SAM 18
18
ഒരു കൃതജ്ഞതാ ഗാനം
ഗായകസംഘനേതാവിന്; ദാവീദിന്റെ ഒരു സങ്കീർത്തനം. ശത്രുക്കളിൽനിന്നും ശൗലിന്റെ കൈയിൽനിന്നും സർവേശ്വരൻ ദാവീദിനെ വിടുവിച്ച ദിവസം പാടിയത്.
1എനിക്കു ശക്തിയരുളുന്ന പരമനാഥാ,
ഞാൻ അങ്ങയെ സ്നേഹിക്കുന്നു.
2സർവേശ്വരനാണ് എന്റെ അഭയശിലയും രക്ഷാദുർഗവും.
എന്റെ വിമോചകനും അവിടുന്നുതന്നെ.
എന്റെ ദൈവവും ഞാൻ അഭയം പ്രാപിക്കുന്ന പാറയും എന്റെ പരിചയും എന്റെ രക്ഷയും
എന്റെ അഭയസങ്കേതവും അവിടുന്നാണ്.
3സർവേശ്വരനു സ്തോത്രം.
ഞാൻ അവിടുത്തെ വിളിച്ചപേക്ഷിച്ചു,
എന്റെ ശത്രുക്കളിൽനിന്ന് അവിടുന്നെന്നെ രക്ഷിച്ചു.
4മരണപാശങ്ങൾ എന്നെ ചുറ്റി,
നിത്യവിനാശത്തിന്റെ പ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകി.
5പാതാളപാശങ്ങൾ എന്നെ വരിഞ്ഞുമുറുക്കി.
മരണത്തിന്റെ കെണികൾ എന്നെ പിടികൂടി.
6എന്റെ കഷ്ടതയിൽ ഞാൻ സർവേശ്വരനെ വിളിച്ചപേക്ഷിച്ചു,
എന്റെ ദൈവത്തോടു ഞാൻ നിലവിളിച്ചു.
അവിടുന്നു തന്റെ ആലയത്തിൽനിന്ന് എന്റെ അപേക്ഷ കേട്ടു.
എന്റെ നിലവിളി അവിടുത്തെ കാതുകളിലെത്തി.
7അപ്പോൾ അവിടുത്തെ കോപത്താൽ ഭൂമി ഞെട്ടിവിറച്ചു.
പർവതങ്ങളുടെ അടിസ്ഥാനങ്ങൾ ഇളകി.
8അവിടുത്തെ മൂക്കിൽനിന്നു പുക ഉയർന്നു,
വായിൽനിന്നു സംഹാരാഗ്നി വമിച്ചു.
ജ്വലിക്കുന്ന തീക്കനൽ ചിതറി.
9അവിടുന്ന് ആകാശം വളച്ച് ഇറങ്ങിവന്നു.
കരിമേഘങ്ങൾ അവിടുത്തെ കാൽക്കീഴിലുണ്ടായിരുന്നു.
10അവിടുന്നു കെരൂബിനെ വാഹനമാക്കി പറന്നു.
കാറ്റിന്റെ ചിറകുകളിൽ അവിടുന്ന് അതിശീഘ്രം പറന്നെത്തി.
11കൂരിരുട്ടിനെ അവിടുന്ന് ആവരണമാക്കി.
ജലംപൂണ്ട കറുത്ത മേഘങ്ങൾ മേൽവിരിപ്പുമാക്കി.
12തിരുമുമ്പിലെ മിന്നൽപ്പിണരുകളിൽനിന്നു
മേഘപാളികൾ ഭേദിച്ച് കന്മഴയും തീക്കനലും വർഷിച്ചു.
13സർവേശ്വരൻ ആകാശത്ത് ഇടിനാദം മുഴക്കി.
അത്യുന്നതൻ തന്റെ ശബ്ദം കേൾപ്പിച്ചു;
കന്മഴയും തീക്കനലും തന്നെ.
14അവിടുന്ന് അസ്ത്രം അയച്ചു ശത്രുക്കളെ ചിതറിച്ചു,
മിന്നൽപ്പിണരുകളാൽ അവരെ തുരത്തി.
15സർവേശ്വരാ, അവിടുത്തെ ഭർത്സനത്താൽ,
അവിടുത്തെ ക്രോധനിശ്വാസത്താൽ,
ആഴിയുടെ അടിത്തട്ടു ദൃശ്യമായി,
ഭൂമിയുടെ അടിസ്ഥാനങ്ങൾ അനാവൃതമായി.
