THUPUAN 1:9-18
THUPUAN 1:9-18 MALCLBSI
യേശുവിന്റെ പീഡനങ്ങളിലും, രാജ്യത്തിലും, ക്ഷമാപൂർവമുള്ള സഹനത്തിലും നിങ്ങളുടെ പങ്കാളിയും, നിങ്ങളുടെ സഹോദരനുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനത്തെയും, യേശുക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യത്തെയും പ്രതി പത്മോസ് എന്ന ദ്വീപിൽ ആയിരുന്നു. കർത്താവിന്റെ ദിവസത്തിൽ ആത്മാവിൽ വിലയം പ്രാപിച്ചിരിക്കുമ്പോൾ കാഹളനാദം പോലെയുള്ള ഒരു ഗംഭീരസ്വരം പിറകിൽ കേട്ടു. “നീ കാണുന്നത് ഒരു പുസ്തകത്തിൽ എഴുതി എഫെസൊസ്, സ്മുർന്ന, പെർഗ്ഗമൊസ്, തുയത്തൈര, സർദ്ദീസ്, ഫിലദെൽഫിയ, ലവൊദിക്യ എന്നീ ഏഴു സഭകൾക്ക് അയച്ചുകൊടുക്കുക” എന്നു പറയുന്നതാണ് കേട്ടത്. എന്നോടു സംസാരിക്കുന്നത് ആരാണെന്നറിയുവാൻ ഞാൻ തിരിഞ്ഞുനോക്കി. അപ്പോൾ ഏഴു പൊൻവിളക്കുകളും അവയുടെ മധ്യത്തിൽ നിലയങ്കി ധരിച്ച് മാറിൽ സ്വർണക്കച്ച കെട്ടിയ മനുഷ്യസദൃശനായ ഒരുവനെയും കണ്ടു; അവിടുത്തെ ശിരസ്സും മുടിയും വെൺകമ്പിളിപോലെയും ഹിമംപോലെയും ധവളസുന്ദരമായിരുന്നു. അവിടുത്തെ നേത്രങ്ങൾ അഗ്നിജ്വാലപോലെ കാണപ്പെട്ടു. പാദങ്ങളാകട്ടെ തേച്ചുമിനുക്കിയ വെള്ളോടുപോലെയും, അവിടുത്തെ സ്വരം പെരുവെള്ളത്തിന്റെ ഇരമ്പൽപോലെയും ആയിരുന്നു. അവിടുത്തെ വലംകൈയിൽ ഏഴു നക്ഷത്രങ്ങൾ ഉണ്ടായിരുന്നു. വായിൽനിന്നു മൂർച്ചയേറിയ ഇരുമുനവാൾ പുറത്തേക്കു വന്നു. അവിടുത്തെ വദനം അതിഭാസുരമായി പ്രകാശിക്കുന്ന സൂര്യനു സമാനമായിരുന്നു. ദർശനമാത്രയിൽ ഞാൻ ചേതനയറ്റവനെപ്പോലെ അവിടുത്തെ കാല്‌ക്കൽ വീണു. അപ്പോൾ വലംകൈ എന്റെമേൽ വച്ചുകൊണ്ട് അവിടുന്ന് ഇപ്രകാരം അരുൾചെയ്തു: “ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ആകുന്നു. ഞാൻ ജീവിക്കുന്നവനാകുന്നു; ഞാൻ മരിച്ചെങ്കിലും ഇതാ എന്നെന്നേക്കും ജീവിക്കുന്നു. മരണത്തിന്റെയും നരകത്തിന്റെയും താക്കോലുകൾ എന്റെ കൈയിലുണ്ട്.