YouVersion Logo
Search Icon

SAM 17

17
നിഷ്കളങ്കന്റെ പ്രാർഥന
ദാവീദിന്റെ പ്രാർഥന
1പരമനാഥാ, നീതിക്കുവേണ്ടിയുള്ള എന്റെ യാചന കേൾക്കണമേ,
എന്റെ നിലവിളി ശ്രദ്ധിക്കണമേ.
എന്റെ നിഷ്കപടമായ പ്രാർഥന കേൾക്കണമേ.
2എന്നെ നിരപരാധിയായി പ്രഖ്യാപിക്കണമേ,
അവിടുന്നു ന്യായം കാണണമേ.
3എന്റെ ഹൃദയം പരിശോധിക്കുകയും
രാത്രിയിൽ എന്നെ സന്ദർശിക്കുകയും
എന്നെ പരീക്ഷിക്കുകയും ചെയ്താൽ
അവിടുന്ന് എന്നിൽ തിന്മയൊന്നും കണ്ടെത്തുകയില്ല.
ഞാൻ അധരങ്ങൾകൊണ്ടു പാപം ചെയ്തില്ല.
4മറ്റുള്ളവരെപ്പോലെ ഞാൻ തിന്മ പ്രവർത്തിച്ചില്ല.
അക്രമികളുടെ പാത ഞാൻ പിന്തുടർന്നില്ല.
അവിടുത്തെ കല്പന ഞാൻ അനുസരിച്ചു.
5അവിടുത്തെ വഴികളിലൂടെ ഞാൻ നടന്നു,
അതിൽനിന്ന് എന്റെ കാൽ വഴുതിയില്ല.
6ദൈവമേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു,
അവിടുന്ന് എനിക്കുത്തരമരുളുമല്ലോ,
അവിടുന്ന് എങ്കലേക്കു തിരിഞ്ഞ് എന്റെ അപേക്ഷ കേൾക്കണമേ.
7അങ്ങയിൽ അഭയം പ്രാപിക്കുന്നവരെ വലങ്കൈ നീട്ടി,
ശത്രുക്കളിൽനിന്നു രക്ഷിക്കുന്ന നാഥാ,
അവിടുത്തെ മഹത്തായ സ്നേഹം കാട്ടിയാലും.
8കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാക്കണമേ,
അവിടുത്തെ ചിറകിന്റെ നിഴലിൽ എന്നെ മറച്ചുകൊളളണമേ.
9എന്നെ നശിപ്പിക്കുന്ന ദുഷ്ടരിൽനിന്നും
എന്നെ വലയം ചെയ്യുന്ന കൊടിയ ശത്രുക്കളിൽനിന്നും എന്നെ രക്ഷിക്കണമേ.
10അവരുടെ ഹൃദയത്തിൽ അനുകമ്പയില്ല,
അവരുടെ അധരങ്ങൾ വമ്പു പറയുന്നു,
11അവർ എന്റെ കാലടികൾ പിന്തുടർന്ന് എന്നെ വളയുന്നു;
അവർ എന്നെ നിലംപരിചാക്കാൻ തക്കംനോക്കുന്നു.
12കടിച്ചുകീറാൻ വെമ്പൽകൊള്ളുന്ന സിംഹത്തെപ്പോലെയാണവർ.
ആക്രമിക്കാൻ മറവിടങ്ങളിൽ പതിയിരിക്കുന്ന
സിംഹക്കുട്ടിയെപ്പോലെ തന്നെ.
13സർവേശ്വരാ, എഴുന്നേറ്റ് അവരെ എതിർത്തു തോല്പിക്കണമേ,
അവിടുത്തെ വാൾകൊണ്ടു ദുഷ്ടരിൽനിന്ന് എന്നെ രക്ഷിക്കണമേ,
14ലൗകികസുഖങ്ങൾ മാത്രം ഇച്ഛിക്കുന്ന
മനുഷ്യരിൽനിന്ന് എന്നെ വിടുവിക്കണമേ.
അവിടുന്ന് ഒരുക്കിയിരിക്കുന്ന ശിക്ഷ അവർക്കു മതിവരുവോളം ലഭിക്കട്ടെ.
അവരുടെ മക്കൾക്കും വേണ്ടുവോളം ലഭിക്കട്ടെ.
മിച്ചമുള്ളത് അവരുടെ പേരക്കിടാങ്ങൾക്ക് ഇരിക്കട്ടെ.
15നീതിനിമിത്തം ഞാൻ അവിടുത്തെ മുഖം ദർശിക്കും.
ഉണരുമ്പോൾ ഞാൻ അങ്ങയെ ദർശിച്ചു തൃപ്തിയടയും.

Currently Selected:

SAM 17: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in