SAM 94
94
വിധികർത്താവായ ദൈവം
1സർവേശ്വരാ, ദുഷ്ടരെ ശിക്ഷിക്കുന്ന ദൈവമേ, പ്രത്യക്ഷനായാലും,
2ലോകത്തിന്റെ ന്യായാധിപതിയേ, എഴുന്നേല്‌ക്കണമേ.
അഹങ്കാരികൾക്ക് അർഹമായ ശിക്ഷ നല്‌കണമേ.
3സർവേശ്വരാ, ദുഷ്ടന്മാർ എത്രനാൾ തങ്ങളുടെ ദുഷ്ടതയിൽ ആഹ്ലാദിക്കും?
4അവർ ഗർവോടെ വാക്കുകൾ ചൊരിയുന്നു.
ദുഷ്കർമികളായ അവർ വമ്പു പറയുന്നു,
5സർവേശ്വരാ, അവർ അങ്ങയുടെ ജനത്തെ നശിപ്പിക്കുന്നു.
അങ്ങയുടെ അവകാശമായ ജനത്തെ പീഡിപ്പിക്കുന്നു.
6അവർ വിധവയെയും പരദേശിയെയും വധിക്കുന്നു;
അനാഥരെ കൊല്ലുന്നു.
7സർവേശ്വരൻ കാണുന്നില്ല; യാക്കോബിന്റെ
ദൈവം ശ്രദ്ധിക്കുന്നില്ല എന്ന് അവർ പറയുന്നു.
8മൂഢരേ, അറിഞ്ഞുകൊൾവിൻ;
ഭോഷന്മാരേ എപ്പോഴാണ് നിങ്ങൾക്കു വിവേകമുദിക്കുക?
9ചെവി നല്‌കിയ ദൈവം കേൾക്കുന്നില്ലെന്നോ?
കണ്ണു സൃഷ്‍ടിച്ചവൻ കാണുകയില്ലെന്നോ?
10ജനതകളെ ശിക്ഷിക്കുന്നവൻ നിങ്ങളെ ശിക്ഷിക്കുകയില്ലെന്നോ?
മനുഷ്യർക്കു ജ്ഞാനം നല്‌കുന്നവന് അറിവില്ലെന്നോ?
11മനുഷ്യരുടെ വിചാരങ്ങൾ ശ്വാസംപോലെ മാത്രമെന്നു സർവേശ്വരൻ അറിയുന്നു.
12സർവേശ്വരാ, അങ്ങ് ധർമശാസ്ത്രം പഠിപ്പിക്കുകയും
ശിക്ഷണം നല്‌കുകയും ചെയ്യുന്നവൻ അനുഗൃഹീതൻ.
13അങ്ങനെയുള്ളവർക്കു കഷ്ടകാലത്ത് അവിടുന്നു വിശ്രമം നല്‌കുന്നു.
ദുഷ്ടനെ ശിക്ഷിക്കുന്നതുവരെ തന്നെ.
14സർവേശ്വരൻ സ്വജനത്തെ ഉപേക്ഷിക്കുകയില്ല.
അതേ, അവിടുത്തെ അവകാശമായ ജനത്തെ തള്ളിക്കളയുകയില്ല.
15ന്യായാധിപന്മാർ വീണ്ടും നീതിപൂർവം വിധിക്കും;
പരമാർഥഹൃദയമുള്ളവർ അതു മാനിക്കും.
16ആർ എനിക്കുവേണ്ടി ദുഷ്ടന്മാർക്കെതിരെ എഴുന്നേല്‌ക്കും?
ആർ എനിക്കുവേണ്ടി ദുഷ്കർമികളോടു പോരാടും?
17സർവേശ്വരൻ എനിക്കു തുണയായിരുന്നില്ലെങ്കിൽ,
ഞാൻ മൃതലോകത്ത് എത്തുമായിരുന്നു.
18എന്റെ കാൽ വഴുതാൻ പോയപ്പോൾ,
സർവേശ്വരാ, അവിടുത്തെ സുസ്ഥിരസ്നേഹം എന്നെ താങ്ങി.
19ഞാൻ ആകുലചിത്തനാകുമ്പോൾ,
അവിടുന്ന് എന്നെ ആശ്വസിപ്പിക്കുന്നു.
അത് എന്നെ ഉന്മേഷവാനാക്കുന്നു.
20ദുഷ്ടനിയമംകൊണ്ട് ദുരിതം വിതയ്‍ക്കുന്ന
ഹീനഭരണാധികാരികൾക്ക് അങ്ങയോടു സഖിത്വം സാധ്യമോ?
21നീതിമാന്മാരെ അപായപ്പെടുത്താൻ അവർ ഒത്തുചേരുന്നു.
നിരപരാധിയെ അവർ കൊലയ്‍ക്കു വിധിക്കുന്നു.
22എന്നാൽ സർവേശ്വരൻ എന്റെ കോട്ടയും
എന്റെ ദൈവവും എന്റെ അഭയശിലയും ആകുന്നു.
23അവരുടെ തിന്മകൊണ്ടുതന്നെ അവിടുന്ന് അവരെ ശിക്ഷിക്കും.
അവരുടെ ദുഷ്ടത നിമിത്തം അവരെ നിർമ്മാർജനം ചെയ്യും.
നമ്മുടെ ദൈവമായ സർവേശ്വരൻ അവരെ തുടച്ചുനീക്കും.
Currently Selected:
SAM 94: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.