YouVersion Logo
Search Icon

SAM 111

111
സർവേശ്വരന്റെ പ്രവൃത്തികൾ
1സർവേശ്വരനെ സ്തുതിക്കുവിൻ!
പൂർണഹൃദയത്തോടെ നീതിനിഷ്ഠരുടെ
ആരാധനാസഭയിൽ ഞാൻ സർവേശ്വരനു സ്തോത്രം അർപ്പിക്കും.
2സർവേശ്വരന്റെ പ്രവൃത്തികൾ എത്ര മഹത്തരം!
അതിൽ ആനന്ദിക്കുന്നവർ അവയെക്കുറിച്ചു ധ്യാനിക്കുന്നു.
3അവിടുത്തെ പ്രവൃത്തികൾ മഹത്തും തേജസ്സുറ്റതുമാണ്.
അവിടുത്തെ നീതി ശാശ്വതമത്രേ.
4തന്റെ അദ്ഭുതപ്രവൃത്തികൾ അവിടുന്നു സ്മരണീയമാക്കിയിരിക്കുന്നു.
അവിടുന്നു കൃപാലുവും കാരുണ്യവാനുമാകുന്നു.
5അവിടുന്നു തന്റെ ഭക്തന്മാർക്ക് ആഹാരം നല്‌കുന്നു.
അവിടുന്നു തന്റെ ഉടമ്പടി എപ്പോഴും ഓർക്കുന്നു.
6അന്യജനതകളുടെ ദേശം അവിടുന്നു സ്വജനത്തിനു നല്‌കി.
അവിടുന്നു തന്റെ ശക്തി അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു.
7അവിടുത്തെ പ്രവൃത്തികൾ വിശ്വസ്തവും നീതിയുക്തവുമാകുന്നു.
അവിടുത്തെ പ്രമാണങ്ങൾ വിശ്വാസയോഗ്യം തന്നെ.
8അവ എന്നേക്കും നിലനില്‌ക്കുന്നു.
സത്യസന്ധമായും വിശ്വസ്തമായും അവ അനുഷ്ഠിക്കപ്പെടേണ്ടതിനു തന്നെ.
9അവിടുന്നു തന്റെ ജനത്തെ വീണ്ടെടുത്തു.
അവിടുന്ന് അവരോടു ശാശ്വതമായ ഉടമ്പടി ചെയ്തു.
വിശുദ്ധവും ഭീതിദവുമാണ് അവിടുത്തെ നാമം.
10സർവേശ്വരനോടുള്ള ഭക്തിയാണ് ജ്ഞാനത്തിന്റെ ആരംഭം.
അതു പരിശീലിക്കുന്നവർ വിവേകികളാകും.
അവിടുന്ന് എന്നേക്കും പ്രകീർത്തിക്കപ്പെടും.

Currently Selected:

SAM 111: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in