ROM 13
13
അധികാരികളോടുള്ള കടമ
1എല്ലാവരും രാഷ്ട്രത്തിന്റെ ഭരണാധികാരികളെ അനുസരിക്കണം; ദൈവം അനുവദിക്കാതെ ഒരധികാരവും ഇല്ലല്ലോ. നിലവിലിരിക്കുന്ന ഭരണാധികാരികളെ ദൈവമാണ് നിയമിച്ചിരിക്കുന്നത്. 2അതുകൊണ്ട് അധികാരത്തെ എതിർക്കുന്നവൻ ദൈവത്തിന്റെ വ്യവസ്ഥയെയാണ് എതിർക്കുന്നത്; അങ്ങനെ ചെയ്യുന്നവൻ ശിക്ഷാവിധി വരുത്തിവയ്‍ക്കും. 3നന്മപ്രവർത്തിക്കുന്നവർക്കല്ല, ദുഷ്ടത പ്രവർത്തിക്കുന്നവർക്കാണ് ഭരണാധികാരി ഭയങ്കരനായിരിക്കുന്നത്. ഭരണാധികാരിയുടെ മുമ്പിൽ നിർഭയനായിരിക്കുവാൻ നീ ഇച്ഛിക്കുന്നുവോ? എങ്കിൽ നന്മ ചെയ്യുക. 4അപ്പോൾ അധികാരി നിന്നെ പ്രശംസിക്കും. നിന്റെ നന്മയ്‍ക്കുവേണ്ടി പ്രവർത്തിക്കുന്ന ദൈവദാസനാണയാൾ. എന്നാൽ നീ തിന്മ ചെയ്താൽ അധികാരിയെ ഭയപ്പെടണം. എന്തെന്നാൽ ശിക്ഷിക്കുവാനുള്ള അയാളുടെ അധികാരം യഥാർഥമായിട്ടുള്ളതാണ്. തിന്മ പ്രവർത്തിക്കുന്നവർക്കുള്ള ശിക്ഷ നടപ്പാക്കുന്ന ദൈവഭൃത്യനാണയാൾ. 5ശിക്ഷയെ ഭയന്നു മാത്രമല്ല, മനസ്സാക്ഷിയെക്കൂടി വിചാരിച്ച് അധികാരികളെ അനുസരിക്കേണ്ടത് ആവശ്യമാണ്.
6തങ്ങളുടെ ഔദ്യോഗികധർമം നിറവേറ്റുമ്പോൾ അധികാരികൾ ദൈവത്തിനുവേണ്ടി പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണല്ലോ നിങ്ങൾ നികുതി കൊടുക്കുന്നത്. 7അവർക്കു കൊടുക്കുവാനുള്ളതു നിങ്ങൾ അവർക്കു കൊടുക്കണം; നികുതിയും ചുങ്കവും കൊടുക്കേണ്ടവർക്ക് അവ കൊടുക്കുക. അവരെ എല്ലാവരെയും ബഹുമാനിക്കുകയും ആദരിക്കുകയും വേണം.
ക്രൈസ്തവജീവിതധർമം
8അന്യോന്യം സ്നേഹിക്കുന്നതല്ലാതെ ആരോടും ഒന്നും കടപ്പെടരുത്. സ്നേഹിക്കുന്നവൻ നിയമം നിറവേറ്റുന്നു. 9‘വ്യഭിചരിക്കരുത്, കൊല ചെയ്യരുത്, മോഷ്‍ടിക്കരുത്, അന്യായമായി ആഗ്രഹിക്കരുത് എന്നീ കല്പനകളും അതോടുചേർന്നുള്ള മറ്റേതു കല്പനയും ‘നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുക’ എന്ന കല്പനയിൽ അന്തർഭവിച്ചിരിക്കുന്നു. 10അയൽക്കാരനെ സ്നേഹിക്കുന്ന ഒരുവൻ ഒരിക്കലും അയാൾക്കു ദോഷം ചെയ്യുകയില്ല. അപ്പോൾ ‘സ്നേഹിക്കുക’ എന്നത് നിയമസംഹിത മുഴുവൻ അനുസരിക്കുകയാണ്.
11നിദ്രവിട്ടുണരാൻ സമയമായിരിക്കുന്നു എന്നു നിങ്ങൾക്കറിയാവുന്നതുകൊണ്ട് നിങ്ങൾ ഇതു ചെയ്യണം. നമ്മുടെ രക്ഷയുടെ സമയം, നാം ആദ്യം വിശ്വാസത്തിലേക്കു വന്ന കാലത്തേതിനെക്കാൾ ആസന്നമായിരിക്കുന്നു. 12രാത്രി കഴിയാറായി; പകൽ ഇതാ അടുത്തെത്തിയിരിക്കുന്നു. അതുകൊണ്ട് അന്ധകാരത്തിന്റെ പ്രവൃത്തികൾ നിറുത്തിയിട്ട് പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കുക. 13പകൽവെളിച്ചത്തിൽ ജീവിക്കുന്നവരെപ്പോലെ നാം യോഗ്യമായി പെരുമാറുക; മദ്യപാനത്തിലോ, വിഷയാസക്തിയിലോ, ദുർമാർഗത്തിലോ, അശ്ലീലതയിലോ, ശണ്ഠയിലോ, അസൂയയിലോ വ്യാപരിക്കാതെ 14കർത്താവായ യേശുക്രിസ്തുവിനെ നിങ്ങൾ ധരിച്ചുകൊള്ളുക. മോഹങ്ങൾ ജനിക്കുമാറ് ജഡത്തിനായി ചിന്തിക്കരുത്.
Currently Selected:
ROM 13: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.