YouVersion Logo
Search Icon

SAM 106

106
ദൈവത്തിന്റെ കാരുണ്യം
1സർവേശ്വരനെ സ്തുതിക്കുവിൻ.
സർവേശ്വരനു സ്തോത്രം അർപ്പിക്കുവിൻ.
അവിടുന്നു നല്ലവനല്ലോ!
അവിടുത്തെ സ്നേഹം ശാശ്വതമാകുന്നു.
2സർവേശ്വരന്റെ വീരകൃത്യങ്ങൾ വർണിക്കാൻ ആർക്കു കഴിയും.
അവിടുത്തെ മഹത്ത്വത്തെ പ്രകീർത്തിക്കാൻ ആർക്കു സാധിക്കും?
3ന്യായം പാലിക്കുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്നവൻ അനുഗൃഹീതൻ.
4സർവേശ്വരാ, സ്വജനത്തോടു കരുണ കാട്ടുമ്പോൾ എന്നെയും ഓർക്കണമേ.
അവരെ വിടുവിക്കുമ്പോൾ എന്നെയും കടാക്ഷിക്കണമേ.
5അങ്ങു തിരഞ്ഞെടുത്തവരുടെ ഐശ്വര്യം ഞാൻ കാണട്ടെ.
അവിടുത്തെ ജനതയുടെ സന്തോഷത്തിൽ ഞാൻ ആനന്ദിക്കട്ടെ.
അവിടുത്തെ അവകാശമായ ജനത്തോടൊപ്പം ഞാനും അഭിമാനംകൊള്ളട്ടെ.
6ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും പാപം ചെയ്തു;
ഞങ്ങൾ അധർമവും ദുഷ്ടതയും പ്രവർത്തിച്ചു.
7ഞങ്ങളുടെ പിതാക്കന്മാർ ഈജിപ്തിൽവച്ച്
അങ്ങയുടെ അദ്ഭുതപ്രവൃത്തികൾ ഗ്രഹിച്ചില്ല.
അവിടുത്തെ സ്നേഹത്തിന്റെ നിറവിനെ ഓർത്തതുമില്ല.
അവർ ചെങ്കടൽ തീരത്തുവച്ച് അത്യുന്നതനോടു മത്സരിച്ചു.
8എങ്കിലും അവിടുന്ന് അവരെ തന്റെ നാമത്തെപ്രതി രക്ഷിച്ചു.
അവിടുത്തെ മഹാശക്തി വെളിപ്പെടുത്താൻ വേണ്ടിത്തന്നെ.
9അങ്ങു ചെങ്കടലിനെ ശാസിച്ചു, അതു വരണ്ട നിലമായി,
മരുഭൂമിയിലൂടെ എന്നപോലെ ആഴിയിലൂടെ അവിടുന്ന് അവരെ നയിച്ചു.
10ശത്രുക്കളുടെ കൈയിൽനിന്ന് അവരെ രക്ഷിച്ചു.
വൈരികളുടെ പിടിയിൽനിന്ന് അവരെ വിടുവിച്ചു.
11അവരുടെ ശത്രുക്കളെ വെള്ളം മൂടിക്കളഞ്ഞു.
അവരിൽ ആരും ശേഷിച്ചില്ല.
12അപ്പോൾ അവർ അവിടുത്തെ വാക്കുകൾ വിശ്വസിച്ചു;
അവർ സ്തുതിഗീതം പാടി.
13എന്നാൽ, അവർ പെട്ടെന്ന് അവിടുത്തെ പ്രവൃത്തികൾ വിസ്മരിച്ചു.
അവിടുത്തെ ഉപദേശത്തിനായി കാത്തിരുന്നില്ല.
14മരുഭൂമിയിൽവച്ച് അവർക്കു ഭക്ഷണത്തോട് ആർത്തിയുണ്ടായി.
അവർ ദൈവത്തെ പരീക്ഷിച്ചു.
15അവർ ചോദിച്ചത് അവിടുന്ന് അവർക്കു നല്‌കി.
എന്നാൽ അവിടുന്ന് അവരുടെ ഇടയിലേക്ക് ഒരു മഹാരോഗം അയച്ചു.
