THUPUAN 11
11
രണ്ടു സാക്ഷികൾ
1പിന്നീട്, ദണ്ഡുപോലെയുള്ള ഒരു അളവുകോൽ നല്‌കിയിട്ട് എന്നോട് ഇപ്രകാരം പറഞ്ഞു: “നീ പോയി ദേവാലയവും അതിലെ ബലിപീഠവും അളക്കുക; ദേവാലയത്തിൽ ആരാധിക്കുന്നവരെയും അളക്കുക; 2എന്നാൽ ദേവാലയത്തിനു പുറത്തുള്ള അങ്കണം അളക്കരുത്; അതു വിജാതീയർക്കു വിട്ടുകൊടുത്തിരിക്കുന്നതാണല്ലോ. അവർ നാല്പത്തിരണ്ടു മാസം വിശുദ്ധനഗരത്തെ ചവുട്ടിമെതിക്കും. 3ഞാൻ രണ്ടു സാക്ഷികളെ പ്രവചിക്കുവാൻ അധികാരപ്പെടുത്തും. അവർ ചണവസ്ത്രം ധരിച്ച് ആയിരത്തി ഇരുന്നൂറ്റി അറുപതു ദിവസം പ്രവചിക്കും.”
4ലോകനാഥന്റെ മുമ്പിൽ നില്‌ക്കുന്ന രണ്ട് ഒലിവുമരങ്ങളും രണ്ടു നിലവിളക്കുകളുമാണ് പ്രസ്തുത സാക്ഷികൾ. 5ആരെങ്കിലും ആ പ്രവാചകരെ ദ്രോഹിക്കുവാൻ ശ്രമിച്ചാൽ അവരുടെ വായിൽനിന്ന് അഗ്നി പുറപ്പെട്ട് ശത്രുക്കളെ നശിപ്പിക്കും; അവരെ ദ്രോഹിക്കുന്നവർ മരിക്കേണ്ടിവരും. 6അവരുടെ പ്രവചനകാലത്ത് മഴപെയ്യാതെവണ്ണം ആകാശത്തിന്റെ കിളിവാതിലുകൾ അടച്ചുകളയുവാൻ അവർക്ക് അധികാരമുണ്ട്. സകല ജലാശയങ്ങളെയും രക്തമായി മാറ്റുവാനും സർവ പകർച്ചവ്യാധികൾകൊണ്ടും ഭൂമിയെ യഥേഷ്ടം ദണ്ഡിപ്പിക്കുവാനുമുള്ള അധികാരവും അവർക്കുണ്ട്.
7അവരുടെ ദൗത്യം നിറവേറ്റിക്കഴിയുമ്പോൾ പാതാളത്തിൽനിന്നു കയറിവരുന്ന മൃഗം അവരോടു പടവെട്ടി അവരെ കീഴടക്കികൊന്നുകളയും. 8അവരുടെ കർത്താവ് ക്രൂശിക്കപ്പെട്ട മഹാനഗരത്തിന്റെ തെരുവീഥിയിൽ അവരുടെ മൃതദേഹങ്ങൾ കിടക്കും. സോദോമിന്റെയും ഈജിപ്തിന്റെയും പ്രതീകമായിട്ടത്രേ ആ നഗരം അറിയപ്പെടുന്നത്. 9സകല ജനതകളിലും ഗോത്രങ്ങളിലും ഭാഷക്കാരിലും ജാതികളിലും നിന്നുള്ളവർ മൂന്നര ദിവസം അവരുടെ മൃതദേഹങ്ങളെ നോക്കിനില്‌ക്കും. അവയെ സംസ്കരിക്കുവാൻ അവർ അനുവദിക്കുകയില്ല. 10ഭൂമിയിൽ നിവസിക്കുന്ന തങ്ങളെ ദണ്ഡിപ്പിച്ച ആ പ്രവാചകന്മാരുടെ മരണത്തിൽ അവർ സന്തോഷിക്കുകയും ആഹ്ലാദഭരിതരായി അന്യോന്യം സമ്മാനങ്ങൾ കൈമാറുകയും ചെയ്യും. 11മൂന്നര ദിവസം കഴിഞ്ഞ് ജീവൻ നല്‌കുന്ന ആത്മാവ് ദൈവത്തിൽനിന്ന് അവരിൽ പ്രവേശിച്ചു. അവർ എഴുന്നേറ്റു നിന്നു. അവരെ കണ്ടവർ അത്യന്തം ഭയപരവശരായി. 12അപ്പോൾ സ്വർഗത്തിൽനിന്ന് ഒരു മഹാശബ്ദം: “ഇവിടെ കയറിവരിക” എന്നു പറയുന്നതായി അവർ കേട്ടു. തങ്ങളുടെ ശത്രുക്കൾ നോക്കിനില്‌ക്കെ അവർ മേഘത്തിലൂടെ സ്വർഗാരോഹണം ചെയ്തു. 13തൽക്ഷണം ഒരു വലിയ ഭൂകമ്പമുണ്ടായി; പട്ടണത്തിന്റെ പത്തിലൊന്നു നിലംപരിചായി. ഏഴായിരംപേർ കൊല്ലപ്പെട്ടു. ശേഷിച്ചവർ ഭയാക്രാന്തരായിത്തീർന്നു. സ്വർഗത്തിന്റെ അധീശനായ ദൈവത്തിന്റെ മഹത്ത്വത്തെ അവർ പുകഴ്ത്തി.
