ROM 12:9-16
ROM 12:9-16 MALCLBSI
സ്നേഹം തികച്ചും ആത്മാർഥമായിരിക്കണം. തിന്മയെ വെറുത്ത് നന്മയോടു പറ്റിച്ചേർന്നുകൊള്ളുക. നിങ്ങൾ ക്രിസ്തുവിൽ സഹോദരന്മാരായതുകൊണ്ട് കൂടെപ്പിറപ്പുകളെപോലെ പരസ്പരം സ്നേഹിക്കുക; അന്യോന്യം ബഹുമാനിക്കുന്നതിൽ അത്യന്തം ഉത്സുകരായിരിക്കുക. അലസരായിരിക്കാതെ ഉത്സാഹപൂർവം അധ്വാനിക്കുക; ആത്മാവിൽ ശുഷ്കാന്തിയുള്ളവരായി കർത്താവിനെ സേവിക്കുക. നിങ്ങളുടെ പ്രത്യാശമൂലം ആനന്ദിക്കുക; കഷ്ടതയുണ്ടാകുമ്പോൾ ക്ഷമയോടുകൂടിയിരിക്കുക. പ്രാർഥനയിൽ സ്ഥിരനിഷ്ഠയുള്ളവരായിരിക്കുക. ഉപജീവനത്തിൽ ബുദ്ധിമുട്ടുള്ള സഹോദരങ്ങൾക്കു നിങ്ങളുടെ വകകൾ പങ്കിടുക. അപരിചിതർക്ക് ആതിഥ്യം നല്‌കുക. നിങ്ങളെ പീഡിപ്പിക്കുന്നവരുടെമേൽ അനുഗ്രഹം ചൊരിയണമേ എന്നു പ്രാർഥിക്കുക; അതേ, അവരെ ശപിക്കാതെ അവരുടെ അനുഗ്രഹത്തിനുവേണ്ടി പ്രാർഥിക്കുക. സന്തോഷിക്കുന്നവരോടുകൂടി സന്തോഷിക്കുകയും കരയുന്നവരോടുകൂടി കരയുകയും ചെയ്യണം. അന്യോന്യം സ്വരച്ചേർച്ച ഉള്ളവരായിരിക്കണം. വലിയവനാണെന്നു ഭാവിക്കാതെ എളിയവരോടു സൗഹൃദം പുലർത്തുക. നിങ്ങൾ ബുദ്ധിമാന്മാരാണെന്നു സ്വയം ഭാവിക്കരുത്.