറഞ്ഞു; രൂത്താകട്ടെ നവോമിയോടു പറ്റിച്ചേർന്നുനിന്നു. നവോമി അവളോടു പറഞ്ഞു: “നിന്റെ അനുജത്തി സ്വന്തം ജനങ്ങളുടെയും സ്വന്തദേവന്മാരുടെയും അടുത്തേക്കു പോയതു കണ്ടില്ലേ? നിനക്കും പോകരുതോ?” എന്നാൽ രൂത്തിന്റെ മറുപടി ഇതായിരുന്നു: “അമ്മയെ വിട്ടുപിരിയാൻ എന്നെ നിർബന്ധിക്കരുത്; അമ്മ പോകുന്നിടത്ത് ഞാനും വരും; അമ്മ പാർക്കുന്നിടത്ത് ഞാനും പാർക്കും. അമ്മയുടെ ബന്ധുക്കൾ എന്റെ ബന്ധുക്കളും അമ്മയുടെ ദൈവം എന്റെ ദൈവവും ആയിരിക്കും. അമ്മ മരിക്കുന്ന നാട്ടിൽതന്നെ ഞാനും മരിച്ച് അടക്കപ്പെടട്ടെ. മരണമൊഴികെ മറ്റേതെങ്കിലും കാരണത്താൽ ഞാൻ അമ്മയെ വിട്ടുപിരിഞ്ഞാൽ സർവേശ്വരൻ എന്നെ അതികഠിനമായി ശിക്ഷിച്ചുകൊള്ളട്ടെ.” തന്റെ കൂടെ പോരാനുള്ള രൂത്തിന്റെ ഉറച്ച തീരുമാനം നിമിത്തം നവോമി പിന്നെ അവളെ നിർബന്ധിച്ചില്ല.