SAM 64
64
സംരക്ഷണത്തിനുവേണ്ടിയുള്ള പ്രാർഥന
ഗായകസംഘനേതാവിന്; ദാവീദിന്റെ സങ്കീർത്തനം.
1ദൈവമേ, എന്റെ സങ്കടം കേൾക്കണമേ;
ശത്രുക്കളുടെ ഭീഷണികളിൽനിന്ന് എന്റെ ജീവനെ സംരക്ഷിക്കണമേ.
2ദുഷ്ടമനുഷ്യരുടെ ഗൂഢാലോചനയിൽനിന്നും
ദുഷ്കർമികളുടെ ദുരുപായങ്ങളിൽനിന്നും എന്നെ മറച്ചുകൊള്ളണമേ.
3അവർ തങ്ങളുടെ നാവുകൾ വാളുകൾപോലെ മൂർച്ചയുള്ളതാക്കുന്നു.
അവർ വിഷമുള്ള വാക്കുകൾ അസ്ത്രം പോലെ തൊടുക്കുന്നു.
4അവർ നിഷ്കളങ്കരെ പതിയിരുന്ന് എയ്യുന്നു,
കൂസലെന്യേ പെട്ടെന്ന് എയ്യുന്നു.
5അവർ തങ്ങളുടെ ദുഷ്ടലക്ഷ്യത്തിൽ ഉറച്ചുനില്‌ക്കുന്നു;
എവിടെ കെണി വയ്‍ക്കണമെന്ന് അവർ ആലോചിക്കുന്നു.
തങ്ങൾ ചെയ്യുന്നത് ആരും കാണുന്നില്ല എന്നാണ് അവരുടെ വിചാരം.
6‘നമ്മുടെ ഗൂഢപദ്ധതികൾ ആർ കണ്ടുപിടിക്കും?
കൗശലത്തോടെ നാം കെണിവച്ചു’ എന്ന് അവർ പറയുന്നു.
മനുഷ്യന്റെ അന്തരംഗവും ഹൃദയവും എത്ര അഗാധം!
7എന്നാൽ ദൈവം അവരുടെമേൽ അസ്ത്രം എയ്യും;
ഓർക്കാപ്പുറത്ത് അവർക്കു മുറിവേല്‌ക്കും.
8അവരുടെ വാക്കുകൾ നിമിത്തം ദൈവം അവരെ നശിപ്പിക്കും.
അവരെ കാണുന്നവർ പരിഹസിച്ചു തല കുലുക്കും.
9അപ്പോൾ എല്ലാവരും ഭയപ്പെടും,
അവർ ദൈവത്തിന്റെ പ്രവൃത്തികളെക്കുറിച്ചു ചിന്തിക്കും.
അവിടുത്തെ പ്രവൃത്തികൾ അവർ പ്രഘോഷിക്കും;
10നീതിമാൻ സർവേശ്വരനിൽ ആനന്ദിക്കും,
അവൻ സർവേശ്വരനിൽ അഭയംതേടും.
പരമാർഥഹൃദയമുള്ളവർ ദൈവത്തെ പ്രകീർത്തിക്കും.
Currently Selected:
SAM 64: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.