YouVersion Logo
Search Icon

THUFINGTE 8

8
ജ്ഞാനത്തെ പ്രകീർത്തിക്കുന്നു
1ജ്ഞാനം ഉച്ചത്തിൽ വിളിച്ചു പറയുന്നതു കേൾക്കുന്നില്ലേ?
വിവേകം ശബ്ദം ഉയർത്തുന്നതു നിങ്ങൾ ശ്രദ്ധിക്കുന്നില്ലേ?
2വഴിയരികിലുള്ള കുന്നുകളുടെ മുകളിലും
വീഥികളിലും അവൾ നില ഉറപ്പിക്കുന്നു.
3നഗരകവാടത്തിൽ വാതിലിനരികെ നിന്നുകൊണ്ട് അവൾ വിളിച്ചുപറയുന്നു:
4അല്ലയോ മനുഷ്യരേ, ഞാൻ നിങ്ങളോടു ഉദ്ഘോഷിക്കുന്നു;
ഞാൻ നിങ്ങളെ ആഹ്വാനം ചെയ്യുന്നു.
5അപക്വമതികളേ, വിവേകം തേടുവിൻ,
ഭോഷന്മാരേ, ജ്ഞാനം ഉൾക്കൊള്ളുവിൻ.
6ശ്രേഷ്ഠമായ കാര്യങ്ങൾ ഞാൻ പറയാൻ പോകുന്നു;
നേരായുള്ളതേ എന്റെ അധരങ്ങളിൽനിന്നു പുറപ്പെടൂ.
7ഞാൻ സത്യം സംസാരിക്കും;
ദുർഭാഷണം ഞാൻ വെറുക്കുന്നു.
8എന്റെ എല്ലാ വചനങ്ങളും നീതിയുക്തമാണ്.
അവയിൽ വളവും വക്രതയും ഇല്ല,
ഗ്രഹിക്കാൻ കെല്പുള്ളവന് അതു ഋജുവുമാണ്.
9അറിവു നേടുന്നവർക്ക് അതു നേരായത്.
10വെള്ളിക്കു പകരം പ്രബോധനവും
വിശിഷ്ടമായ സ്വർണത്തിനു പകരം ജ്ഞാനവും സ്വീകരിക്കൂ.
11ജ്ഞാനം രത്നത്തെക്കാൾ മികച്ചത്
നീ ആഗ്രഹിക്കുന്ന മറ്റെല്ലാത്തിനെക്കാളും അത് ശ്രേഷ്ഠവുമാണ്.
12ജ്ഞാനമാകുന്ന ഞാൻ വിവേകത്തിൽ വസിക്കുന്നു;
എന്നിൽ പരിജ്ഞാനവും വിവേചനാശക്തിയും ഉണ്ട്.
13ദൈവഭക്തി തിന്മയോടുള്ള വെറുപ്പാണ്;
അഹന്തയും ദുർമാർഗവും ദുർഭാഷണവും ഞാൻ വെറുക്കുന്നു.
14നല്ല ആലോചനയും ജ്ഞാനവും എന്നിലുണ്ട്;
എന്നിൽ ഉൾക്കാഴ്ചയും ശക്തിയുമുണ്ട്.
15ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു;
ഭരണാധിപന്മാർ നീതി നടത്തുന്നു.
16ഞാൻ മുഖേന പ്രഭുക്കന്മാർ ഭരിക്കുന്നു;
നാടുവാഴികൾ ആധിപത്യം പുലർത്തുന്നു.
17എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു;
ശ്രദ്ധയോടെ അന്വേഷിക്കുന്നവൻ എന്നെ കണ്ടെത്തുന്നു.
18ധനവും മാനവും അനശ്വരസമ്പത്തും ഐശ്വര്യവും എന്റെ പക്കലുണ്ട്.
19എന്നിൽനിന്നു ലഭിക്കുന്നത് പൊന്നിലും തങ്കത്തിലും മികച്ചത്.
എന്നിൽനിന്നുള്ള ആദായം മേൽത്തരം വെള്ളിയെക്കാൾ മേന്മയുള്ളത്.
20ഞാൻ നീതിയുടെ വഴിയിൽ,
