YouVersion Logo
Search Icon

SAM 139:1-14

SAM 139:1-14 MALCLBSI

സർവേശ്വരാ, അങ്ങ് എന്നെ പരിശോധിച്ച് അറിഞ്ഞിരിക്കുന്നു, എന്റെ വ്യാപാരങ്ങളെല്ലാം അവിടുന്ന് അറിയുന്നു. എന്റെ നിരൂപണങ്ങൾ ദൂരത്തുനിന്ന് അവിടുന്നു ഗ്രഹിക്കുന്നു. എന്റെ നടപ്പും കിടപ്പും അവിടുന്നു പരിശോധിച്ചറിയുന്നു. എന്റെ സകല വഴിയും അവിടുന്നു നന്നായി അറിയുന്നു. ഒരു വാക്ക് എന്റെ നാവിലെത്തുന്നതിനു മുമ്പു തന്നെ, സർവേശ്വരാ, അവിടുന്ന് അത് അറിയുന്നു. മുമ്പിലും പിമ്പിലും അവിടുന്ന് എനിക്കു കാവലായുണ്ട്. അവിടുത്തെ കരം എന്റെ മേലുണ്ട്. ഈ അറിവ് എനിക്ക് അത്യദ്ഭുതമാകുന്നു. എനിക്ക് അപ്രാപ്യമാംവിധം അത് ഉന്നതമായിരിക്കുന്നു. അങ്ങയെ ഒളിച്ചു ഞാൻ എവിടെ പോകും? തിരുസന്നിധിവിട്ടു ഞാൻ എവിടേക്ക് ഓടും? ഞാൻ സ്വർഗത്തിൽ കയറിയാൽ അങ്ങ് അവിടെയുണ്ട്. പാതാളത്തിൽ കിടക്ക വിരിച്ചാൽ അങ്ങ് അവിടെയുണ്ട്. ചിറകു ധരിച്ചു ഞാൻ കിഴക്കേ അതിർത്തിയോളം പറന്നാലും, പടിഞ്ഞാറു സമുദ്രത്തിന്റെ അതിർത്തിയിൽ പോയി പാർത്താലും, അവിടെയും അങ്ങയുടെ കരങ്ങൾ എന്നെ നയിക്കും, അവിടുത്തെ വലങ്കൈ എന്നെ സംരക്ഷിക്കും. “അന്ധകാരം എന്നെ മൂടട്ടെ, എന്റെ ചുറ്റുമുള്ള പ്രകാശം ഇരുട്ടായിത്തീരട്ടെ” എന്നു ഞാൻ പറഞ്ഞാൽ, കൂരിരുട്ടുപോലും അങ്ങേക്ക് ഇരുണ്ടതായിരിക്കുകയില്ല. രാത്രി പകൽപോലെ പ്രകാശിക്കും. ഇരുളും വെളിച്ചവും അങ്ങേക്ക് ഒരുപോലെയാണല്ലോ. അവിടുന്നാണ് എന്റെ അന്തരേന്ദ്രിയങ്ങൾ സൃഷ്‍ടിച്ചത്, അമ്മയുടെ ഉദരത്തിൽ എന്നെ മെനഞ്ഞത് അവിടുന്നാണ്. ഞാൻ അങ്ങയെ പ്രകീർത്തിക്കുന്നു. അവിടുന്ന് എന്നെ അദ്ഭുതകരമായി സൃഷ്‍ടിച്ചു. അവിടുത്തെ സൃഷ്‍ടികൾ എത്ര വിസ്മയനീയം! അവിടുന്ന് എന്നെ നന്നായി അറിയുന്നു.