SAM 33
33
സ്തോത്രഗാനം
1നീതിനിഷ്ഠരേ, സർവേശ്വരനിൽ ആനന്ദിക്കുവിൻ;
അവിടുത്തെ സ്തുതിക്കുന്നതു നീതിമാന്മാർക്കു യുക്തമാണല്ലോ.
2കിന്നരം മീട്ടി സർവേശ്വരനെ സ്തുതിക്കുവിൻ;
പത്തു കമ്പിയുള്ള വീണ മീട്ടി സ്തോത്രഗാനം ആലപിക്കുവിൻ.
3സർവേശ്വരന് ഒരു പുതിയ പാട്ടുപാടുവിൻ;
ആർപ്പുവിളിയോടെ വിദഗ്ദ്ധമായി തന്ത്രി മീട്ടുവിൻ.
4സർവേശ്വരന്റെ വചനം സത്യവും
അവിടുത്തെ പ്രവൃത്തി വിശ്വസനീയവുമാണ്.
5നീതിയും ന്യായവും അവിടുന്ന് ഇഷ്ടപ്പെടുന്നു;
ഭൂമി അവിടുത്തെ അചഞ്ചലസ്നേഹം കൊണ്ടു നിറഞ്ഞിരിക്കുന്നു.
6തന്റെ വചനത്താൽ സർവേശ്വരൻ ആകാശത്തെ സൃഷ്‍ടിച്ചു;
അവിടുത്തെ കല്പനയാൽ വാനഗോളങ്ങൾ ഉണ്ടായി.
7അവിടുന്നു സമുദ്രജലത്തെ ഒരുമിച്ചുകൂട്ടി;
ആഴികൾക്ക് അവിടുന്നു കലവറ തീർത്തു.
8ഭൂമി മുഴുവൻ സർവേശ്വരനെ ഭയപ്പെടട്ടെ;
ഭൂവാസികൾ മുഴുവനും അവിടുത്തെ മുമ്പിൽ ഭയഭക്തിയോടെ നില്‌ക്കട്ടെ.
9അവിടുന്നു കല്പിച്ചു; പ്രപഞ്ചം ഉണ്ടായി.
അവിടുന്ന് ആജ്ഞാപിച്ചു; അതു സ്ഥാപിതമായി.
10സർവേശ്വരൻ അന്യജനതകളുടെ ആലോചനകൾ വിഫലമാക്കുന്നു;
അവരുടെ പദ്ധതികൾ അവിടുന്നു നിഷ്ഫലമാക്കുന്നു.
11സർവേശ്വരന്റെ പദ്ധതികൾ ശാശ്വതമായിരിക്കും;
അവിടുത്തെ നിരൂപണങ്ങൾ എന്നേക്കും നിലനില്‌ക്കും.
12സർവേശ്വരൻ ദൈവമായിരിക്കുന്ന ജനത അനുഗ്രഹിക്കപ്പെട്ടത്;
അവിടുന്നു സ്വന്തജനമായി തിരഞ്ഞെടുത്ത ജനം ധന്യർ.
13സർവേശ്വരൻ സ്വർഗത്തിൽനിന്നു താഴേക്കു നോക്കുന്നു;
അവിടുന്ന് എല്ലാ മനുഷ്യരെയും കാണുന്നു.
14സ്വർഗസിംഹാസനത്തിലിരുന്ന് അവിടുന്നു
സർവഭൂവാസികളെയും നോക്കുന്നു;
15അവരുടെ ഹൃദയങ്ങൾ രൂപപ്പെടുത്തിയവൻ;
അവരുടെ എല്ലാ പ്രവൃത്തികളും നിരീക്ഷിക്കുന്നു.
16സൈന്യബാഹുല്യംകൊണ്ടു രാജാവ് വിജയം നേടുന്നില്ല;
സ്വശക്തികൊണ്ട് യോദ്ധാവ് രക്ഷപെടുന്നുമില്ല.
17പടക്കുതിരയെക്കൊണ്ടു ജയിക്കാമെന്ന മോഹം വ്യർഥം.
അതിന്റെ ശക്തികൊണ്ട് ആരും വിജയം വരിക്കുന്നില്ല.
18സർവേശ്വരൻ തന്റെ ഭക്തന്മാരെയും തന്റെ സുസ്ഥിരസ്നേഹത്തിൽ
പ്രത്യാശയർപ്പിച്ചിരിക്കുന്നവരെയും കരുണയോടെ കടാക്ഷിക്കുന്നു.
19അവിടുന്ന് അവരെ മരണത്തിൽനിന്നു രക്ഷിക്കുന്നു;
ക്ഷാമകാലത്ത് അവരെ പോറ്റുന്നു.
20സർവേശ്വരനിൽ നാം പ്രത്യാശയർപ്പിച്ചിരിക്കുന്നു;
അവിടുന്നാണ് നമ്മുടെ സഹായവും പരിചയും.
21നമ്മുടെ ഹൃദയം സർവേശ്വരനിൽ ആനന്ദിക്കുന്നു;
നമ്മൾ അവിടുത്തെ വിശുദ്ധനാമത്തിൽ ആശ്രയിക്കുന്നുവല്ലോ.
22സർവേശ്വരാ, ഞങ്ങൾ അങ്ങയിൽ പ്രത്യാശവച്ചിരിക്കുന്നതുപോലെ;
അവിടുത്തെ അചഞ്ചലസ്നേഹം ഞങ്ങളുടെമേൽ ചൊരിയണമേ.
Currently Selected:
SAM 33: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.