YouVersion Logo
Search Icon

THUPUAN 22:12-21

THUPUAN 22:12-21 MALCLBSI

“ഇതാ, ഞാൻ വേഗം വരുന്നു! അവരവർ ചെയ്ത പ്രവൃത്തിക്കു തക്കവണ്ണം ഓരോ വ്യക്തിക്കും നല്‌കുവാനുള്ള പ്രതിഫലവുമായിട്ടാണ് ഞാൻ വരുന്നത്. ഞാൻ അല്ഫയും ഓമേഗയും ആണ്-ആദ്യനും അന്ത്യനും-ആദിയും അന്ത്യവും ഞാൻ തന്നെ. ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുവാനും ഗോപുരത്തിൽ കൂടി നഗരത്തിൽ പ്രവേശിക്കുവാനും അവകാശം ലഭിക്കുവാനായി തങ്ങളുടെ വസ്ത്രം അലക്കി വെളുപ്പിക്കുന്നവർ അനുഗൃഹീതർ! നായ്‍ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധകരും വ്യാജം പറയുവാനും പ്രവർത്തിക്കുവാനും ഇഷ്ടപ്പെടുന്നവരും നഗരത്തിനു പുറത്താണ്. “സഭകൾക്കുള്ള സാക്ഷ്യവുമായി, യേശു എന്ന ഞാൻ എന്റെ ദൂതനെ അയച്ചിരിക്കുന്നു. ഞാൻ ദാവീദിന്റെ വേരും സന്താനവും അത്രേ. ഭാസുരമായ ഉദയനക്ഷത്രം.” ആത്മാവും മണവാട്ടിയും പറയുന്നു: “വന്നാലും!” കേൾക്കുന്നവനും പറയട്ടെ, “വന്നാലും!” എന്ന്. ദാഹിക്കുന്നവൻ വരട്ടെ; ജീവജലം വേണമെന്ന് ആഗ്രഹിക്കുന്നവർ അതു വിലകൂടാതെ വാങ്ങിക്കൊള്ളട്ടെ. ഈ ഗ്രന്ഥത്തിലെ പ്രധാന വചസ്സുകൾ കേൾക്കുന്ന എല്ലാവർക്കും ഞാൻ മുന്നറിയിപ്പു നല്‌കുന്നു: ആരെങ്കിലും ഇവയോട് എന്തെങ്കിലും കൂട്ടിച്ചേർത്താൽ അങ്ങനെയുള്ളവന് ഈ പുസ്തകത്തിൽ വിവരിച്ചിട്ടുള്ള മഹാമാരികൾ ദൈവം വരുത്തും. ഈ പ്രവചനഗ്രന്ഥത്തിലെ വചനങ്ങളിൽനിന്ന് ഏതെങ്കിലും എടുത്തുകളയുന്നവനിൽനിന്ന് ഇതിൽ വിവരിച്ചിട്ടുള്ള ജീവവൃക്ഷത്തിന്റെയും വിശുദ്ധനഗരത്തിന്റെയും ഓഹരിയും എടുത്തുകളയും. ഈ കാര്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നവൻ പറയുന്നു: “നിശ്ചയമായും, ഞാൻ വേഗം വരുന്നു!” ആമേൻ, കർത്താവായ യേശുവേ, വേഗം വന്നാലും! കർത്താവായ യേശുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കട്ടെ. ആമേൻ.