16മരുഭൂമിയിൽ പാളയമടിച്ചിരുന്നപ്പോൾ,
അവർ മോശയോടും സർവേശ്വരന്റെ
വിശുദ്ധദാസനായ അഹരോനോടും അസൂയാലുക്കളായി.
17അപ്പോൾ ഭൂമി പിളർന്നു ദാഥാനെ വിഴുങ്ങി;
അബീരാമിന്റെ കൂട്ടത്തെ മൂടിക്കളഞ്ഞു.
18ദൈവം അവരുടെ അനുയായികളുടെ ഇടയിലേക്ക് അഗ്നി അയച്ചു.
അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.
19അവർ ഹോരേബിൽവച്ച് ഒരു കാളക്കുട്ടിയെ ഉണ്ടാക്കി.
വാർത്തുണ്ടാക്കിയ ആ വിഗ്രഹത്തെ ആരാധിച്ചു.
20ഇങ്ങനെ അവർ ദൈവത്തിനു നല്‌കേണ്ട മഹത്ത്വം പുല്ലു തിന്നുന്ന കാളയുടെ
വിഗ്രഹത്തിനു നല്‌കി.
21അവർ തങ്ങളുടെ രക്ഷകനായ ദൈവത്തെ മറന്നു.
ഈജിപ്തിൽ വൻകാര്യങ്ങൾ പ്രവർത്തിച്ച ദൈവത്തെതന്നെ.
22ഹാമിന്റെ ദേശത്ത്, അവിടുന്നു പ്രവർത്തിച്ച അദ്ഭുതങ്ങളും,
ചെങ്കടലിൽവച്ചു പ്രവർത്തിച്ച വിസ്മയജനകമായ പ്രവൃത്തികളും അവർ വിസ്മരിച്ചു.
23അവരെ നശിപ്പിക്കുമെന്നു ദൈവം അരുളിച്ചെയ്തപ്പോൾ,
അവിടുന്നു തിരഞ്ഞെടുത്ത മോശ ജനത്തിനു മറയായി തിരുമുമ്പിൽ നിന്നില്ലായിരുന്നെങ്കിൽ,
അവിടുത്തെ ക്രോധം അവരെ നിശ്ശേഷം നശിപ്പിക്കുമായിരുന്നു.
24അവർ മനോഹരമായ ദേശം നിരസിച്ചു.
അവർ ദൈവത്തിന്റെ വാഗ്ദാനം വിശ്വസിച്ചില്ലല്ലോ.
25അവർ തങ്ങളുടെ കൂടാരങ്ങളിലിരുന്നു പിറുപിറുത്തു.
സർവേശ്വരന്റെ സ്വരം ശ്രദ്ധിച്ചില്ല.
26-27അതുകൊണ്ടു മരുഭൂമിയിൽവച്ച് അവരെ നശിപ്പിക്കുമെന്നും,
അവരുടെ സന്തതികളെ അന്യജനതകളുടെയും രാജ്യങ്ങളുടെയും
ഇടയിൽ ചിതറിക്കുമെന്നും അവിടുന്നു കരമുയർത്തി സത്യം ചെയ്തു.
28അവർ പെയോരിൽ ബാൽദേവനെ ആരാധിച്ചു,
മരിച്ചവർക്ക് അർപ്പിച്ച വസ്തുക്കൾ ഭക്ഷിച്ചു.
29ഇങ്ങനെ അവർ തങ്ങളുടെ പ്രവൃത്തികളാൽ സർവേശ്വരനെ പ്രകോപിപ്പിച്ചു.
അവരുടെ ഇടയിൽ പകർച്ചവ്യാധി പടർന്നു പിടിച്ചു.
30അപ്പോൾ ഫീനെഹാസ് ഇടപെട്ടു കുറ്റക്കാരെ ശിക്ഷിച്ചു.
അതോടെ പകർച്ചവ്യാധി ശമിച്ചു.
31അദ്ദേഹത്തിന്റെ പ്രവൃത്തി നീതിയായി കണക്കാക്കപ്പെടുന്നു.
അത് അങ്ങനെതന്നെ എന്നേക്കും കരുതപ്പെടുന്നു.
