SAM 25
25
സർവേശ്വരാ, നയിച്ചാലും
ദാവീദിന്റെ ഒരു സങ്കീർത്തനം
1സർവേശ്വരാ, ഞാൻ അങ്ങയെ ആരാധിക്കുന്നു;
ഞാൻ അങ്ങയോടു പ്രാർഥിക്കുന്നു.
2എന്റെ ദൈവമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ലജ്ജിതനാകാൻ എനിക്ക് ഇടവരരുതേ;
എന്റെമേൽ ജയഘോഷംകൊള്ളാൻ ശത്രുക്കൾക്ക് ഇട കൊടുക്കരുതേ.
3അങ്ങയിൽ പ്രത്യാശവയ്‍ക്കുന്നവർ നിരാശരാകാതിരിക്കട്ടെ.
അകാരണമായി ദ്രോഹിക്കുന്നവർ അപമാനിതരാകും.
4അവിടുത്തെ വഴികൾ എന്നെ പഠിപ്പിക്കണമേ.
അവിടുത്തെ മാർഗങ്ങൾ എനിക്കു മനസ്സിലാക്കിത്തരണമേ.
5അവിടുത്തെ സത്യത്തിൽ വഴിനടക്കാൻ എന്നെ പഠിപ്പിച്ചാലും;
അവിടുന്ന് എന്റെ രക്ഷകനായ ദൈവമാണല്ലോ;
ഞാൻ എപ്പോഴും അങ്ങയിൽ ശരണപ്പെടുന്നു.
6സർവേശ്വരാ, പണ്ടുമുതലേ അവിടുന്നു ഞങ്ങളോടു കാണിച്ച കരുണയും
സുസ്ഥിരസ്നേഹവും ഓർക്കണമേ.
7എന്റെ യൗവനകാലപാപങ്ങളും അതിക്രമങ്ങളും അവിടുന്ന് ഓർക്കരുതേ;
അവിടുത്തെ അചഞ്ചലസ്നേഹത്തിനും കരുണയ്‍ക്കും ഒത്തവിധം
സർവേശ്വരാ, എന്നെ അനുസ്മരിച്ചാലും.
8സർവേശ്വരൻ നല്ലവനും നീതിമാനും ആണ്.
അവിടുന്നു പാപികൾക്കു നേർവഴി കാട്ടുന്നു.
9എളിയവരെ അവിടുന്നു നീതിമാർഗത്തിൽ നയിക്കുന്നു;
അവിടുത്തെ വഴി അവരെ പഠിപ്പിക്കുന്നു.
10സർവേശ്വരന്റെ ഉടമ്പടിയും കല്പനകളും പാലിക്കുന്നവരെ
സുസ്ഥിരസ്നേഹത്തിലും സത്യത്തിലും അവിടുന്നു വഴിനടത്തും.
11സർവേശ്വരാ, അവിടുത്തെ സ്വഭാവത്തിനു ചേർന്നവിധം
എന്റെ ബഹുലമായ പാപങ്ങൾ ക്ഷമിക്കണമേ.
12സർവേശ്വരനോടു ഭയഭക്തിയുള്ളവൻ ചരിക്കേണ്ട പാത
അവിടുന്ന് അവനു കാണിച്ചുകൊടുക്കും.
13അവൻ ഐശ്വര്യത്തോടെ വസിക്കും;
അവന്റെ സന്തതി ദേശം സ്വന്തമാക്കും.
14സർവേശ്വരൻ തന്റെ ഭക്തന്മാരോടു സൗഹൃദം കാണിക്കുന്നു.
അവിടുത്തെ ഉടമ്പടി അവർക്കു വെളിപ്പെടുത്തുന്നു.
15സർവേശ്വരനെ ഞാൻ എപ്പോഴും നോക്കിക്കൊണ്ടിരിക്കുന്നു;
അവിടുന്നെന്റെ കാലുകളെ കെണിയിൽ നിന്നു വിടുവിക്കുന്നു.
16നാഥാ, തൃക്കൺപാർത്താലും എന്നോടു കരുണയുണ്ടാകണമേ;
ഞാൻ ഏകാകിയും പീഡിതനുമാണല്ലോ.
17മനഃക്ലേശങ്ങളിൽനിന്ന് എന്നെ മോചിപ്പിക്കണമേ;
എന്റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കണമേ.
18എന്റെ കഷ്ടതയും വേദനയും ഓർത്ത്
എന്റെ സകല പാപങ്ങളും ക്ഷമിക്കണമേ.
19എന്റെ ശത്രുക്കൾ എത്ര വളരെയാണെന്നു കാണണമേ;
അവർ എന്നെ എത്ര കഠിനമായി ദ്വേഷിക്കുന്നു;
20അവിടുന്ന് എന്റെ ജീവനെ സംരക്ഷിക്കണമേ;
ലജ്ജിക്കാൻ എനിക്ക് ഇടവരുത്തരുതേ;
ഞാൻ അങ്ങയെ അഭയം പ്രാപിച്ചിരിക്കുന്നുവല്ലോ.
21എന്റെ നിഷ്കളങ്കതയും സത്യസന്ധതയും എന്നെ സംരക്ഷിക്കട്ടെ;
ഞാനങ്ങയിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നുവല്ലോ.
22ദൈവമേ, ഇസ്രായേൽജനതയെ സകല
കഷ്ടതകളിൽനിന്നും വിടുവിക്കണമേ.
Currently Selected:
SAM 25: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.