ROM 8:22-39
ROM 8:22-39 MALCLBSI
അതിനുവേണ്ടി സകല സൃഷ്‍ടിയും ഇന്നുവരെയും ഈറ്റുനോവുകൊണ്ടു ഞരങ്ങുന്നു എന്നു നാം അറിയുന്നുവല്ലോ. സൃഷ്‍ടിമാത്രമല്ല, ദൈവത്തിന്റെ വരദാനങ്ങളിൽ ആദ്യത്തേതായ ആത്മാവു ലഭിച്ചിരിക്കുന്ന നാമും അന്തരാത്മാവിൽ ഞരങ്ങുന്നു; നമ്മെ ദൈവത്തിന്റെ പുത്രന്മാരാക്കുന്നതിനും പൂർണമായി സ്വതന്ത്രരാക്കുന്നതിനുംവേണ്ടി കാത്തിരുന്നുകൊണ്ടുതന്നെ. ഈ പ്രത്യാശയിലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്; എന്നാൽ ഏതൊന്നിനുവേണ്ടി നാം പ്രത്യാശിക്കുന്നുവോ, അതു ദൃശ്യമാണെങ്കിൽ, ആ പ്രത്യാശ യഥാർഥമല്ല. കാണുന്ന ഒന്നിനുവേണ്ടി എന്തിനാണു പ്രത്യാശിക്കുന്നത്? എന്നാൽ അദൃശ്യമായതിനുവേണ്ടി പ്രത്യാശിക്കുന്നുവെങ്കിൽ അതിനുവേണ്ടി നിരന്തര ക്ഷമയോടെ നാം കാത്തിരിക്കുന്നു. അതുപോലെതന്നെ, നമ്മുടെ ബലഹീനതയിൽ ആത്മാവു നമ്മെ സഹായിക്കുന്നു. എങ്ങനെയാണു പ്രാർഥിക്കേണ്ടതെന്നു നമുക്ക് അറിഞ്ഞുകൂടെങ്കിലും ആത്മാവ് വാക്കുകൾ കൂടാതെയുള്ള ഞരക്കത്താൽ നമുക്കുവേണ്ടി ദൈവത്തിന്റെ അടുക്കൽ നിവേദനം നടത്തുന്നു. ദൈവത്തിന്റെ ജനത്തിനുവേണ്ടി, അവിടുത്തെ ഹിതപ്രകാരം, ആത്മാവു തിരുസന്നിധിയിൽ പ്രാർഥിക്കുന്നു. മനുഷ്യഹൃദയങ്ങൾ കാണുന്നവനായ ദൈവം ആത്മാവിന്റെ ചിന്ത എന്താകുന്നു എന്ന് അറിയുകയും ചെയ്യുന്നു. ദൈവത്തെ സ്നേഹിക്കുന്നവർക്ക് ദൈവോദ്ദേശ്യപ്രകാരം വിളിക്കപ്പെട്ടിരിക്കുന്നവർക്കുതന്നെ, സമസ്തവും നന്മയ്‍ക്കായി പരിണമിക്കുന്നതിന് അവരോടു ചേർന്ന് അവിടുന്നു പ്രവർത്തിക്കുന്നു എന്നു നമുക്കറിയാം. നേരത്തെ തിരഞ്ഞെടുത്തിട്ടുള്ളവരെ, തന്റെ പുത്രന്റെ പ്രതിബിംബത്തോടു സദൃശരായിത്തീരുന്നതിനു ദൈവം പ്രത്യേകം വേർതിരിച്ചിരിക്കുന്നു. അങ്ങനെ അവിടുത്തെ പുത്രൻ അസംഖ്യം സഹോദരന്മാരിൽ ആദ്യജാതനായിത്തീരുന്നു. താൻ വേർതിരിച്ചിരിക്കുന്നവരെ ദൈവം വിളിച്ചു; താൻ വിളിച്ചവരെ ദൈവം കുറ്റമറ്റവരായി അംഗീകരിച്ചു; കുറ്റമറ്റവരായി അംഗീകരിക്കപ്പെട്ടവരെ തേജസ്കരിക്കുകയും ചെയ്തിരിക്കുന്നു. ഇതിനെ സംബന്ധിച്ച് നാം എന്താണു പറയുക? ദൈവം നമ്മുടെ പക്ഷത്തുണ്ടെങ്കിൽ ആരു നമുക്ക് എതിരു നില്‌ക്കും? സ്വന്തം പുത്രനെന്നതുപോലും പരിഗണിക്കാതെ ദൈവം നമുക്കെല്ലാവർക്കുംവേണ്ടി ക്രിസ്തുവിനെ മരണത്തിന് ഏല്പിച്ചു. അങ്ങനെയെങ്കിൽ ദൈവം ക്രിസ്തുവിനോടൊപ്പം സമസ്തവും നമുക്കു കൃപയോടെ നല്‌കാതിരിക്കുമോ? ദൈവം തിരഞ്ഞെടുത്ത ജനത്തിന്മേൽ ആരു കുറ്റം ആരോപിക്കും? അവരെ കുറ്റമറ്റവരായി അംഗീകരിക്കുന്നത് ദൈവം ആണല്ലോ. അപ്പോൾ അവരെ കുറ്റവാളികളെന്നു വിധിക്കുവാൻ ആർക്കു കഴിയും? അതെ, മരിച്ചവനും മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടവനുമായ ക്രിസ്തുയേശുതന്നെ ദൈവത്തിന്റെ വലത്തുഭാഗത്തിരുന്നുകൊണ്ട് നമുക്കുവേണ്ടി നിവേദനം നടത്തുന്നു. നമ്മെ ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു വേർപെടുത്തുവാൻ ആർക്കു കഴിയും? കഷ്ടതയ്‍ക്കോ, ബുദ്ധിമുട്ടിനോ, പീഡനത്തിനോ, ക്ഷാമത്തിനോ, നഗ്നതയ്‍ക്കോ, വിപത്തിനോ, വാളിനോ കഴിയുമോ? അങ്ങയെപ്രതി കൊല്ലപ്പെടുമെന്ന ഭീഷണിയെ ഞങ്ങൾ ദിനംതോറും നേരിടുന്നു; കൊല്ലുവാൻ കൊണ്ടുപോകുന്ന ആടിനെപ്പോലെ ഞങ്ങൾ എണ്ണപ്പെടുന്നു എന്നു വേദഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇവയിലെല്ലാം നമുക്കു പൂർണവിജയമുണ്ട്. മരണത്തിനോ, ജീവനോ, മാലാഖമാർക്കോ, മാനുഷികമല്ലാത്ത അധികാരങ്ങൾക്കോ, ശക്തികൾക്കോ, ഇപ്പോഴുള്ളതിനോ, വരുവാനുള്ളതിനോ, മുകളിലുള്ളതിനോ, താഴെയുള്ളതിനോ, സൃഷ്‍ടിയിലുള്ള യാതൊന്നിനും തന്നെയും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽക്കൂടി ദൈവത്തിനു നമ്മോടുള്ള സ്നേഹത്തിൽനിന്നു നമ്മെ വേർപെടുത്തുവാൻ സാധ്യമല്ലെന്ന് എനിക്കുറപ്പുണ്ട്.