SAM 132
132
ദൈവവും ദാവീദുമായുള്ള ഉടമ്പടി
ആരോഹണഗീതം
1സർവേശ്വരാ, ദാവീദിനെയും അദ്ദേഹം സഹിച്ച കഷ്ടതകളെയും ഓർക്കണമേ.
2അദ്ദേഹം സർവേശ്വരനോടു ശപഥം ചെയ്തതും
യാക്കോബിന്റെ സർവശക്തനായ ദൈവത്തോടു നേർച്ച നേർന്നതും സ്മരിക്കണമേ.
3സർവേശ്വരന് ഒരു സങ്കേതം,
യാക്കോബിന്റെ സർവശക്തനായ ദൈവത്തിന് ഒരു വാസസ്ഥലം കണ്ടെത്തുന്നതുവരെ.
4ഞാൻ എന്റെ ഭവനത്തിൽ പ്രവേശിക്കുകയോ,
എന്റെ കിടക്കയിൽ ശയിക്കുകയോ ഇല്ല.
5ഞാൻ ഉറങ്ങുകയോ എന്റെ കൺപോളകൾ അടയ്‍ക്കുകയോ ഇല്ല.
6ഞങ്ങൾ എഫ്രാത്തിൽ വച്ചു സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകത്തെക്കുറിച്ചു കേട്ടു;
യആറീം വയലുകളിൽ അതു കണ്ടെത്തി.
7അവിടുത്തെ വാസസ്ഥലത്തേക്കു നമുക്കു പോകാം.
അവിടുത്തെ പാദപീഠത്തിൽ നമുക്കു നമസ്കരിക്കാം.
8സർവേശ്വരാ, അവിടുത്തെ ആലയത്തിലേക്കു വരണമേ.
അവിടുത്തെ ശക്തിയുടെ പെട്ടകത്തോടൊപ്പം വരണമേ.
9അങ്ങയുടെ പുരോഹിതന്മാർ നീതി ധരിക്കട്ടെ.
അവിടുത്തെ ഭക്തന്മാർ ആനന്ദത്തോടെ ആർപ്പുവിളിക്കട്ടെ.
10അങ്ങയുടെ ദാസനായ ദാവീദിനെ ഓർത്ത്
അങ്ങയുടെ അഭിഷിക്തനെ തിരസ്കരിക്കരുതേ.
11ദാവീദിനോടു സർവശക്തൻ ഒരു പ്രതിജ്ഞ ചെയ്തു.
അതിൽനിന്ന് അവിടുന്നു പിൻമാറുകയില്ല.
“നിന്റെ സന്തതികളിൽ ഒരാളെ നിന്റെ
സിംഹാസനത്തിൽ ഞാൻ ഉപവിഷ്ടനാക്കും.
12നിന്റെ സന്തതികൾ എന്റെ ഉടമ്പടിയും എന്റെ കല്പനകളും അനുസരിച്ചാൽ,
അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ വാഴും.”
13സർവേശ്വരൻ സീയോനെ തിരഞ്ഞെടുത്തിരിക്കുന്നു.
അവിടുന്നു അതിനെ തന്റെ വാസസ്ഥലമാക്കാൻ ആഗ്രഹിക്കുന്നു.
14ഇത് എന്റെ ആലയമാകുന്നു.
ഇവിടെ ഞാൻ വസിക്കും; അതാകുന്നു എന്റെ ആഗ്രഹം
15സീയോനു വേണ്ടതെല്ലാം ഞാൻ സമൃദ്ധമായി നല്‌കും.
അവിടെയുള്ള ദരിദ്രരെ ആഹാരം നല്‌കി സംതൃപ്തരാക്കും.
16സീയോനിലെ പുരോഹിതന്മാരെ ഞാൻ രക്ഷ അണിയിക്കും,
അവിടെയുള്ള ഭക്തന്മാർ ആനന്ദത്തോടെ ആർപ്പുവിളിക്കും.
17ദാവീദിന്റെ സന്തതികളിൽനിന്നു ശക്തനായ ഒരു രാജാവിനെ സീയോനിൽ ഞാൻ ഉദ്ഭവിപ്പിക്കും.
എന്റെ അഭിഷിക്തനെ ഒരു ദീപംപോലെ എന്നും അവിടെ നിലനിർത്തും.
18അവന്റെ ശത്രുക്കളെ ഞാൻ ലജ്ജ ധരിപ്പിക്കും.
എന്നാൽ രാജാവിന്റെ ശിരസ്സിലെ കിരീടം എന്നും ശോഭ ചൊരിയും.
Currently Selected:
SAM 132: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.