YouVersion Logo
Search Icon

ROM 3

3
1അങ്ങനെയെങ്കിൽ യെഹൂദന് എന്താണു മേന്മ? അഥവാ പരിച്ഛേദനകർമംകൊണ്ട് എന്തു പ്രയോജനം? 2എല്ലാവിധത്തിലും വളരെയധികം പ്രയോജനമുണ്ട്, സംശയമില്ല. ഒന്നാമത്, ദൈവത്തിന്റെ അരുളപ്പാടുകൾ നല്‌കപ്പെട്ടത് യെഹൂദന്മാർക്കാണ്. 3അവരിൽ ചിലർ അവിശ്വാസികളായിപ്പോയെങ്കിലെന്ത്? അവരുടെ അവിശ്വാസം ദൈവത്തിന്റെ വിശ്വസ്തതയെ നിഷ്പ്രയോജനമാക്കുമോ? ഒരിക്കലുമില്ല! 4എല്ലാ മനുഷ്യരും വ്യാജം പറയുന്നവരായാലും ദൈവം സത്യവാൻ തന്നെ.
അങ്ങ് അരുൾചെയ്യുമ്പോൾ നീതിമാനെന്നു തെളിയും, വ്യവഹാരത്തിൽ അങ്ങു വിജയിക്കും.
എന്നു വേദഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതുപോലെ തന്നെ.
5നമ്മുടെ ദുഷ്പ്രവൃത്തികൾ ദൈവത്തിന്റെ നീതി പ്രത്യക്ഷമാക്കുന്നുവെങ്കിൽ നാം എന്താണു പറയേണ്ടത്? ദൈവം നമ്മെ ശിക്ഷിക്കുമ്പോൾ അവിടുന്നു നീതിയില്ലാത്തവനെന്നോ? -മാനുഷികമായ രീതിയിൽ ഞാനിതു പറയുന്നു-ഒരിക്കലുമല്ല! 6ദൈവം നീതിരഹിതനാണെങ്കിൽ എങ്ങനെ ലോകത്തിൽ നീതി നടത്തും?
7ദൈവത്തിന്റെ സത്യം പ്രകാശിതമാകുകയും അവിടുത്തെ മഹത്ത്വം വർധിക്കുകയും ചെയ്യുന്നതിന് എന്റെ അസത്യം ഉപകരിക്കുന്നുവെങ്കിൽ, എന്നെ പാപിയെന്നു വിധിക്കുന്നത് എന്തിന്? 8അധികം നന്മയുണ്ടാകുന്നതിനു തിന്മ ചെയ്യാമെന്നു ഞങ്ങൾ പഠിപ്പിക്കുന്നതായി ചിലർ അപവാദം പറയുന്നുണ്ടല്ലോ. അവർക്കു വരുന്ന ശിക്ഷാവിധി അവർ അർഹിക്കുന്നതുതന്നെ.
നീതിമാൻ ആരുമില്ല
9ആകട്ടെ, യെഹൂദന്മാരായ ഞങ്ങൾക്ക് വിജാതീയരെക്കാൾ എന്തെങ്കിലും മേന്മയുണ്ടോ? ഒന്നുംതന്നെയില്ല. യെഹൂദന്മാരും വിജാതീയരും ഒരുപോലെ പാപത്തിന് അധീനരാണെന്നു ഞാൻ നേരത്തെ ചൂണ്ടിക്കാണിച്ചല്ലോ. 10വേദലിഖിതങ്ങളിൽ പറയുന്നത് എന്താണെന്നു നോക്കുക:
11നീതിമാൻ ആരുമില്ല.
12വിവേകമുള്ള ഒരുവനുമില്ല,
ദൈവത്തെ അന്വേഷിക്കുന്നവനുമില്ല.
എല്ലാവരും വഴിപിഴച്ച്
ദൈവത്തിൽനിന്ന് അകന്നുപോയിരിക്കുന്നു;
നന്മ ചെയ്യുന്നവനില്ല, ഒരുവൻപോലുമില്ല.
13അവരുടെ കണ്ഠം തുറന്നിരിക്കുന്ന ശവക്കുഴിയാണ്;
അവരുടെ നാവ് വഞ്ചനയ്‍ക്കായി ഉപയോഗിക്കുന്നു;
സർപ്പവിഷം അവരുടെ അധരങ്ങളുടെ കീഴിൽ മറഞ്ഞിരിക്കുന്നു.
14അവരുടെ വായ് കയ്പേറിയ ശാപം നിറഞ്ഞതാണ്
15രക്തം ചൊരിയുന്നതിനായി അവർ വെമ്പൽകൊള്ളുന്നു;
16അവർ പോകുന്നിടത്തെല്ലാം
കെടുതിയും നാശവും ഉണ്ടാകുന്നു.
17സമാധാനത്തിന്റെ മാർഗം അവർക്ക് അറിഞ്ഞുകൂടാ;
18അവരുടെ വീക്ഷണത്തിൽ ദൈവഭയമില്ല.
19യെഹൂദധർമശാസ്ത്രത്തിൻ കീഴിൽ ഉള്ളവർക്കുവേണ്ടിയാണ് അതിന്റെ സന്ദേശം എന്നു നമുക്കറിയാം. അതുമൂലം എല്ലാ അധരങ്ങളും നിശ്ശബ്ദമാകുകയും സമസ്തലോകവും ദൈവത്തിന്റെ വിധിക്കു വിധേയമാകുകയും ചെയ്യുന്നു.