ന്യായത്തിന്റെ പാതകളിൽ നടക്കുന്നു.
21എന്നെ സ്നേഹിക്കുന്നവരുടെ ഭണ്ഡാരം ഞാൻ നിറയ്‍ക്കുകയും
അവരെ സമ്പന്നരാക്കുകയും ചെയ്യുന്നു.
22സർവേശ്വരൻ സർവസൃഷ്‍ടികൾക്കും മുമ്പായി
സൃഷ്‍ടികളിൽ ആദ്യത്തേതായി എന്നെ സൃഷ്‍ടിച്ചു.
23യുഗങ്ങൾക്കു മുമ്പ്, ഭൂമിയുടെ ഉൽപത്തിക്കു മുമ്പുതന്നെ ഞാൻ സൃഷ്‍ടിക്കപ്പെട്ടു.
24ആഴികളോ ജലം നിറഞ്ഞ അരുവികളോ ഇല്ലാതിരിക്കേ എനിക്കു ജന്മം ലഭിച്ചു.
25ഗിരികളും കുന്നുകളും രൂപംകൊള്ളുന്നതിനു മുമ്പ് ഞാൻ സൃഷ്‍ടിക്കപ്പെട്ടു.
26അവിടുന്നു ഭൂമിയെയും ധൂമപടലങ്ങളെയും
വയലുകളെയും സൃഷ്‍ടിക്കുന്നതിനു മുമ്പായിരുന്നു അത്.
27അവിടുന്ന് ആകാശത്തെ സ്ഥാപിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു.
അവിടുന്ന് ആഴിയുടെ മീതെ ചക്രവാളം വരച്ചപ്പോഴും
28ഉയരത്തിൽ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും
ആഴിയിൽ ഉറവകൾ തുറന്നപ്പോഴും
29ജലം തന്റെ ആജ്ഞ ലംഘിക്കാതിരിക്കാൻ അവിടുന്ന് സമുദ്രത്തിന് അതിര് നിശ്ചയിച്ചപ്പോഴും
ഭൂമിക്ക് അടിസ്ഥാനം ഇട്ടപ്പോഴും
30ഒരു വിദഗ്ദ്ധശില്പിയെപ്പോലെ ഞാൻ അവിടുത്തെ സമീപത്തുണ്ടായിരുന്നു.
ഞാൻ അവിടുത്തേക്ക് ദിനംതോറും പ്രമോദം നല്‌കി;
ഞാൻ തിരുമുമ്പിൽ എപ്പോഴും ആനന്ദിച്ചിരുന്നു.
31സൃഷ്‍ടികൾ അധിവസിക്കുന്ന അവിടുത്തെ ലോകത്തിൽ ഞാൻ ആനന്ദിക്കുകയും
മനുഷ്യജാതിയിൽ സന്തോഷം കണ്ടെത്തുകയും ചെയ്തു.
32മക്കളേ, ഞാൻ പറയുന്നതു ശ്രദ്ധിക്കുക;
എന്റെ വഴികൾ അനുസരിക്കുന്നവർ ഭാഗ്യശാലികൾ.
33പ്രബോധനം കേട്ടു വിജ്ഞാനികളാകുവിൻ;
അതിനെ അവഗണിക്കരുത്.
34ദിവസേന എന്റെ പടിവാതില്‌ക്കൽ കാത്തുനിന്ന്
ശ്രദ്ധയോടെ എന്റെ വാക്കു കേൾക്കുന്നവൻ ധന്യനാകുന്നു.
35എന്നെ കണ്ടെത്തുന്നവൻ ജീവൻ കണ്ടെത്തുന്നുവല്ലോ,
അവനു സർവേശ്വരന്റെ പ്രീതി ലഭിക്കുന്നു.
36എന്നാൽ എന്നെ ഉപേക്ഷിക്കുന്നവൻ തനിക്കുതന്നെ ദ്രോഹം വരുത്തുന്നു.
എന്നെ ദ്വേഷിക്കുന്നവരെല്ലാം മരണത്തെ സ്നേഹിക്കുന്നു.

Currently Selected:

THUFINGTE 8: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy