YouVersion Logo
Search Icon

SAM 119:1-88

SAM 119:1-88 MALCLBSI

സർവേശ്വരന്റെ ധർമശാസ്ത്രം അനുസരിച്ച്, നിഷ്കളങ്കരായി ജീവിക്കുന്നവർ അനുഗൃഹീതർ. അവിടുത്തെ കല്പനകൾ പാലിക്കുന്നവർ, പൂർണഹൃദയത്തോടെ അവിടുത്തെ അനുസരിക്കുന്നവർ അനുഗൃഹീതർ. അവർ തിന്മയൊന്നും ചെയ്യുന്നില്ല. അവിടുത്തെ വഴികളിൽതന്നെ അവർ ചരിക്കുന്നു. അവിടുത്തെ പ്രമാണങ്ങൾ ശുഷ്കാന്തിയോടെ പാലിക്കുന്നതിന്, അങ്ങ് ഞങ്ങൾക്കു നല്‌കിയിരിക്കുന്നു. അങ്ങയുടെ ചട്ടങ്ങൾ പാലിക്കുന്നതിൽ നിന്നു ഞാൻ ഇളകാതിരുന്നെങ്കിൽ! എങ്കിൽ, അങ്ങയുടെ കല്പനകളിൽ ദൃഷ്‍ടി പതിപ്പിച്ച എനിക്ക് ഒരിക്കലും ലജ്ജിതനാകേണ്ടിവരികയില്ല. അവിടുത്തെ നീതിനിഷ്ഠമായ ശാസനകൾ പഠിക്കുമ്പോൾ, ഞാൻ നിഷ്കളങ്കഹൃദയത്തോടെ അവിടുത്തെ സ്തുതിക്കും. അവിടുത്തെ ചട്ടങ്ങൾ ഞാൻ അനുസരിക്കും. എന്നെ ഒരിക്കലും ഉപേക്ഷിക്കരുതേ! ഒരു യുവാവിന് എങ്ങനെ നിർമ്മലനായി ജീവിക്കാൻ കഴിയും? അവിടുത്തെ വചനപ്രകാരം ജീവിക്കുന്നതിനാൽ തന്നെ. ഞാൻ സർവാത്മനാ അങ്ങയെ അന്വേഷിക്കും. അവിടുത്തെ കല്പനകൾ വിട്ടുനടക്കാൻ എനിക്ക് ഇടയാകരുതേ. അങ്ങേക്കെതിരെ പാപം ചെയ്യാതിരിക്കാൻ, അവിടുത്തെ വചനം ഞാൻ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു. സർവേശ്വരാ, അങ്ങ് വാഴ്ത്തപ്പെടട്ടെ; അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. അവിടുന്നു നല്‌കിയ കല്പനകൾ, ഞാൻ പ്രഘോഷിക്കും. സമ്പൽസമൃദ്ധി ഉണ്ടായാലെന്നപോലെ, അവിടുത്തെ കല്പനകൾ അനുസരിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു. അവിടുത്തെ പ്രമാണങ്ങൾ ഞാൻ ധ്യാനിക്കും. അവിടുത്തെ വഴികളിൽ ഞാൻ ദൃഷ്‍ടിയൂന്നും. അവിടുത്തെ ചട്ടങ്ങളിൽ ഞാൻ ആനന്ദിക്കുന്നു. അവിടുത്തെ വചനം ഞാൻ വിസ്മരിക്കുകയില്ല. സർവേശ്വരാ, അവിടുത്തെ ദാസനോടു കൃപയുണ്ടാകണമേ. ഞാൻ ജീവിച്ചിരുന്നു അവിടുത്തെ വചനം അനുസരിക്കട്ടെ. അങ്ങയുടെ ധർമശാസ്ത്രത്തിലെ അദ്ഭുതസത്യങ്ങൾ കാണാൻ എന്റെ കണ്ണുകൾ തുറക്കണമേ. ഞാൻ ഭൂമിയിൽ പരദേശിയാണല്ലോ. അങ്ങയുടെ കല്പനകൾ എന്നിൽനിന്നു