16അവിടുന്ന് ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു,
പെരുവെള്ളത്തിൽനിന്ന് അവിടുന്നെന്നെ വലിച്ചെടുത്തു.
17പ്രബലരായ ശത്രുക്കളിൽനിന്നും എന്നെ വെറുത്തവരിൽനിന്നും അവിടുന്ന് എന്നെ രക്ഷിച്ചു.
അവർ എന്നെക്കാൾ ബലമേറിയവരായിരുന്നു.
18എന്റെ അനർഥദിവസത്തിൽ അവർ എന്നെ ആക്രമിച്ചു.
എന്നാൽ സർവേശ്വരൻ എന്നെ താങ്ങി.
19ആപത്തിൽനിന്ന് അവിടുന്ന് എന്നെ രക്ഷിച്ചു,
എന്നിൽ പ്രസാദിച്ചതിനാൽ, അവിടുന്ന് എന്നെ വിടുവിച്ചു.
20എന്റെ നീതിക്കൊത്തവിധം, അവിടുന്ന് എനിക്കു പ്രതിഫലം നല്‌കി.
എന്റെ കൈകളുടെ നൈർമ്മല്യത്തിനൊത്തവിധം,
അവിടുന്ന് എന്നെ അനുഗ്രഹിച്ചു.
21സർവേശ്വരന്റെ വഴിയിൽ ഞാൻ ഉറച്ചുനിന്നു,
ഞാൻ തിന്മ പ്രവർത്തിച്ച് എന്റെ ദൈവത്തിൽ നിന്ന് അകന്നുപോയില്ല.
22അവിടുത്തെ കല്പനകൾ അനുസരിച്ചു ഞാൻ നടന്നു.
അവിടുത്തെ ചട്ടങ്ങൾ ഞാൻ ലംഘിച്ചില്ല.
23അവിടുത്തെ മുമ്പിൽ ഞാൻ നിഷ്കളങ്കനായിരുന്നു,
തിന്മ ചെയ്യാതെ എന്നെത്തന്നെ കാത്തു.
24എന്റെ കൈകളുടെ നിഷ്കളങ്കത കണ്ട്,
എന്റെ നീതിനിഷ്ഠയ്‍ക്കൊത്തവിധം,
അവിടുന്ന് എനിക്ക് പ്രതിഫലം നല്‌കി.
25വിശ്വസ്തനോട് അങ്ങ് വിശ്വസ്തത പുലർത്തുന്നു;
നിഷ്കളങ്കനോട് അങ്ങ് നിഷ്കളങ്കനായി വർത്തിക്കുന്നു;
26നിർമ്മലനോട് അങ്ങ് നിർമ്മലതയോടെ പെരുമാറുന്നു;
വക്രബുദ്ധിയോട് അങ്ങ് ക്രൂരനായി വർത്തിക്കുന്നു.
27എളിയവരെ അവിടുന്നു രക്ഷിക്കുന്നു;
അഹങ്കാരികളെ അവിടുന്നു താഴ്ത്തുന്നു.
28അവിടുന്ന് എന്റെ ദീപം തെളിക്കുന്നു;
എന്റെ ദൈവമായ സർവേശ്വരൻ എന്റെ അന്ധകാരം അകറ്റുന്നു.
29അവിടുത്തെ സഹായത്താൽ ഞാൻ ശത്രുസൈന്യത്തെ ആക്രമിക്കും.
എന്റെ ദൈവത്തിന്റെ സഹായത്താൽ ഞാൻ കോട്ട ചാടിക്കടക്കും.
30ദൈവത്തിന്റെ വഴി തികവുറ്റത്;
സർവേശ്വരന്റെ വാക്കുകൾ വിശ്വാസ്യം;
തന്നിൽ അഭയം പ്രാപിക്കുന്നവർക്ക് അവിടുന്ന് പരിചയാണ്.
31സർവേശ്വരനല്ലാതെ ദൈവം ആരുണ്ട്?
നമ്മുടെ ദൈവമല്ലാതെ അഭയശില ഏത്?
32അവിടുന്നു ശക്തികൊണ്ട് എന്റെ അരമുറുക്കുന്നു;
അവിടുന്ന് എന്റെ പാത സുഗമമാക്കുന്നു.
33അവിടുന്ന് എന്റെ കാലുകൾക്ക് മാൻപേടയുടെ വേഗം നല്‌കി,
അവിടുന്ന് എന്നെ ഉയർന്ന ഗിരികളിൽ സുരക്ഷിതനായി നിർത്തി.
