THUFINGTE 4:10-27
THUFINGTE 4:10-27 MALCLBSI
മകനേ, എന്റെ വചനം കേട്ടു ഗ്രഹിക്കുക, എന്നാൽ നിനക്കു ദീർഘായുസ്സുണ്ടാകും. ജ്ഞാനത്തിന്റെ മാർഗം ഞാൻ നിന്നെ പഠിപ്പിച്ചു; നേർവഴിയിലൂടെ ഞാൻ നിന്നെ നയിച്ചു. നിന്റെ കാലടികൾക്ക് തടസ്സം നേരിടുകയില്ല, ഓടുമ്പോൾ നീ ഇടറിവീഴുകയുമില്ല. പ്രബോധനം മുറുകെപ്പിടിക്കുക, അതു കൈവിടരുത്; അതു കാത്തുസൂക്ഷിക്കുക; അതാണല്ലോ നിന്റെ ജീവൻ. ദുഷ്ടന്മാരുടെ പാതയിൽ പ്രവേശിക്കരുത്; ദുർജനത്തിന്റെ വഴിയിൽ നടക്കുകയുമരുത്. ആ മാർഗം പരിത്യജിക്കുക, അതിലൂടെ സഞ്ചരിക്കരുത്; അതിൽനിന്ന് അകന്നു മാറിപ്പോകുക. തിന്മ പ്രവർത്തിക്കാതെ ദുഷ്ടർക്ക് ഉറക്കം വരികയില്ല. ആരെയെങ്കിലും വീഴ്ത്താതെ നിദ്ര അവരെ സമീപിക്കുകയില്ല. കാരണം, ദുഷ്ടതയുടെ അപ്പം അവർ തിന്നുകയും അക്രമത്തിന്റെ വീഞ്ഞു കുടിക്കുകയും ചെയ്യുന്നു. എന്നാൽ നീതിമാന്മാരുടെ പാത അരുണോദയത്തിലെ പ്രകാശംപോലെയാണ്. അത് അനുനിമിഷം വർധിച്ചുകൊണ്ടിരിക്കുന്നു. ദുഷ്ടന്മാരുടെ വഴി കൂരിരുട്ടിനു സമം, എവിടെ തട്ടി വീഴുമെന്ന് അവർ അറിയുന്നില്ല. മകനേ, എന്റെ വചനങ്ങൾ ശ്രദ്ധിക്കുക, എന്റെ മൊഴികൾക്കു ചെവിതരിക. അവയിൽനിന്നു നീ വ്യതിചലിക്കരുത്; നിന്റെ ഹൃദയത്തിൽ അവയെ സൂക്ഷിക്കുക. അവയെ കണ്ടെത്തുന്നവന് അവ ജീവനും, അവന്റെ ദേഹത്തിന് അതു സൗഖ്യദായകവുമാകുന്നു. ജാഗ്രതയോടെ നിന്റെ ഹൃദയത്തെ കാത്തുകൊള്ളുക; അവിടെനിന്നാണല്ലോ ജീവന്റെ ഉറവ പുറപ്പെടുന്നത്. കപടഭാഷണം ഉപേക്ഷിക്കുക, വ്യാജസംസാരം അകറ്റി നിർത്തുക. നിന്റെ വീക്ഷണം നേരെയുള്ളതായിരിക്കട്ടെ, നിന്റെ നോട്ടം മുന്നോട്ടായിരിക്കട്ടെ. നിന്റെ ചുവടുകൾ ശ്രദ്ധയോടെ വയ്‍ക്കുക. നിന്റെ വഴികൾ സുരക്ഷിതമായിരിക്കും. ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത് തിന്മയിൽ കാൽ ഊന്നാതിരിക്കുക.