മറച്ചുവയ്‍ക്കരുതേ. അങ്ങയുടെ കല്പനകൾക്കുവേണ്ടിയുള്ള, അഭിവാഞ്ഛയാൽ എന്റെ മനസ്സു കത്തുന്നു. അങ്ങയുടെ കല്പനകൾ തെറ്റി നടക്കുന്ന ശപിക്കപ്പെട്ട അഹങ്കാരികളെ അങ്ങു ശാസിക്കുന്നു. അവർ എന്നെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യാതിരിക്കട്ടെ. ഞാൻ അങ്ങയുടെ കല്പനകൾ അനുസരിക്കുന്നുവല്ലോ. പ്രഭുക്കന്മാർ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു. എന്നാൽ അവിടുത്തെ ദാസൻ അങ്ങയുടെ ചട്ടങ്ങളെ ധ്യാനിക്കുന്നു. അവിടുത്തെ കല്പനകൾ എനിക്ക് ആനന്ദം നല്‌കുന്നു. അവയാണ് എന്റെ ഉപദേഷ്ടാക്കൾ. ഞാൻ മണ്ണിനോടു ചേരാറായിരിക്കുന്നു. അവിടുത്തെ വാഗ്ദാനപ്രകാരം എനിക്കു നവജീവൻ നല്‌കണമേ. എന്റെ അവസ്ഥ ഞാൻ വിവരിച്ചപ്പോൾ അവിടുന്ന് എനിക്ക് ഉത്തരമരുളി. അവിടുത്തെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. അവിടുത്തെ പ്രമാണങ്ങൾ നിർദ്ദേശിക്കുന്ന വഴി എനിക്കു കാണിച്ചുതരണമേ. ഞാൻ അവിടുത്തെ അദ്ഭുതപ്രവൃത്തികൾ ധ്യാനിക്കും. ദുഃഖത്താൽ എന്റെ മനം ഉരുകുന്നു. അവിടുത്തെ വാഗ്ദാനപ്രകാരം എന്നെ ശക്തീകരിക്കണമേ. ദുർമാർഗത്തിൽ നടക്കാൻ എനിക്ക് ഇടവരുത്തരുതേ; കാരുണ്യപൂർവം അവിടുത്തെ ധർമശാസ്ത്രം എന്നെ പഠിപ്പിക്കണമേ. സത്യത്തിന്റെ മാർഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു. അവിടുത്തെ കല്പനകളെക്കുറിച്ചു ഞാൻ എപ്പോഴും ബോധവാനാണ്. പരമനാഥാ, അവിടുത്തെ കല്പനകളോടു ഞാൻ പറ്റിച്ചേർന്നിരിക്കുന്നു. ലജ്ജിതനാകാൻ എനിക്ക് ഇടവരുത്തരുതേ. അവിടുന്ന് എനിക്കു കൂടുതൽ വിവേകം നല്‌കുമ്പോൾ, ഞാൻ ഉത്സാഹത്തോടെ അവിടുത്തെ കല്പനകളുടെ മാർഗത്തിൽ ചരിക്കും. സർവേശ്വരാ, അവിടുത്തെ ചട്ടങ്ങളുടെ വഴി എന്നെ പഠിപ്പിക്കണമേ. അന്ത്യത്തോളം ഞാൻ അവ പാലിക്കും. അങ്ങയുടെ ധർമശാസ്ത്രം പാലിക്കാനും പൂർണഹൃദയത്തോടെ അനുസരിക്കാനും എനിക്ക് അറിവു നല്‌കണമേ. അവിടുത്തെ കല്പനകളുടെ പാതയിലൂടെ എന്നെ നയിച്ചാലും. ഞാൻ അതിൽ ആനന്ദിക്കുന്നു. ധനലാഭത്തിലേക്കല്ല, അവിടുത്തെ കല്പനകളിലേക്ക്, എന്റെ ഹൃദയത്തെ തിരിക്കണമേ. വ്യർഥമായവയിൽനിന്ന് എന്റെ ശ്രദ്ധ മാറ്റണമേ. അവിടുത്തെ വഴികളിൽ നടക്കാൻ എനിക്കു നവജീവൻ നല്‌കിയാലും. അങ്ങയുടെ ഭക്തർക്കു നല്‌കിയ വാഗ്ദാനം, ഈ ദാസനു നിറവേറ്റിത്തരണമേ! ഞാൻ ഭയപ്പെടുന്ന അപമാനത്തിൽനിന്ന് എന്നെ രക്ഷിക്കണമേ. അവിടുത്തെ കല്പനകൾ ഉത്തമമാണല്ലോ. അവിടുത്തെ പ്രമാണങ്ങൾ പാലിക്കാൻ ഞാൻ അഭിവാഞ്ഛിക്കുന്നു. അവിടുത്തെ നീതിയാൽ എനിക്കു നവജീവൻ നല്‌കണമേ. ദൈവമേ, അവിടുത്തെ സുസ്ഥിരസ്നേഹം എന്റെമേൽ ചൊരിയണമേ. അവിടുത്തെ വാഗ്ദാനപ്രകാരം എന്നെ രക്ഷിക്കണമേ. അപ്പോൾ എന്നെ നിന്ദിക്കുന്നവരോടു മറുപടി പറയാൻ ഞാൻ പ്രാപ്തനാകും. അങ്ങയുടെ വചനത്തിലാണല്ലോ ഞാൻ ശരണപ്പെടുന്നത്. എല്ലായ്പോഴും സത്യം സംസാരിക്കാൻ എന്നെ സഹായിക്കണമേ. അവിടുത്തെ കല്പനകളിലാണല്ലോ ഞാൻ പ്രത്യാശ അർപ്പിച്ചിരിക്കുന്നത്. അവിടുത്തെ ധർമശാസ്ത്രം ഞാൻ ഇടവിടാതെ എന്നേക്കും പാലിക്കും. അവിടുത്തെ പ്രമാണങ്ങൾ അനുസരിക്കുന്നതുകൊണ്ടു ഞാൻ സ്വതന്ത്രനായി വ്യാപരിക്കും. ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും, അവിടുത്തെ കല്പനകൾ പ്രസ്താവിക്കും. ഞാൻ അവിടുത്തെ കല്പനകളിൽ ആനന്ദിക്കുന്നു. ഞാൻ അവയെ സ്നേഹിക്കുന്നു. ഞാൻ അവിടുത്തെ കല്പനകളെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. അങ്ങയുടെ ചട്ടങ്ങളെ ഞാൻ ധ്യാനിക്കും. സർവേശ്വരാ, അവിടുത്തെ ദാസനോടുള്ള വാഗ്ദാനം ഓർക്കണമേ, അവയാണല്ലോ എനിക്കു പ്രത്യാശ നല്‌കുന്നത്. അവിടുത്തെ വാഗ്ദാനം എനിക്കു നവജീവൻ നല്‌കുന്നു. അതാണ് എനിക്കു കഷ്ടതയിൽ ആശ്വാസം നല്‌കുന്നത്. അഹങ്കാരികൾ എന്നെ കഠിനമായി പരിഹസിക്കുന്നു. എങ്കിലും അവിടുത്തെ ധർമശാസ്ത്രത്തിൽ നിന്നു ഞാൻ വ്യതിചലിക്കുന്നില്ല. പണ്ടേയുള്ള അവിടുത്തെ കല്പനകൾ ഞാൻ ഓർക്കുന്നു. പരമനാഥാ, ഞാൻ അവയിൽ ആശ്വാസം കണ്ടെത്തുന്നു. ദുഷ്ടന്മാർ അവിടുത്തെ ധർമശാസ്ത്രം ഉപേക്ഷിക്കുന്നതു കാണുമ്പോൾ എന്നിൽ കോപം ജ്വലിക്കുന്നു. പരദേശിയായി ഞാൻ പാർക്കുന്നിടത്ത് അവിടുത്തെ ചട്ടങ്ങൾ എന്റെ കീർത്തനങ്ങളായിരിക്കുന്നു. സർവേശ്വരാ, രാത്രിയിൽ ഞാൻ അങ്ങയെ ധ്യാനിക്കുന്നു. അവിടുത്തെ ധർമശാസ്ത്രം ഞാൻ പാലിക്കുന്നു. അങ്ങയുടെ കല്പനകൾ അനുസരിക്കുക എന്ന അനുഗ്രഹം എനിക്ക് ലഭിച്ചു. സർവേശ്വരനാണ് എന്റെ ഓഹരി; അവിടുത്തെ കല്പനകൾ പാലിക്കുമെന്നു ഞാൻ പ്രതിജ്ഞ ചെയ്തു. പൂർണഹൃദയത്തോടെ ഞാൻ അവിടുത്തെ കൃപയ്‍ക്കായി യാചിക്കുന്നു. അവിടുത്തെ വാഗ്ദാനപ്രകാരം എന്നോടു കരുണയുണ്ടാകണമേ. ഞാൻ എന്റെ ജീവിതവഴികളെക്കുറിച്ചു ചിന്തിച്ചു, അങ്ങയുടെ കല്പനകളിലേക്കു ഞാൻ തിരിഞ്ഞു. അങ്ങയുടെ ആജ്ഞകൾ ഞാൻ അനുസരിക്കുന്നു. അവ പാലിക്കാൻ ഞാൻ അത്യന്തം ഉത്സാഹിക്കുന്നു. ദുഷ്ടരുടെ കെണിയിൽ ഞാൻ അകപ്പെട്ടുവെങ്കിലും, അങ്ങയുടെ ധർമശാസ്ത്രം ഞാൻ മറക്കുന്നില്ല. അങ്ങയുടെ നീതിപൂർവകമായ കല്പനകൾക്കുവേണ്ടി അങ്ങയെ സ്തുതിക്കാൻ അർധരാത്രിയിൽ ഞാൻ എഴുന്നേല്‌ക്കുന്നു. ഞാൻ അവിടുത്തെ സകല ഭക്തന്മാരുടെയും സ്നേഹിതനാകുന്നു. അവിടുത്തെ പ്രമാണങ്ങൾ അനുസരിക്കുന്നവരുടെ തന്നെ. പരമനാഥാ, ഭൂമി അവിടുത്തെ അചഞ്ചല സ്നേഹത്താൽ നിറഞ്ഞിരിക്കുന്നു. അവിടുത്തെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. സർവേശ്വരാ, അവിടുത്തെ വാഗ്ദാനപ്രകാരം അങ്ങ് ഈ ദാസനു നന്മ ചെയ്തിരിക്കുന്നു. എനിക്കുവേണ്ട വിവേകവും ജ്ഞാനവും നല്‌കണമേ. അവിടുത്തെ കല്പനകളിൽ ഞാൻ വിശ്വസിക്കുന്നുവല്ലോ. കഷ്ടതയിൽ അകപ്പെടുന്നതിനുമുമ്പ് ഞാൻ വഴിതെറ്റിപ്പോയിരുന്നു. ഇപ്പോൾ ഞാൻ അങ്ങയുടെ വചനം അനുസരിക്കുന്നു. അവിടുന്നു നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു. അവിടുത്തെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. അഹങ്കാരികൾ നുണ പറഞ്ഞു എന്നെ ദുഷിക്കുന്നു. ഞാൻ പൂർണഹൃദയത്തോടെ അവിടുത്തെ പ്രമാണങ്ങൾ പാലിക്കുന്നു. അവരുടെ ഹൃദയം മരവിച്ചിരിക്കുന്നു. എന്നാൽ ഞാൻ അവിടുത്തെ ധർമശാസ്ത്രത്തിൽ ആനന്ദിക്കുന്നു. കഷ്ടതകൾ വന്നത് എനിക്കു നന്മയായിത്തീർന്നു. അവിടുത്തെ ചട്ടങ്ങൾ പഠിക്കാൻ അതു കാരണമായിത്തീർന്നു. ആയിരമായിരം പൊൻവെള്ളി നാണയങ്ങളെക്കാൾ, അവിടുത്തെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന ധർമശാസ്ത്രം