ROM 8:31-39
ROM 8:31-39 MALCLBSI
ഇതിനെ സംബന്ധിച്ച് നാം എന്താണു പറയുക? ദൈവം നമ്മുടെ പക്ഷത്തുണ്ടെങ്കിൽ ആരു നമുക്ക് എതിരു നില്‌ക്കും? സ്വന്തം പുത്രനെന്നതുപോലും പരിഗണിക്കാതെ ദൈവം നമുക്കെല്ലാവർക്കുംവേണ്ടി ക്രിസ്തുവിനെ മരണത്തിന് ഏല്പിച്ചു. അങ്ങനെയെങ്കിൽ ദൈവം ക്രിസ്തുവിനോടൊപ്പം സമസ്തവും നമുക്കു കൃപയോടെ നല്‌കാതിരിക്കുമോ? ദൈവം തിരഞ്ഞെടുത്ത ജനത്തിന്മേൽ ആരു കുറ്റം ആരോപിക്കും? അവരെ കുറ്റമറ്റവരായി അംഗീകരിക്കുന്നത് ദൈവം ആണല്ലോ. അപ്പോൾ അവരെ കുറ്റവാളികളെന്നു വിധിക്കുവാൻ ആർക്കു കഴിയും? അതെ, മരിച്ചവനും മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടവനുമായ ക്രിസ്തുയേശുതന്നെ ദൈവത്തിന്റെ വലത്തുഭാഗത്തിരുന്നുകൊണ്ട് നമുക്കുവേണ്ടി നിവേദനം നടത്തുന്നു. നമ്മെ ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു വേർപെടുത്തുവാൻ ആർക്കു കഴിയും? കഷ്ടതയ്‍ക്കോ, ബുദ്ധിമുട്ടിനോ, പീഡനത്തിനോ, ക്ഷാമത്തിനോ, നഗ്നതയ്‍ക്കോ, വിപത്തിനോ, വാളിനോ കഴിയുമോ? അങ്ങയെപ്രതി കൊല്ലപ്പെടുമെന്ന ഭീഷണിയെ ഞങ്ങൾ ദിനംതോറും നേരിടുന്നു; കൊല്ലുവാൻ കൊണ്ടുപോകുന്ന ആടിനെപ്പോലെ ഞങ്ങൾ എണ്ണപ്പെടുന്നു എന്നു വേദഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇവയിലെല്ലാം നമുക്കു പൂർണവിജയമുണ്ട്. മരണത്തിനോ, ജീവനോ, മാലാഖമാർക്കോ, മാനുഷികമല്ലാത്ത അധികാരങ്ങൾക്കോ, ശക്തികൾക്കോ, ഇപ്പോഴുള്ളതിനോ, വരുവാനുള്ളതിനോ, മുകളിലുള്ളതിനോ, താഴെയുള്ളതിനോ, സൃഷ്‍ടിയിലുള്ള യാതൊന്നിനും തന്നെയും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽക്കൂടി ദൈവത്തിനു നമ്മോടുള്ള സ്നേഹത്തിൽനിന്നു നമ്മെ വേർപെടുത്തുവാൻ സാധ്യമല്ലെന്ന് എനിക്കുറപ്പുണ്ട്.