14രണ്ടാമത്തെ ദുരിതം കഴിഞ്ഞു. ഇതാ മൂന്നാമത്തേതിന്റെ ആഗമനം ആസന്നമായിരിക്കുന്നു.
ഏഴാമത്തെ കാഹളം
15അനന്തരം ഏഴാമത്തെ മാലാഖ കാഹളം ഊതി. അപ്പോൾ സ്വർഗത്തിൽ ഒരു ശബ്ദഘോഷമുണ്ടായി: “ലോകരാജ്യം നമ്മുടെ സർവേശ്വരന്റെയും അവിടുത്തെ ക്രിസ്തുവിന്റെയും രാജ്യമായിത്തീർന്നിരിക്കുന്നു; അവിടുന്ന് എന്നെന്നേക്കും വാണരുളും” എന്നായിരുന്നു ആ ശബ്ദഘോഷം. 16അപ്പോൾ ദൈവസന്നിധിയിലുള്ള സിംഹാസനങ്ങളിൽ ഉപവിഷ്ടരായിരിക്കുന്ന ഇരുപത്തിനാലു ശ്രേഷ്ഠപുരുഷന്മാർ ദൈവമുമ്പാകെ സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു:
17ഉണ്ടായിരുന്നവനും ഇപ്പോഴുള്ളവനും
സർവശക്തനുമായ ദൈവമേ!
അവിടുന്നു മഹാശക്തി ധരിച്ചുകൊണ്ട്
വാണരുളുവാൻ തുടങ്ങിയിരിക്കുന്നതിനാൽ
ഞങ്ങൾ അങ്ങയെ വാഴ്ത്തുന്നു.
18വിജാതീയർ രോഷാകുലരായി;
അവിടുത്തെ കോപം വന്നണഞ്ഞിരിക്കുന്നു.
മരിച്ചവർ വിധിക്കപ്പെടുന്നതിനുള്ള
സമയം സമാഗതമായി.
അന്ന് അവിടുത്തെ ദാസന്മാരായ
പ്രവാചകന്മാർക്കും വിശുദ്ധന്മാർക്കും
അങ്ങയുടെ നാമത്തെ ഭയപ്പെടുന്ന
ചെറിയവർക്കും വലിയവർക്കും
പ്രതിഫലം നല്‌കപ്പെടുകയും
ഭൂമിയെ നശിപ്പിക്കുന്നവർ
ഉന്മൂലനം ചെയ്യപ്പെടുകയും ചെയ്യും.
19പിന്നീട് സ്വർഗത്തിൽ ദൈവത്തിന്റെ ആലയം തുറക്കപ്പെട്ടു. ദൈവത്തിന്റെ ഉടമ്പടിപ്പേടകം അവിടെ ദൃശ്യമായി. മിന്നൽപ്പിണരും ഉച്ചത്തിലുള്ള ശബ്ദവും ഇടിമുഴക്കവും ഉഗ്രമായ കന്മഴയും ഭൂകമ്പവും ഉണ്ടായി.
Currently Selected:
THUPUAN 11: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.