YouVersion Logo
Search Icon

THUPUAN 14

14
കുഞ്ഞാടും ജനങ്ങളും
1പിന്നീട് സിയോൻമലയിൽ കുഞ്ഞാടും നെറ്റിയിൽ അവന്റെ നാമവും അവന്റെ പിതാവിന്റെ നാമവും എഴുതപ്പെട്ടിട്ടുള്ള നൂറ്റിനാല്പത്തിനാലായിരം പേരും നില്‌ക്കുന്നതു ഞാൻ കണ്ടു. 2വെള്ളച്ചാട്ടത്തിന്റെ ഗർജനംപോലെയും ഗംഭീരമായ ഇടിമുഴക്കംപോലെയും സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഞാൻ കേട്ടു. ഞാൻ കേട്ടത് വൈണികരുടെ വീണകളിൽനിന്നു പുറപ്പെടുന്ന ശബ്ദംപോലെ ആയിരുന്നു. 3അവർ സിംഹാസനത്തിന്റെയും നാലു ജീവികളുടെയും ശ്രേഷ്ഠപുരുഷന്മാരുടെയും മുമ്പിൽ ഒരു പുതിയ ഗാനം ആലപിച്ചു. ഭൂമിയിൽനിന്നു വീണ്ടെടുക്കപ്പെട്ട നൂറ്റിനാല്പത്തിനാലായിരം പേർക്കല്ലാതെ ആ ഗാനം പഠിക്കുവാൻ കഴിഞ്ഞില്ല. 4സ്‍ത്രീകളോടു ബന്ധം പുലർത്താത്ത ജിതേന്ദ്രിയരാണവർ. കുഞ്ഞാട് എവിടെ പോയാലും അവർ കുഞ്ഞാടിനെ അനുഗമിക്കുന്നു. മനുഷ്യവർഗത്തിൽനിന്ന് അവർ വീണ്ടെടുക്കപ്പെട്ടിരിക്കുന്നു. അവർ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ആദ്യഫലം അത്രേ. 5അവരുടെ വായിൽനിന്ന് അസത്യവാക്കു പുറപ്പെട്ടിരുന്നില്ല. അവർ നിഷ്കളങ്കരാണ്.
മൂന്നു മാലാഖമാർ
6പിന്നീട് മറ്റൊരു മാലാഖ ആകാശമധ്യത്തിൽ പറക്കുന്നതായി ഞാൻ ദർശിച്ചു. എല്ലാ വർഗക്കാരും എല്ലാ ഗോത്രക്കാരും എല്ലാ ഭാഷക്കാരും സർവ ദേശക്കാരും ആയ സമസ്ത ഭൂവാസികളോടും വിളംബരം ചെയ്യാനുള്ള നിത്യസുവിശേഷം ആ മാലാഖയുടെ പക്കൽ ഉണ്ടായിരുന്നു. 7“വിധിയുടെ നാഴിക വന്നുകഴിഞ്ഞിരിക്കുന്നു. ദൈവത്തെ ഭയപ്പെടുകയും ദൈവത്തിന്റെ മഹത്ത്വത്തെ പ്രകീർത്തിക്കുകയും ചെയ്യുക; ആകാശവും ഭൂമിയും സമുദ്രവും നീരുറവുകളും സൃഷ്‍ടിച്ചവനെ നമസ്കരിക്കുക” എന്ന് ആ മാലാഖ ഉച്ചസ്വരത്തിൽ പറഞ്ഞു.
8രണ്ടാമത് മറ്റൊരു മാലാഖ പിന്നാലെ വന്നു. “വീണുപോയി! എല്ലാ ജനതകളെയും ദുർവൃത്തിയുടെ മാദകലഹരിയുള്ള വീഞ്ഞു കുടിപ്പിച്ചു മഹാബാബിലോൺ വീണുപോയി!” എന്ന് ആ മാലാഖ പറഞ്ഞു.
9-10മൂന്നാമതു വേറൊരു മാലാഖ അവരുടെ പിന്നാലെ വന്ന് അത്യുച്ചസ്വരത്തിൽ പറഞ്ഞു: “മൃഗത്തെയോ അതിന്റെ പ്രതിമയെയോ വന്ദിക്കുകയും, നെറ്റിയിലോ കൈയിലോ മുദ്രകുത്തപ്പെടുകയും ചെയ്യുന്നവൻ ദൈവത്തിന്റെ ഉഗ്രകോപമാകുന്ന വീഞ്ഞു കുടിക്കേണ്ടിവരും. വീര്യം കുറയ്‍ക്കാത്ത ആ വീഞ്ഞ് ദൈവത്തിന്റെ കോപമാകുന്ന പാനപാത്രത്തിൽ പകർന്നിരിക്കുന്നു. വിശുദ്ധമാലാഖമാരുടെയും കുഞ്ഞാടിന്റെയും മുമ്പാകെ അവർ ഗന്ധകാഗ്നിയിൽ ദണ്ഡിപ്പിക്കപ്പെടും. 11അവരെ പീഡിപ്പിക്കുന്ന അഗ്നിയുടെ പുക എന്നേക്കും ഉയരുന്നു; മൃഗത്തെയും അതിന്റെ പ്രതിമയെയും ആരാധിക്കുന്നവർക്കും അതിന്റെ നാമമുദ്ര സ്വീകരിക്കുന്നവർക്കും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാവുകയില്ല.
