YouVersion Logo
Search Icon

SAM 104:10-18

SAM 104:10-18 MALCLBSI

അങ്ങു നീർച്ചാലുകളെ താഴ്‌വരകളിലേക്ക് ഒഴുക്കുന്നു, അവ മലകൾക്കിടയിലൂടെ ഒഴുകുന്നു. കാട്ടുമൃഗങ്ങളെല്ലാം അവയിൽനിന്നു കുടിക്കുന്നു. കാട്ടുകഴുതകളും ദാഹം ശമിപ്പിക്കുന്നു. അവയുടെ തീരങ്ങളിലുള്ള വൃക്ഷങ്ങളിൽ പക്ഷികൾ പാർക്കുന്നു. മരച്ചില്ലകൾക്കിടയിലിരുന്നു അവ പാടുന്നു. അവിടുന്നു തന്റെ അത്യുന്നതമായ വാസസ്ഥലത്തുനിന്നു മഴ പെയ്യിച്ചു മലകളെ നനയ്‍ക്കുന്നു. അവിടുത്തെ പ്രവൃത്തികളുടെ ഫലമായി ഭൂമി തൃപ്തിയടയുന്നു. അവിടുന്നു കന്നുകാലികൾക്കു പുല്ലും, മനുഷ്യന് ആഹാരത്തിനുവേണ്ടി, വിവിധ സസ്യങ്ങളും മുളപ്പിക്കുന്നു. മനുഷ്യന്റെ സന്തോഷത്തിനു വീഞ്ഞും മുഖം മിനുക്കാൻ എണ്ണയും കരുത്തേകാൻ ഭക്ഷണവും അവിടുന്നു നല്‌കുന്നു. താൻ നട്ടുവളർത്തുന്ന ലെബാനോനിലെ, ദേവദാരുക്കൾക്ക് അവിടുന്ന് സമൃദ്ധമായ മഴ കൊടുക്കുന്നു. അവയിൽ പക്ഷികൾ കൂടു കെട്ടുന്നു, കൊക്കുകൾ അവയിൽ ചേക്കേറുന്നു. ഉയർന്ന മലകൾ കാട്ടാടുകളുടെ സങ്കേതം, പാറകളുടെ വിള്ളലുകൾ കുഴിമുയലുകളുടെ പാർപ്പിടം.

Video for SAM 104:10-18