THUPUAN 5:1-13
THUPUAN 5:1-13 MALCLBSI
സിംഹാസനസ്ഥന്റെ വലത്തു കൈയിൽ ഒരു ഗ്രന്ഥച്ചുരുൾ ഞാൻ കണ്ടു. അതിന്റെ അകത്തും പുറത്തും എഴുതിയിരുന്നു; അതിന് ഏഴു മുദ്രകൾ വച്ചിരുന്നു. മുദ്ര പൊട്ടിച്ച് ഈ ഗ്രന്ഥം തുറക്കുവാൻ യോഗ്യനായി ആരുണ്ട്? എന്ന് ഉച്ചസ്വരത്തിൽ വിളിച്ചുപറയുന്ന ശക്തനായ ഒരു മാലാഖയെയും ഞാൻ കണ്ടു. ആ ഗ്രന്ഥം തുറക്കുന്നതിനോ അതിൽ നോക്കുന്നതിനോ കഴിവുള്ള ആരുംതന്നെ സ്വർഗത്തിലും ഭൂമിയിലും അധോലോകത്തിലും ഉണ്ടായിരുന്നില്ല. ഗ്രന്ഥം തുറക്കുവാനോ അതിൽ നോക്കുവാനോ യോഗ്യനായ ഒരുവനെയും കണ്ടെത്താഞ്ഞതുകൊണ്ട് ഞാൻ വളരെയധികം കരഞ്ഞു. അപ്പോൾ ആ ശ്രേഷ്ഠപുരുഷന്മാരിൽ ഒരാൾ എന്നോടു പറഞ്ഞു: “കരയേണ്ടാ, ഇതാ യൂദാകുലത്തിന്റെ സിംഹം, ദാവീദിന്റെ പിൻഗാമിതന്നെ, ഗ്രന്ഥം തുറക്കുന്നതിലും സപ്തമുദ്രകൾ പൊട്ടിക്കുന്നതിലും വിജയം വരിച്ചിരിക്കുന്നു.” അപ്പോൾ സിംഹാസനത്തിന്റെയും നാലു ജീവികളുടെയും ഇടയ്‍ക്ക് ശ്രേഷ്ഠപുരുഷന്മാരുടെ മധ്യത്തിൽ ഒരു കുഞ്ഞാടു നില്‌ക്കുന്നതു ഞാൻ കണ്ടു. കൊല്ലപ്പെട്ടതായി തോന്നിയ ആ കുഞ്ഞാടിന് ഏഴു കൊമ്പുകളും ഏഴു കണ്ണുകളും ഉണ്ടായിരുന്നു. ലോകമെങ്ങും അയയ്‍ക്കപ്പെട്ട ദൈവാത്മാക്കളായിരുന്നു ആ ഏഴു കണ്ണുകൾ. കുഞ്ഞാടു വന്ന് സിംഹാസനാരൂഢന്റെ വലത്തുകൈയിൽനിന്ന് പുസ്തകച്ചുരുൾ എടുത്തു. അപ്പോൾ നാലു ജീവികളും ഇരുപത്തിനാലു ശ്രേഷ്ഠപുരുഷന്മാരും കുഞ്ഞാടിന്റെ മുമ്പിൽ സാഷ്ടാംഗപ്രണാമം ചെയ്തു. ആ സമയത്ത് ഭക്തജനങ്ങളുടെ പ്രാർഥനയാകുന്ന സുഗന്ധദ്രവ്യം നിറച്ച സ്വർണപ്പാത്രങ്ങളും വീണകളും ആ ശ്രേഷ്ഠപുരുഷന്മാരുടെ കൈയിലുണ്ടായിരുന്നു. ഈ പുതിയഗാനം അവർ പാടി. “ഗ്രന്ഥം സ്വീകരിക്കുന്നതിനും മുദ്ര പൊട്ടിക്കുന്നതിനും അങ്ങു യോഗ്യൻ. എന്തുകൊണ്ടെന്നാൽ അവിടുന്നു കൊല്ലപ്പെട്ടു. അവിടുത്തെ രക്തത്താൽ, സകല ഗോത്രങ്ങളിലും ഭാഷക്കാരിലും വംശക്കാരിലും ജാതികളിലും ഉള്ളവരെ അവിടുന്നു ദൈവത്തിനായി വിലയ്‍ക്കു വാങ്ങുകയും ചെയ്തു. അവരെ നമ്മുടെ ദൈവത്തിന്റെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തിരിക്കുന്നു. അവർ ഭൂമിയിൽ വാഴും.” എന്റെ ദർശനത്തിൽ, സിംഹാസനത്തിന്റെയും ജീവികളുടെയും ശ്രേഷ്ഠപുരുഷന്മാരുടെയും ചുറ്റും, നിരവധി മാലാഖമാരുടെ സ്വരം ഞാൻ കേട്ടു. അവരുടെ എണ്ണം പതിനായിരങ്ങളുടെ പതിനായിരവും ആയിരങ്ങളുടെ ആയിരവും ആയിരുന്നു. “ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്ത്വവും സ്തുതിയും ലഭിക്കുന്നതിന്, കൊല്ലപ്പെട്ട കുഞ്ഞാടു യോഗ്യൻ!” എന്ന് അത്യുച്ചത്തിൽ പറയുന്നതു ഞാൻ കേട്ടു. പിന്നീട് സ്വർഗത്തിലും ഭൂമിയിലും അധോലോകത്തിലും സമുദ്രത്തിലും ഉള്ള എല്ലാ സൃഷ്‍ടികളും ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “സിംഹാസനത്തിലിരിക്കുന്നവനും കുഞ്ഞാടിനും എന്നെന്നേക്കും സ്തുതിയും ബഹുമാനവും മഹത്ത്വവും ശക്തിയും ഭവിക്കട്ടെ!” നാലു ജീവികളും ആമേൻ എന്നു പറഞ്ഞു. ശ്രേഷ്ഠപുരുഷന്മാർ വീണ്ടും സാഷ്ടാംഗം വീണു നമസ്കരിച്ചു.