SAM 135
135
ചരിത്രത്തിന്റെയും പ്രകൃതിയുടെയും അധിപൻ
1-2സർവേശ്വരനെ സ്തുതിക്കുവിൻ,
അവിടുത്തെ ആലയത്തിലും
നമ്മുടെ ദൈവത്തിന്റെ ആലയാങ്കണത്തിലും
ശുശ്രൂഷ ചെയ്യുന്ന സർവേശ്വരന്റെ ദാസന്മാരേ,
അവിടുത്തെ സ്തുതിക്കുവിൻ.
3സർവേശ്വരനെ സ്തുതിക്കുവിൻ;
അവിടുന്നു നല്ലവനല്ലോ.
അവിടുത്തെ നാമം പ്രകീർത്തിക്കുവിൻ,
അവിടുന്ന് കാരുണ്യവാനല്ലോ.
4അവിടുന്നു യാക്കോബിന്റെ സന്തതികളെ തനിക്കായും,
ഇസ്രായേൽജനത്തെ തന്റെ പ്രത്യേക അവകാശമായും തിരഞ്ഞെടുത്തിരിക്കുന്നു.
5അവിടുന്നു വലിയവനെന്നും നമ്മുടെ സർവേശ്വരൻ സർവ ദേവന്മാരിലും
മഹോന്നതനെന്നും ഞാൻ അറിയുന്നു.
6ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും അഗാധങ്ങളിലും
അവിടുന്നു തനിക്കിഷ്ടമുള്ളതു ചെയ്യുന്നു.
7ഭൂമിയുടെ അതിർത്തികളിൽനിന്ന് അവിടുന്നു മേഘങ്ങളെ ഉയർത്തുന്നു;
മഴയ്‍ക്കായി അവിടുന്നു മിന്നൽപ്പിണരുകളെ അയയ്‍ക്കുന്നു
അവിടുത്തെ ശ്രീഭണ്ഡാരത്തിൽനിന്നു കാറ്റുകളെ പുറത്തുവിടുന്നു.
8ഈജിപ്തിലെ കടിഞ്ഞൂലുകളെ അവിടുന്നു സംഹരിച്ചു;
മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ തന്നെ.
9അവിടുന്ന് ഈജിപ്തിന്റെ മധ്യത്തിൽ
ഫറവോയ്‍ക്കും അവന്റെ ഭൃത്യന്മാർക്കും എതിരെ,
അദ്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചു.
10അവിടുന്ന്, അനേകം ജനതകളെ തകർത്തു,
പ്രബലരായ രാജാക്കന്മാരെ സംഹരിച്ചു.
11അമോര്യരുടെ രാജാവായ സീഹോനെയും
ബാശാൻരാജാവായ ഓഗിനെയും
കനാനിലെ സകല രാജാക്കന്മാരെയും തന്നെ.
12അവിടുന്നു അവരുടെ ദേശങ്ങൾ തന്റെ ജനമായ
ഇസ്രായേലിന് അവകാശമായി നല്‌കി.
13സർവേശ്വരാ, അവിടുത്തെ നാമം ശാശ്വതമാണ്.
അവിടുത്തെ കീർത്തി എല്ലാ തലമുറകളിലും നിലനില്‌ക്കുന്നു.
14സർവേശ്വരൻ സ്വജനത്തിനു നീതി നടത്തിക്കൊടുക്കും,
അവിടുന്നു തന്റെ ദാസരോട് അനുകമ്പയുള്ളവനാകുന്നു.
15അന്യജനതകളുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയുംകൊണ്ടു നിർമ്മിച്ചവയാണ്.
അവ മനുഷ്യരുടെ കരവേല മാത്രം.
16അവയ്‍ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല,
കണ്ണുണ്ടെങ്കിലും കാണുന്നില്ല.
17ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല,
അവയുടെ വായിൽ പ്രാണനുമില്ല.
18അവയെ നിർമ്മിക്കുന്നവർ അവയെപ്പോലെയാകുന്നു.
അവയിൽ ആശ്രയിക്കുന്നവരും അങ്ങനെതന്നെ.
19ഇസ്രായേൽഗൃഹമേ, സർവേശ്വരനെ വാഴ്ത്തുവിൻ!
അഹരോൻഗൃഹമേ, സർവേശ്വരനെ വാഴ്ത്തുവിൻ.
20ലേവിഗൃഹമേ, സർവേശ്വരനെ വാഴ്ത്തുക.
അവിടുത്തെ ഭക്തന്മാരേ, സർവേശ്വരനെ വാഴ്ത്തുവിൻ.
21യെരൂശലേമിൽ വസിക്കുന്ന സർവേശ്വരൻ,
സീയോനിൽ വാഴ്ത്തപ്പെടട്ടെ,
സർവേശ്വരനെ സ്തുതിക്കുവിൻ.
Currently Selected:
SAM 135: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.