എനിക്കു വിലപ്പെട്ടത്. പരമനാഥാ, തൃക്കരങ്ങൾ എന്നെ സൃഷ്‍ടിച്ച്, രൂപപ്പെടുത്തി; അവിടുത്തെ കല്പനകൾ പഠിക്കാൻ എനിക്കു വിവേകം നല്‌കണമേ. അങ്ങയുടെ വാഗ്ദാനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നതുകൊണ്ട്, അങ്ങയുടെ ഭക്തന്മാർ എന്നെ കണ്ടു സന്തോഷിക്കും. പരമനാഥാ, അവിടുത്തെ വിധികൾ നീതിയുക്തമെന്നും, അങ്ങയുടെ വിശ്വസ്തതകൊണ്ടാണ് അവിടുന്നെന്നെ കഷ്ടപ്പെടുത്തിയതെന്നും ഞാനറിയുന്നു. അങ്ങയുടെ ദാസനോടുള്ള വാഗ്ദാനപ്രകാരം അവിടുത്തെ സുസ്ഥിരസ്നേഹത്താൽ എന്നെ ആശ്വസിപ്പിക്കണമേ. അവിടുത്തെ സുസ്ഥിരസ്നേഹം എന്റെമേൽ ചൊരിയണമേ. അങ്ങനെ ഞാൻ ജീവിക്കട്ടെ. അങ്ങയുടെ ധർമശാസ്ത്രത്തിൽ ഞാൻ ആനന്ദംകൊള്ളുന്നു. അഹങ്കാരികൾ ലജ്ജിതരാകട്ടെ. അവർ വഞ്ചനകൊണ്ട് എന്നെ തകിടം മറിച്ചു. എന്നാൽ ഞാൻ അവിടുത്തെ പ്രമാണങ്ങൾ ധ്യാനിക്കും. അങ്ങയുടെ ഭക്തന്മാരും അങ്ങയുടെ കല്പനകൾ അറിയുന്നവരും എന്നോടൊത്തുചേരട്ടെ. ഞാൻ പൂർണഹൃദയത്തോടെ അവിടുത്തെ ചട്ടങ്ങൾ അനുസരിക്കും. ഞാൻ ലജ്ജിതനാകാതിരിക്കട്ടെ. ഞാൻ രക്ഷയ്‍ക്കായി കാത്തിരുന്നു തളരുന്നു. ഞാൻ അങ്ങയുടെ വാഗ്ദാനത്തിൽ പ്രത്യാശ വയ്‍ക്കുന്നു. അവിടുന്നു വാഗ്ദാനം ചെയ്തതു ലഭിക്കാൻ കാത്തിരുന്ന് എന്റെ കണ്ണു കുഴയുന്നു. അങ്ങ് എപ്പോൾ എന്നെ ആശ്വസിപ്പിക്കും? പുകയേറ്റ തോൽക്കുടം പോലെയായി ഞാൻ. എങ്കിലും ഞാൻ അങ്ങയുടെ ചട്ടങ്ങൾ മറന്നിട്ടില്ല. എത്രനാൾ അവിടുത്തെ ദാസൻ സഹിച്ചു നില്‌ക്കണം? എന്നെ പീഡിപ്പിക്കുന്നവരെ എന്നാണ് അവിടുന്നു ശിക്ഷിക്കുക? അവിടുത്തെ ധർമശാസ്ത്രം അനുസരിക്കാത്ത അഹങ്കാരികൾ എന്നെ വീഴ്ത്താൻ കുഴി കുഴിച്ചിരിക്കുന്നു. അങ്ങയുടെ കല്പനകളെല്ലാം വിശ്വാസ്യമാകുന്നു. അവർ എന്നെ വ്യാജം പറഞ്ഞു ദ്രോഹിക്കുന്നു. എന്നെ സഹായിക്കണമേ. അവർ എന്റെ ഭൂലോകവാസം അവസാനിപ്പിക്കാറായി, എങ്കിലും അവിടുത്തെ പ്രമാണങ്ങൾ ഞാൻ പാലിക്കുന്നു. അങ്ങയുടെ സുസ്ഥിരസ്നേഹത്താൽ എന്റെ ജീവനെ രക്ഷിക്കണമേ. അങ്ങയുടെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന കല്പനകളെ ഞാൻ അനുസരിക്കട്ടെ.