ROM 8:1-21
ROM 8:1-21 MALCLBSI
ക്രിസ്തുയേശുവിനോട് ഏകീഭവിച്ചു ജീവിക്കുന്നവർക്ക് ഇനി ശിക്ഷാവിധിയില്ല. ക്രിസ്തുയേശുവിനോട് ഏകീഭവിക്കുന്നവർക്കു ജീവൻ നല്‌കുന്ന ആത്മാവിന്റെ നിയമം പാപത്തിന്റെയും മരണത്തിന്റെയും നിയമത്തിൽനിന്ന് എന്നെ സ്വതന്ത്രനാക്കി. എന്നാൽ മനുഷ്യസ്വഭാവം ദുർബലമായതുകൊണ്ട് മനുഷ്യരെ ദൈവത്തോടു രഞ്ജിപ്പിക്കുന്നതിൽ നിയമം പരാജയപ്പെട്ടു. അതുകൊണ്ട് പാപത്തെ ഉന്മൂലനം ചെയ്യുന്നതിനും, അങ്ങനെ മനുഷ്യജീവിതത്തിലും സ്വഭാവത്തിലുമുള്ള പാപത്തിനു ശിക്ഷാവിധി നല്‌കുന്നതിനും, തന്റെ ഏക പുത്രനെ മനുഷ്യപ്രകൃതത്തോടു തുല്യതയുള്ളവനായി ദൈവം അയച്ചു. നിയമംകൊണ്ട് ഉദ്ദേശിക്കപ്പെട്ട ദൈവത്തിന്റെ രക്ഷകപ്രവർത്തനം ഇങ്ങനെ പൂർത്തീകരിക്കപ്പെട്ടു. പാപസ്വഭാവത്തിനു വിധേയരായവർ അതിന്റെ ഇച്ഛയ്‍ക്കനുസൃതമായും, ദൈവാത്മാവിന്റെ പ്രേരണയനുസരിച്ചു ജീവിക്കുന്നവർ അതിന് അനുസൃതമായും ചിന്തിക്കുന്നു. പാപസ്വഭാവത്താൽ നിയന്ത്രിക്കപ്പെടുന്നവരുടെ ചിന്താഗതി മരണത്തിനും, ദൈവാത്മാവിനാൽ നിയന്ത്രിക്കപ്പെടുന്നവരുടെ ചിന്താഗതി സമാധാനപൂർണമായ ജീവിതത്തിനും കാരണമായിത്തീരുന്നു. പാപസ്വഭാവത്തിനു വിധേയമായ ചിന്താഗതിയുള്ളവർ ദൈവത്തോടു ശത്രുതയിൽ കഴിയുന്നു. എന്തുകൊണ്ടെന്നാൽ ദൈവത്തിന്റെ പ്രമാണം അവർ അനുസരിക്കുന്നില്ല; അനുസരിക്കുവാൻ കഴിയുകയുമില്ല. പാപസ്വഭാവത്തിനു വിധേയരായവർക്കു ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യമാണ്. ദൈവത്തിന്റെ ആത്മാവ് യഥാർഥമായി നിങ്ങളിൽ വസിക്കുന്നെങ്കിൽ നിങ്ങൾ പാപസ്വഭാവത്തിനു വിധേയരല്ല; ദൈവാത്മാവിനു വിധേയരത്രേ. ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ ക്രിസ്തുവിനുള്ളവനല്ല. എന്നാൽ പാപം മൂലം നിങ്ങളുടെ ഭൗതികശരീരം മർത്യമാണെങ്കിലും ക്രിസ്തു നിങ്ങളിൽ ജീവിക്കുന്നതുകൊണ്ട് ദൈവത്തിന്റെ രക്ഷകപ്രവർത്തനംമൂലം നിങ്ങളിലുള്ള ദൈവാത്മാവു നിങ്ങൾക്കു ജീവനായിരിക്കും. യേശുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നെങ്കിൽ ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ദൈവം ആത്മാവിനാൽ നിങ്ങളുടെ മർത്യശരീരങ്ങൾക്കും ജീവൻ നല്‌കും. അതുകൊണ്ട് സഹോദരരേ, ഇനിമേൽ പാപസ്വഭാവമനുസരിച്ചു ജീവിക്കുവാൻ നാം കടപ്പെട്ടവരല്ല. പാപസ്വഭാവമനുസരിച്ചു ജീവിക്കുന്നെങ്കിൽ നിങ്ങൾ നിശ്ചയമായും മരിക്കും. എന്നാൽ ആത്മാവിനു വിധേയരായി, ശരീരത്തിന്റെ പാപകരമായ പ്രവൃത്തികളെ നിഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ ജീവിക്കും. ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ മക്കളാകുന്നു. നിങ്ങൾക്കു ലഭിച്ചിരിക്കുന്നത് വീണ്ടും ഭയം ഉളവാക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, അബ്ബാ-പിതാവേ - എന്നു വിളിക്കുന്ന പുത്രത്വത്തിന്റെ ആത്മാവിനെയത്രേ. നാം ദൈവത്തിന്റെ മക്കളാകുന്നുവെന്ന്, ഈ ആത്മാവു നമ്മുടെ ആത്മാവിനോടു ചേർന്നു പ്രഖ്യാപനം ചെയ്യുന്നു. നാം ദൈവത്തിന്റെ മക്കളായതുകൊണ്ട് അവിടുത്തെ അവകാശികളാകുന്നു; മാത്രമല്ല, ക്രിസ്തുവിന്റെ കൂട്ടവകാശികളുമാണ്. ക്രിസ്തുവിന്റെ കഷ്ടതകളിൽ നാം പങ്കാളികളാകുന്നെങ്കിൽ അവിടുത്തെ മഹത്ത്വത്തിനും നാം പങ്കാളികളാകും. നമുക്ക് വെളിപ്പെടുവാനിരിക്കുന്ന തേജസ്സിനോടു തുലനം ചെയ്താൽ ഇപ്പോഴുള്ള കഷ്ടതകൾ ഏറ്റവും നിസ്സാരമെന്നു ഞാൻ കരുതുന്നു. ദൈവപുത്രന്മാരുടെ വെളിപ്പെടുത്തലിനുവേണ്ടി സകല സൃഷ്‍ടികളും അത്യാകാംക്ഷയോടെ കാത്തിരിക്കുന്നു. സ്വന്തം ഇച്ഛയാലല്ല, ദൈവേച്ഛയാൽത്തന്നെ, സൃഷ്‍ടി വ്യർഥമായിത്തീരുന്നതിനു വിധിക്കപ്പെട്ടു. എന്നിരുന്നാലും സൃഷ്‍ടിതന്നെ നശ്വരതയുടെ അടിമത്തത്തിൽനിന്ന് ഒരിക്കൽ സ്വതന്ത്രമാകുകയും ദൈവമക്കളുടെ മഹത്ത്വമേറിയ സ്വാതന്ത്ര്യത്തിൽ പങ്കുകൊള്ളുകയും ചെയ്യുമെന്നുള്ള പ്രത്യാശയുണ്ടായിരുന്നു.