34അവിടുന്ന് എന്നെ യുദ്ധമുറ അഭ്യസിപ്പിക്കുന്നു,
താമ്രവില്ലുപോലും എനിക്കു കുലയ്‍ക്കാം.
35അവിടുന്ന് എനിക്ക് രക്ഷയുടെ പരിച നല്‌കിയിരിക്കുന്നു;
അവിടുത്തെ വലങ്കൈ എന്നെ താങ്ങുന്നു
അവിടുത്തെ കാരുണ്യം എന്നെ വലിയവനാക്കിയിരിക്കുന്നു.
36അവിടുന്ന് എന്റെ പാത വിശാലമാക്കി;
എന്റെ കാലുകൾ വഴുതിയില്ല.
37എന്റെ ശത്രുക്കളെ ഞാൻ പിന്തുടർന്നു പിടിച്ചു;
അവരെ നശിപ്പിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല.
38എഴുന്നേല്‌ക്കാത്തവിധം അവരെ ഞാൻ തകർത്തു;
അവർ എന്റെ കാൽക്കീഴിൽ അമർന്നു.
39യുദ്ധത്തിനായി ബലംകൊണ്ട് അവിടുന്ന് എന്റെ അര മുറുക്കി;
വൈരികളുടെമേൽ എനിക്കു വിജയം നല്‌കി.
40എന്റെ ശത്രുക്കളെ അവിടുന്ന് പലായനം ചെയ്യിച്ചു,
എന്നെ പകച്ചവരെ ഞാൻ നശിപ്പിച്ചു.
41അവർ സഹായത്തിനുവേണ്ടി നിലവിളിച്ചു,
എന്നാൽ വിടുവിക്കാൻ ആരും ഉണ്ടായിരുന്നില്ല.
അവർ സർവേശ്വരനോടു നിലവിളിച്ചു;
എന്നാൽ അവിടുന്ന് ഉത്തരമരുളിയില്ല.
42കാറ്റിൽ പാറുന്ന ധൂളിപോലെ ഞാൻ അവരെ തകർത്തു;
വഴിയിലെ ചെളിപോലെ ഞാൻ അവരെ കോരിക്കളഞ്ഞു.
43ജനത്തിന്റെ പ്രക്ഷോഭത്തിൽനിന്ന് അങ്ങ് എന്നെ രക്ഷിച്ചു.
അവിടുന്ന് എന്നെ ജനതകളുടെ അധിപതിയാക്കി;
എനിക്ക് അപരിചിതരായിരുന്ന ജനം എന്നെ സേവിച്ചു.
44എന്നെക്കുറിച്ചു കേട്ട മാത്രയിൽ അവർ എന്നെ നിരസിച്ചു;
അന്യജനതകൾ എന്നോടു യാചിച്ചു.
45അവരുടെ ധൈര്യം ചോർന്നുപോയി,
കോട്ടകളിൽനിന്ന് അവർ വിറച്ചുകൊണ്ട് ഇറങ്ങിവന്നു.
46സർവേശ്വരൻ ജീവിക്കുന്നു;
എന്റെ അഭയശില വാഴ്ത്തപ്പെടട്ടെ.
എനിക്കു രക്ഷ നല്‌കുന്ന ദൈവം സ്തുതിക്കപ്പെടട്ടെ.
47എന്റെ ശത്രുക്കളുടെമേൽ ദൈവം എനിക്കു വിജയം നല്‌കി,
ജനതകളെ അവിടുന്ന് എനിക്കു കീഴ്പെടുത്തി.
48എന്റെ ശത്രുക്കളിൽനിന്ന് അവിടുന്ന് എന്നെ വിടുവിച്ചു;
വൈരികളുടെമേൽ എനിക്കു വിജയം നല്‌കി,
അക്രമികളിൽനിന്ന് എന്നെ രക്ഷിച്ചു.
49അതുകൊണ്ട് സർവേശ്വരാ, അന്യജനതകളുടെ മധ്യേ
ഞാൻ അവിടുത്തെ പ്രകീർത്തിക്കും.
അവിടുത്തെ ഞാൻ വാഴ്ത്തിപ്പാടും.
അവിടുന്നു തിരഞ്ഞെടുത്ത രാജാവിന്
അങ്ങ് വൻവിജയങ്ങൾ നല്‌കുന്നു.
50തന്റെ അഭിഷിക്തനോടു സുസ്ഥിരസ്നേഹം കാട്ടുന്നു.
ദാവീദിനോടും അവന്റെ സന്തതികളോടും തന്നെ.
Currently Selected:
SAM 18: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.