ROM 10:5-15
ROM 10:5-15 MALCLBSI
‘ധർമശാസ്ത്രത്തിന്റെ അനുശാസനങ്ങൾ അനുസരിക്കുന്നവൻ അതുമൂലം ജീവിക്കും’ - ഇതാണ് ദൈവത്തിന്റെ അംഗീകാരം ലഭിക്കുന്നതിനുള്ള മാർഗമായി മോശ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വിശ്വാസത്താൽ ദൈവത്തിന്റെ അംഗീകാരം ലഭിക്കുന്നതിനെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: ക്രിസ്തുവിനെ ഇറക്കിക്കൊണ്ടു വരുന്നതിന് ആർ സ്വർഗത്തിലേക്കു കയറും എന്നു നിങ്ങൾ ചിന്തിക്കരുത്. “മരിച്ചവരുടെ ഇടയിൽനിന്ന് ക്രിസ്തുവിനെ ഉത്ഥാനം ചെയ്യിക്കുന്നതിന് ആർ അധോലോകത്തിലേക്ക് ഇറങ്ങും?” എന്നും ചിന്തിക്കരുത്. അതിനെക്കുറിച്ച് വേദലിഖിതത്തിൽ കാണുന്നത് ഇതാണ്: ദൈവത്തിന്റെ സന്ദേശം നിങ്ങളുടെ സമീപത്തുണ്ട്, നിങ്ങളുടെ അധരങ്ങളിലും നിങ്ങളുടെ ഹൃദയത്തിലും തന്നെ.’ ഞങ്ങൾ പ്രഖ്യാപനം ചെയ്യുന്ന വിശ്വാസത്തിന്റെ സന്ദേശം അതുതന്നെയാണ്. യേശു കർത്താവാകുന്നു എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവിടുത്തെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ ദൈവം നിന്നെ രക്ഷിക്കും. ഹൃദയംകൊണ്ടു വിശ്വസിക്കുന്നതുമൂലം ദൈവം നമ്മെ അംഗീകരിക്കുന്നു; അധരംകൊണ്ട് ഉദ്ഘോഷിക്കുന്നതുമൂലം ദൈവം നമ്മെ രക്ഷിക്കുകയും ചെയ്യുന്നു. ‘ദൈവത്തിൽ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടി വരികയില്ല’ എന്നു വേദഗ്രന്ഥത്തിൽ പറയുന്നു. യെഹൂദനെന്നും വിജാതീയനെന്നും ഭേദമില്ല. ദൈവം എല്ലാവരുടെയും കർത്താവത്രേ. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരെയും അവിടുന്ന് ഉദാരമായി അനുഗ്രഹിക്കുന്നു. “സർവേശ്വരന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും രക്ഷിക്കപ്പെടും.” എന്നാൽ അവർ വിശ്വസിക്കാതെ എങ്ങനെ വിളിച്ചപേക്ഷിക്കും? കേൾക്കാതെ എങ്ങനെ വിശ്വസിക്കും? സദ്‍വാർത്ത പ്രഖ്യാപനം ചെയ്യാതെ എങ്ങനെ കേൾക്കും? അയയ്‍ക്കപ്പെടാതെ എങ്ങനെ പ്രഖ്യാപനം ചെയ്യും? ‘സദ്‍വാർത്ത അറിയിക്കുന്നവരുടെ വരവ് എത്ര സന്തോഷപ്രദം!’ എന്നു വേദഗ്രന്ഥത്തിൽ പറയുന്നുണ്ടല്ലോ.