12യേശുവിലുള്ള വിശ്വാസവും ദൈവകല്പനകളും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണുത ഇവിടെയാണു പ്രകടമാകുന്നത്.
13പിന്നീട് സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “എഴുതിക്കൊള്ളുക; ഇന്നുമുതൽ കർത്താവിനോടു വിശ്വസ്തരായിരുന്നു മൃതിയടയുന്നവർ അനുഗൃഹീതർ!”
“അതെ, നിശ്ചയമായും തങ്ങളുടെ അധ്വാനങ്ങളിൽനിന്നു വിരമിച്ച് അവർ വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തികൾ അവരെ പിന്തുടരുന്നു” എന്ന് ആത്മാവു പറയുന്നു.
ഭൂമിയിലെ വിളവെടുപ്പ്
14അതിനുശേഷം അതാ ഒരു വെൺമേഘം! മേഘത്തിന്മേൽ മനുഷ്യപുത്രനു സദൃശനായ ഒരുവൻ തലയിൽ പൊൻകിരീടവും കൈയിൽ മൂർച്ചയുള്ള അരിവാളുമായി ഇരിക്കുന്നു. 15പിന്നീട് മറ്റൊരു മാലാഖ ദേവാലയത്തിൽനിന്നു പുറത്തുവന്ന് മേഘാരൂഢനായിരിക്കുന്ന ആളിനോട് ഉച്ചത്തിൽ പറഞ്ഞു: “കൊയ്ത്തിനു സമയമായിരിക്കുന്നു; നിന്റെ അരിവാളെടുത്തു കൊയ്യുക; ഭൂമി കൊയ്ത്തിനു വിളഞ്ഞു പാകമായിരിക്കുന്നു.” 16അപ്പോൾ മേഘത്തിന്മേൽ ഇരുന്നയാൾ അരിവാൾ ഭൂമിയിലേക്കെറിഞ്ഞു. ഭൂമിയിലെ കൊയ്ത്തു നടക്കുകയും ചെയ്തു.
17അനന്തരം വേറൊരു മാലാഖ സ്വർഗത്തിലെ ദേവാലയത്തിൽനിന്ന് ഇറങ്ങിവന്നു. ആ ദൂതന്റെ കൈയിലും ഉണ്ട് മൂർച്ചയുള്ള ഒരു അരിവാൾ.
18അഗ്നിയുടെമേൽ അധികാരമുള്ള ഒരു മാലാഖ ബലിപീഠത്തിൽനിന്നു പുറത്തുവന്ന് മൂർച്ചയുള്ള അരിവാൾ കൈയിലുള്ളവനോട്, “ഭൂമിയിലെ മുന്തിരിയുടെ ഫലങ്ങൾ പാകമായിരിക്കുന്നു. അരിവാൾ എറിഞ്ഞ് മുന്തിരിവള്ളിയിൽനിന്ന് കുലകൾ അറുത്തെടുക്കുക” എന്ന് ഉച്ചത്തിൽ പറഞ്ഞു. 19ആ മാലാഖ അരിവാൾ ഭൂമിയിലേക്ക് എറിഞ്ഞു; മുന്തിരിവള്ളിയിൽനിന്ന് കുലകൾ അറുത്തെടുത്ത് നഗരത്തിനു പുറത്തുള്ള ചക്കിൽ ഇട്ടു ഞെക്കിപ്പിഴിഞ്ഞു. 20ദൈവത്തിന്റെ ഉഗ്രരോഷമാകുന്ന ആ മുന്തിരിച്ചക്കിൽനിന്ന് രക്തം കുതിരയുടെ കടിഞ്ഞാണോളം ഉയരത്തിൽ മുന്നൂറു കിലോമീറ്റർ ദൂരം ഒഴുകി.

Currently Selected:

THUPUAN 14: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in