SAM 103:1-12
SAM 103:1-12 MALCLBSI
എന്റെ ആത്മാവേ, സർവേശ്വരനെ വാഴ്ത്തുക! എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധ നാമത്തെ വാഴ്ത്തുക. എന്റെ ആത്മാവേ, സർവേശ്വരനെ വാഴ്ത്തുക! അവിടുന്നു ചെയ്ത നന്മകളൊന്നും മറക്കരുത്. അവിടുന്ന് എന്റെ എല്ലാ അകൃത്യങ്ങളും ക്ഷമിക്കുന്നു. എല്ലാ രോഗങ്ങളും സുഖപ്പെടുത്തുന്നു. അവിടുന്നു എന്റെ ജീവനെ മരണത്തിൽ നിന്നു വിടുവിക്കുന്നു. ശാശ്വതമായ സ്നേഹവും കരുണയുംകൊണ്ട് എന്നെ കിരീടമണിയിക്കുന്നു. എന്റെ യൗവനം കഴുകൻറേതുപോലെ പുതുക്കപ്പെടാൻ വേണ്ടി, ആയുഷ്കാലം മുഴുവൻ അവിടുന്നെന്നെ നന്മ കൊണ്ടു സംതൃപ്തനാക്കുന്നു. സർവേശ്വരൻ സകല പീഡിതർക്കും നീതിയും ന്യായവും നടത്തിക്കൊടുക്കുന്നു. അവിടുന്നു തന്റെ വഴികൾ മോശയ്‍ക്കും തന്റെ പ്രവൃത്തികൾ ഇസ്രായേൽജനത്തിനും വെളിപ്പെടുത്തി. സർവേശ്വരൻ കാരുണ്യവാനും കൃപാലുവും ആകുന്നു. അവിടുന്നു ക്ഷമിക്കുന്നവനും സ്നേഹസമ്പന്നനുമാണ്. അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല. കോപം മനസ്സിൽ വച്ചുകൊണ്ടിരിക്കുകയുമില്ല. നമ്മുടെ പാപങ്ങൾക്കൊത്തവിധം അവിടുന്നു നമ്മെ ശിക്ഷിക്കുന്നില്ല. നമ്മുടെ അകൃത്യങ്ങൾക്ക് അനുസൃതമായി പകരം ചെയ്യുന്നുമില്ല. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതു പോലെ, തന്റെ ഭക്തന്മാരോടുള്ള അവിടുത്തെ അചഞ്ചലസ്നേഹം ഉന്നതമായിരിക്കുന്നു. ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതു പോലെ, അവിടുന്നു നമ്മുടെ അപരാധങ്ങൾ അകറ്റിയിരിക്കുന്നു.