SAM 55:4-19
SAM 55:4-19 MALCLBSI
എന്റെ ഹൃദയം വേദനകൊണ്ടു പിടയുന്നു; മരണഭീതി എന്നെ പിടികൂടിയിരിക്കുന്നു. ഭീതിയും വിറയലും എന്നെ പിടിച്ചിരിക്കുന്നു പരിഭ്രാന്തി എന്നെ മൂടുന്നു. പ്രാവിനെപ്പോലെ ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ, എന്നു ഞാനാശിച്ചു. എങ്കിൽ ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു. ഞാൻ വിദൂരത്തേക്കു പറന്നുപോയി മരുഭൂമിയിൽ പാർക്കുമായിരുന്നു. കൊടുങ്കാറ്റിൽനിന്നും ചുഴലിക്കാറ്റിൽനിന്നും അകന്ന്; ഒരു അഭയസ്ഥാനം കണ്ടെത്തുമായിരുന്നു. സർവേശ്വരാ, അവരുടെ ആലോചനകളെ വ്യർഥമാക്കണമേ. അവരുടെ ഭാഷകളെ ഭിന്നിപ്പിക്കണമേ; നഗരത്തിൽ ഞാൻ അക്രമവും കലാപവും കാണുന്നു. രാവും പകലും അവർ അതിന്റെ മതിലുകളുടെ മുകളിൽ ചുറ്റിനടക്കുന്നു. അതിനുള്ളിൽ ദുഷ്കൃത്യങ്ങളും കുഴപ്പങ്ങളുമാണ്. അതിനുള്ളിൽ വിനാശം വിതയ്ക്കുന്ന അക്രമികളുമുണ്ട്. പീഡനവും വഞ്ചനയും അതിന്റെ വീഥികളിൽ നിറഞ്ഞിരിക്കുന്നു. ശത്രുവാണ് എന്നെ നിന്ദിച്ചതെങ്കിൽ ഞാൻ സഹിക്കുമായിരുന്നു. എതിരാളിയാണ് എന്നോടു ധിക്കാരം കാണിച്ചതെങ്കിൽ, ഞാൻ അവരിൽനിന്നു മാറി നില്ക്കുമായിരുന്നു. എന്നാൽ നീയാണ്, എനിക്കു സമനും എന്റെ ഉറ്റസ്നേഹിതനുമായിരുന്ന നീയാണ്, എന്നോട് അങ്ങനെ പ്രവർത്തിച്ചത്. നമ്മൾ സ്വൈരഭാഷണത്തിൽ മുഴുകിയിട്ടില്ലേ? നമ്മൾ ഒരുമിച്ചല്ലേ ദേവാലയത്തിലേക്കു പോയിരുന്നത്? മരണം അവരെ പിടികൂടട്ടെ; അവർ ജീവനോടെ പാതാളത്തിൽ പതിക്കട്ടെ. അവരുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും ദുഷ്ടത കുടികൊള്ളുന്നു. ഞാൻ സർവേശ്വരനായ ദൈവത്തെ വിളിച്ചപേക്ഷിക്കും. അവിടുന്ന് എന്നെ വിടുവിക്കും. ഞാൻ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും എന്റെ സങ്കടം ബോധിപ്പിച്ചുകരയും. അവിടുന്ന് എന്റെ സ്വരം കേൾക്കും. അനേകർ എനിക്കെതിരെ അണിനിരന്നിരിക്കുന്നു; ഈ യുദ്ധത്തിൽ അവിടുന്നെന്നെ കാത്തുകൊള്ളും. ആദിമുതലേ സിംഹാസനസ്ഥനായ ദൈവം എന്റെ പ്രാർഥന കേട്ട്, അവരെ പരാജയപ്പെടുത്തും. അവർ ദുഷ്ടതയെ കൈവിടുന്നില്ലല്ലോ, അവർക്കു ദൈവഭയവുമില്ല.