YouVersion Logo
Search Icon

SAM 139:7-16

SAM 139:7-16 MALCLBSI

അങ്ങയെ ഒളിച്ചു ഞാൻ എവിടെ പോകും? തിരുസന്നിധിവിട്ടു ഞാൻ എവിടേക്ക് ഓടും? ഞാൻ സ്വർഗത്തിൽ കയറിയാൽ അങ്ങ് അവിടെയുണ്ട്. പാതാളത്തിൽ കിടക്ക വിരിച്ചാൽ അങ്ങ് അവിടെയുണ്ട്. ചിറകു ധരിച്ചു ഞാൻ കിഴക്കേ അതിർത്തിയോളം പറന്നാലും, പടിഞ്ഞാറു സമുദ്രത്തിന്റെ അതിർത്തിയിൽ പോയി പാർത്താലും, അവിടെയും അങ്ങയുടെ കരങ്ങൾ എന്നെ നയിക്കും, അവിടുത്തെ വലങ്കൈ എന്നെ സംരക്ഷിക്കും. “അന്ധകാരം എന്നെ മൂടട്ടെ, എന്റെ ചുറ്റുമുള്ള പ്രകാശം ഇരുട്ടായിത്തീരട്ടെ” എന്നു ഞാൻ പറഞ്ഞാൽ, കൂരിരുട്ടുപോലും അങ്ങേക്ക് ഇരുണ്ടതായിരിക്കുകയില്ല. രാത്രി പകൽപോലെ പ്രകാശിക്കും. ഇരുളും വെളിച്ചവും അങ്ങേക്ക് ഒരുപോലെയാണല്ലോ. അവിടുന്നാണ് എന്റെ അന്തരേന്ദ്രിയങ്ങൾ സൃഷ്‍ടിച്ചത്, അമ്മയുടെ ഉദരത്തിൽ എന്നെ മെനഞ്ഞത് അവിടുന്നാണ്. ഞാൻ അങ്ങയെ പ്രകീർത്തിക്കുന്നു. അവിടുന്ന് എന്നെ അദ്ഭുതകരമായി സൃഷ്‍ടിച്ചു. അവിടുത്തെ സൃഷ്‍ടികൾ എത്ര വിസ്മയനീയം! അവിടുന്ന് എന്നെ നന്നായി അറിയുന്നു. ഞാൻ നിഗൂഢതയിൽ ഉരുവാക്കപ്പെടുകയും, ഭൂമിയുടെ അധോഭാഗങ്ങളിൽവച്ചു സൂക്ഷ്മതയോടെ സൃഷ്‍ടിക്കപ്പെടുകയും ചെയ്തപ്പോൾ, എന്റെ രൂപം അങ്ങേക്കു മറഞ്ഞിരുന്നില്ല. ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ അവിടുന്ന് എന്നെ ദർശിച്ചു. എന്റെ ആയുസ്സിന്റെ നാളുകൾ ഞാൻ ഉരുവാകുന്നതിനു മുമ്പുതന്നെ, അങ്ങ് അവിടുത്തെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നു.