32മെരീബാജലാശയത്തിനടുത്തുവച്ചും അവർ ദൈവത്തെ പ്രകോപിപ്പിച്ചു,
അവരുടെ പ്രവൃത്തികൾമൂലം മോശയ്‍ക്കും ദോഷമുണ്ടായി.
33അവർ മോശയെ വല്ലാതെ കോപിപ്പിച്ചതിനാൽ,
അദ്ദേഹം അവിവേകമായി സംസാരിച്ചു.
34സർവേശ്വരൻ കല്പിച്ചതുപോലെ,
അവർ അന്യജനതകളെ നിഗ്രഹിച്ചില്ല.
35അവർ അവരോട് ഇടകലർന്നു,
അവരുടെ ആചാരങ്ങൾ ശീലിച്ചു.
36അവരുടെ വിഗ്രഹങ്ങളെ പൂജിച്ചു.
അത് അവർക്കു കെണിയായിത്തീർന്നു.
37അവർ തങ്ങളുടെ പുത്രീപുത്രന്മാരെ വ്യാജദേവന്മാർക്കു ബലി കഴിച്ചു.
38അവർ നിഷ്കളങ്ക രക്തം ചൊരിഞ്ഞു,
തങ്ങളുടെ പുത്രീപുത്രന്മാരുടെ രക്തംതന്നെ.
കനാന്യവിഗ്രഹങ്ങൾക്ക് അവരെ ബലി കഴിച്ചു.
രക്തപാതകംകൊണ്ടു ദേശം അശുദ്ധമായി.
39സ്വന്തം പ്രവൃത്തികളാൽ അവർ മലിനരായിത്തീർന്നു.
അവർ തങ്ങളുടെ പ്രവൃത്തികളാൽ ദൈവത്തോട് അവിശ്വസ്തത കാണിച്ചു.
40സർവേശ്വരന്റെ കോപം സ്വജനത്തിനു നേരേ ജ്വലിച്ചു.
അവിടുന്നു തന്റെ അവകാശമായ ജനത്തെ വെറുത്തു.
41അവിടുന്ന് അന്യജനതകളുടെ കൈയിൽ അവരെ ഏല്പിച്ചു.
അവരുടെ വൈരികൾ അവരെ ഭരിച്ചു.
42അവരുടെ ശത്രുക്കൾ അവരെ പീഡിപ്പിച്ചു.
അവർ അവർക്കു പൂർണമായി കീഴടങ്ങി.
43പല തവണ സർവേശ്വരൻ അവരെ വിടുവിച്ചു.
എന്നിട്ടും, അവർ അവിടുത്തോടു മനഃപൂർവം മത്സരിച്ചു.
തങ്ങളുടെ അകൃത്യംനിമിത്തം അവർ അധഃപതിച്ചു.
44എന്നിട്ടും അവരുടെ നിലവിളി കേട്ട്
അവരുടെ കൊടിയ യാതന അവിടുന്നു ശ്രദ്ധിച്ചു.
45അവിടുത്തെ ഉടമ്പടി അവിടുന്ന് അനുസ്മരിച്ചു.
അവിടുത്തെ മഹാസ്നേഹത്താൽ അവരോടു മനസ്സലിഞ്ഞു.
46അവരെ ബദ്ധരാക്കിയവർക്കെല്ലാം അവരോടു കനിവു തോന്നാൻ അവിടുന്നിടയാക്കി.
47ഞങ്ങളുടെ ദൈവമായ സർവേശ്വരാ, ഞങ്ങളെ രക്ഷിച്ചാലും,
അങ്ങയുടെ വിശുദ്ധനാമത്തിനു സ്തോത്രം അർപ്പിക്കാനും,
അവിടുത്തെ പ്രകീർത്തിക്കുന്നതിൽ അഭിമാനം കൊള്ളാനും,
ജനതകളുടെ ഇടയിൽനിന്നു ഞങ്ങളെ മടക്കി വരുത്തണമേ.
48ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ;
എന്നേക്കും അവിടുന്നു പ്രകീർത്തിക്കപ്പെടട്ടെ;
സർവജനങ്ങളും ആമേൻ എന്നു പറയട്ടെ.
സർവേശ്വരനെ സ്തുതിക്കുവിൻ.

Currently Selected:

SAM 106: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in