20ധർമശാസ്ത്രം അനുശാസിക്കുന്ന കർമങ്ങൾ അനുഷ്ഠിക്കുന്നതുകൊണ്ട് ഈശ്വരദൃഷ്‍ടിയിൽ ആരുംതന്നെ നീതിമാനായിത്തീരുകയില്ല. മനുഷ്യനു പാപബോധം ഉണ്ടാക്കുകയത്രേ ധർമശാസ്ത്രം ചെയ്യുന്നത്.
ദൈവത്തോടുള്ള സന്ധാനം
21ധർമശാസ്ത്രവും പ്രവാചകന്മാരും സാക്ഷ്യം വഹിച്ച ദൈവനീതി, ധർമശാസ്ത്രം മുഖേനയല്ലാതെ ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നു. 22യേശുക്രിസ്തുവിൽ വിശ്വസിക്കുന്നതുമൂലം ദൈവത്തിന്റെ ഈ നീതി എല്ലാ വിശ്വാസികൾക്കും ലഭിച്ചിരിക്കുന്നു. ഇതിൽ യൂദനെന്നും യൂദേതരനെന്നുമുള്ള വ്യത്യാസമില്ല. 23എല്ലാവരും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തി. 24ദൈവം തന്റെ സൗജന്യ കൃപാവരത്താൽ മനുഷ്യരെ കുറ്റമറ്റവരായി അംഗീകരിക്കുന്നു. മനുഷ്യവർഗത്തെ വീണ്ടെടുക്കുന്ന ക്രിസ്തുയേശുവിന്റെ രക്ഷകപ്രവർത്തനത്തിൽകൂടിയാണ് അതു നിർവഹിക്കുന്നത്. 25-26മനുഷ്യന്റെ പാപപരിഹാരത്തിനുള്ള മാർഗമായിത്തീരുന്നതിന് ദൈവം ക്രിസ്തുയേശുവിനെ നിയോഗിച്ചു. സ്വന്തം രക്തം ചിന്തി, സ്വജീവൻ യാഗമായി അർപ്പിച്ച ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണ് പാപങ്ങൾ പൊറുക്കപ്പെടുന്നത്. ഇങ്ങനെ മനുഷ്യരുടെ പാപങ്ങൾ കണക്കിലെടുക്കാതെ സഹിഷ്ണുതാപൂർവം അവ ഇല്ലായ്മ ചെയ്ത പൂർവകാലത്തും ഇക്കാലത്തും ദൈവം തന്റെ നീതി വെളിപ്പെടുത്തുന്നു. ഇപ്രകാരം യേശുവിൽ വിശ്വസിക്കുന്ന എല്ലാവരെയും നീതിമാന്മാരായി സ്വീകരിക്കുമെന്നും വ്യക്തമാകുന്നു.
27അങ്ങനെയെങ്കിൽ നമുക്ക് ആത്മപ്രശംസചെയ്യാൻ എന്തിരിക്കുന്നു? ഒന്നുമില്ല. കാരണം, ധർമശാസ്ത്രം അനുശാസിക്കുന്ന മാർഗം വിട്ട് വിശ്വാസത്തിന്റെ മാർഗം നാം സ്വീകരിക്കുന്നു എന്നതാണ്. 28എന്തെന്നാൽ ദൈവത്തിന്റെ മുമ്പാകെ ഒരുവൻ കുറ്റമറ്റവനായി അംഗീകരിക്കപ്പെടുന്നത് ധർമശാസ്ത്രം അനുശാസിക്കുന്ന കർമങ്ങൾ അനുഷ്ഠിക്കുന്നതുകൊണ്ടല്ല. പിന്നെയോ, വിശ്വാസംകൊണ്ടു മാത്രമാണെന്നു ഞങ്ങൾ കരുതുന്നു. 29അതുതന്നെയുമല്ല, ദൈവം യെഹൂദന്മാരുടെ മാത്രം ദൈവമാണോ? വിജാതീയരുടെയും ദൈവമല്ലേ? 30അതേ, അവിടുന്നു വിജാതീയരുടെയും ദൈവമാകുന്നു. ദൈവം ഏകനായതുകൊണ്ട്, അവിടുന്നു യെഹൂദന്മാരെയും വിജാതീയരെയും വിശ്വാസംമൂലം കുറ്റമറ്റവരായി അംഗീകരിക്കുന്നു. 31അങ്ങനെയെങ്കിൽ ഈ വിശ്വാസത്താൽ നാം ധർമശാസ്ത്രത്തെ നിഷ്പ്രയോജനമാക്കുകയാണോ? ഒരിക്കലുമല്ല! നാം അതിനെ ഉറപ്പിക്കുകയാണു ചെയ്യുന്നത്.

Currently Selected:

ROM 3: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in