YouVersion Logo
Search Icon

ROM 8:26-34

ROM 8:26-34 MALCLBSI

അതുപോലെതന്നെ, നമ്മുടെ ബലഹീനതയിൽ ആത്മാവു നമ്മെ സഹായിക്കുന്നു. എങ്ങനെയാണു പ്രാർഥിക്കേണ്ടതെന്നു നമുക്ക് അറിഞ്ഞുകൂടെങ്കിലും ആത്മാവ് വാക്കുകൾ കൂടാതെയുള്ള ഞരക്കത്താൽ നമുക്കുവേണ്ടി ദൈവത്തിന്റെ അടുക്കൽ നിവേദനം നടത്തുന്നു. ദൈവത്തിന്റെ ജനത്തിനുവേണ്ടി, അവിടുത്തെ ഹിതപ്രകാരം, ആത്മാവു തിരുസന്നിധിയിൽ പ്രാർഥിക്കുന്നു. മനുഷ്യഹൃദയങ്ങൾ കാണുന്നവനായ ദൈവം ആത്മാവിന്റെ ചിന്ത എന്താകുന്നു എന്ന് അറിയുകയും ചെയ്യുന്നു. ദൈവത്തെ സ്നേഹിക്കുന്നവർക്ക് ദൈവോദ്ദേശ്യപ്രകാരം വിളിക്കപ്പെട്ടിരിക്കുന്നവർക്കുതന്നെ, സമസ്തവും നന്മയ്‍ക്കായി പരിണമിക്കുന്നതിന് അവരോടു ചേർന്ന് അവിടുന്നു പ്രവർത്തിക്കുന്നു എന്നു നമുക്കറിയാം. നേരത്തെ തിരഞ്ഞെടുത്തിട്ടുള്ളവരെ, തന്റെ പുത്രന്റെ പ്രതിബിംബത്തോടു സദൃശരായിത്തീരുന്നതിനു ദൈവം പ്രത്യേകം വേർതിരിച്ചിരിക്കുന്നു. അങ്ങനെ അവിടുത്തെ പുത്രൻ അസംഖ്യം സഹോദരന്മാരിൽ ആദ്യജാതനായിത്തീരുന്നു. താൻ വേർതിരിച്ചിരിക്കുന്നവരെ ദൈവം വിളിച്ചു; താൻ വിളിച്ചവരെ ദൈവം കുറ്റമറ്റവരായി അംഗീകരിച്ചു; കുറ്റമറ്റവരായി അംഗീകരിക്കപ്പെട്ടവരെ തേജസ്കരിക്കുകയും ചെയ്തിരിക്കുന്നു. ഇതിനെ സംബന്ധിച്ച് നാം എന്താണു പറയുക? ദൈവം നമ്മുടെ പക്ഷത്തുണ്ടെങ്കിൽ ആരു നമുക്ക് എതിരു നില്‌ക്കും? സ്വന്തം പുത്രനെന്നതുപോലും പരിഗണിക്കാതെ ദൈവം നമുക്കെല്ലാവർക്കുംവേണ്ടി ക്രിസ്തുവിനെ മരണത്തിന് ഏല്പിച്ചു. അങ്ങനെയെങ്കിൽ ദൈവം ക്രിസ്തുവിനോടൊപ്പം സമസ്തവും നമുക്കു കൃപയോടെ നല്‌കാതിരിക്കുമോ? ദൈവം തിരഞ്ഞെടുത്ത ജനത്തിന്മേൽ ആരു കുറ്റം ആരോപിക്കും? അവരെ കുറ്റമറ്റവരായി അംഗീകരിക്കുന്നത് ദൈവം ആണല്ലോ. അപ്പോൾ അവരെ കുറ്റവാളികളെന്നു വിധിക്കുവാൻ ആർക്കു കഴിയും? അതെ, മരിച്ചവനും മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടവനുമായ ക്രിസ്തുയേശുതന്നെ ദൈവത്തിന്റെ വലത്തുഭാഗത്തിരുന്നുകൊണ്ട് നമുക്കുവേണ്ടി നിവേദനം നടത്തുന്നു.